Advertisment

മുമ്പ് അപരാധി അല്ലാതിരുന്നിട്ടും മുന്‍ വിസി ഡോ. ജെ.വി വിളനിലത്തെ ക്രൂശിച്ച ചരിത്രം കേരളത്തിനുണ്ട്. വിളനിലം വിടവാങ്ങുമ്പോള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ പൊളിച്ചടുക്കേണ്ട അവസ്ഥയിലാണ്. രാഷ്ട്രീയക്കാര്‍ കയറിയിറങ്ങി സര്‍വ്വകലാശാലകള്‍ നശിപ്പിച്ചു - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

കേരളത്തിലെ സര്‍വകലാശാലകള്‍ ഒന്നു പൊളിച്ചടുക്കേണ്ട കാലം അതിക്രമിച്ചിട്ടേറെ നാളായി. രാഷ്ട്രിയക്കാര്‍ക്കു കയറി നിരങ്ങാനുള്ള ഒരു ഇടമായി അവ അധപതിച്ചിട്ട് ഏറെക്കാലമായി. കേരളയും കാലിക്കട്ടുമായിരുന്നു മുമ്പില്‍. നിയമനം മുതല്‍ ഏറാന്‍മൂളികളാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറല്ലെങ്കില്‍ തെറിവിളി മുതല്‍ ബ്ലാക്ക് മെയില്‍ വരെ.

പ്രതിക്കൂട്ടില്‍ സി.പി.എം തന്നെ. കാരണം തിരുവായ്ക്കെതിര്‍വാ ഇല്ല. കോണ്‍ഗ്രസായിരുന്നു ഭൂരിപക്ഷമെങ്കില്‍ ഗ്രൂപ്പുകളികള്‍ക്കിടെ നീതി കുറെയെങ്കിലും നടപ്പാകും. നീതിക്കുവേണ്ടിയല്ല ഗ്രൂപ്പിനു വേണ്ടിയാണെങ്കിലും.

ഗവര്‍ണര്‍ (ചാന്‍സിലര്‍) അദ്ദേഹം നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് അസാധാരണ ഗസറ്റായി ഇറക്കിയ പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണം. സര്‍വ്വകലാശാലകളെ രാഷ്ട്രിയ ഇടങ്ങളാക്കി മാറ്റിയതിന്‍റെ മറ്റൊരു രക്തസാക്ഷിയാണ് ഈയിടെ അന്തരിച്ച ഡോ. ജെ.വി വിളനിലം.


വിളനിലത്തെ വി.സിയാക്കിയത് യു.ഡി.എഫാണ്. കേരള സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വകുപ്പു മേധാവിയായി പണ്ഡിതനെന്നു പേരുകേട്ട വിളനിലം ഒരു മൂടുതാങ്ങിയായിരുന്നില്ല. എന്നാല്‍ നിഷേധിയുമല്ലായിരുന്നു.


വിളനിലം വി.സിയാകാന്‍ കൊടുത്ത ബയോഡേറ്റയില്‍ ഉള്‍പ്പെടുത്തപ്പെട്ട ഒരു ഡോക്ടറേറ്റിന് അംഗീകാരമില്ലായിരുന്നു എന്ന പ്രശ്നം പത്രപ്രവര്‍ത്തകന്‍ ജെ. രാജശേഖരന്‍ നായരുടെയും അഡ‍്വ. ലാലു ജോസഫിന്‍റെയും ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അഥവാ അല്ലെങ്കില്‍കൂടി വി.സി ആകാന്‍ യോഗ്യനായിരുന്നു വിളനിലം. പിന്നെന്തിന് അംഗീകാരമില്ലാത്ത ഈ കടലാസു ഡോക്ടറേറ്റുകൂടി അതില്‍ ഉള്‍പ്പെടുത്തി എന്നതിനുത്തരമില്ല. നോട്ടപ്പിശകായിരിക്കാം.

ഈ രേഖയുമായി രാജശേഖരനും ലാലുവും പല പത്ര ഓഫീസുകളിലും പോയെങ്കിലും ആരും പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഇ.കെ നായരായിരുന്നു പ്രതിപക്ഷ നേതാവ്. ഇരുവരും നായനാരെ കണ്ടു. സര്‍ക്കാരിനെതിരെ അടിക്കാന്‍ വടിനോക്കിയിരുന്ന നായനാര്‍ക്കിതു നന്നേ ബോധിച്ചു. നായനാര്‍ ഒരു കത്തിലൂടെ അന്വേഷണം ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ സമരവുമായി രംഗത്തിറങ്ങി. സെക്രട്ടറിയേറ്റിനു മുന്‍വശം ദിവസവും ലാത്തിച്ചാര്‍ജിന്‍റയും ടിയര്‍ ഗ്യാസ് പ്രയോഗത്തിന്‍റെയും തെരുവു യുദ്ധത്തിന്‍റെയും വേദിയായി. അന്ന് സമരമുഖത്തു നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നതായിരുന്നു എന്‍റെ രീതി. ചാനലുകള്‍ ഇല്ലാത്ത കാലമാണ്. വിളനിലം സര്‍വ്വകലാശാലാ ആസ്ഥാനത്തു വരാതെയായി. അതിനു ഞാനും ഒരു കാരണമായത് യാദൃശ്ചികം. സമരം തുടങ്ങും മുമ്പേ, നായനാരുടെ പ്രസ്താവന വന്ന ശേഷം വിശദമായ റിപ്പോര്‍ട്ട് ഞാന്‍ രേഖകള്‍ സഹിതം മംഗളം ദിനപത്രത്തിന്‍റെ ഒന്നാം പുറത്തു കൊടുത്തു. അതും പ്രശ്നത്തെ ആളിക്കത്തിക്കാനിടയാക്കി.

publive-image

വിളനിലം ഓഫീസിലെത്തിയാല്‍ സമരം. അതായിരുന്നു രീതി. വിളനിലം ഏറെക്കാലം വിട്ടിലിരുന്നു ഭരിച്ചു. ഒരു ദിവസം കോട്ടയത്തു നിന്ന് ഒരു നിര്‍ദ്ദേശം വന്നു. വിളനിലത്തിന്‍റെ അഭിമുഖം എടുക്കണം. കടിച്ച പാമ്പിനേക്കൊണ്ടു വിഷം എടുപ്പിക്കാനാണെന്ന് എനിക്കു മനസിലായി.

വളരെ മാന്യനായ വിളനിലത്തെ അന്നു ഞാന്‍ കണ്ടു. അദ്ദേഹത്തിന്‍റെ പാണ്ഡിത്യം അനുഭവിച്ചു. അഭിമുഖം ഒന്നാം പുറത്തു തന്നെ വന്നു. അതു വായിച്ച് ആവേശം കൊണ്ടു വിളനിലം ഓട്ടോ പിടിച്ച് സര്‍വ്വകലാശാലയിലെത്തി. അകത്ത് കയറിയതറിഞ്ഞു സമരക്കാരെത്തി അദ്ദേഹത്തെ പൂട്ടിയിട്ടു. മൊബൈല്‍ ഫോണില്ലാത്ത കാലം. വിളനിലം എന്‍റെ വീട്ടിലേക്കു വിളിച്ച് ഭാര്യയോടു പറഞ്ഞു "അജിത് ഉടന്‍ വരാന്‍ പറയണം. എന്നെ പൂട്ടിയിട്ടിരിക്കുകയാണ്."

വിവരമറിഞ്ഞ് സര്‍വ്വകലാശാലാ ആസ്ഥാനത്തേക്കു പാഞ്ഞ ഞാനും പോലീസും തമ്മില്‍ ബേക്കറി ജംഗ്ഷനില്‍ വച്ച് ഉരസലുണ്ടായി. എനിക്കു നാലു ചവിട്ടു കിട്ടിയതിലാണ് കലാശിച്ചത്. ഞാന്‍ റോഡില്‍ ഒറ്റക്കു കുത്തിയിരുന്നു. പതിയെ മറ്റ് പത്രക്കാരും. അന്ന് എന്‍റെ പിറകേ പ്ലക്കാര്‍ഡുകളുമായി എസ്.എഫ്.ഐക്കാരും.

ഇ.കെ നായനാരും ഉപനേതാവ് ടി.കെ രാമകൃഷ്ണനും സമരമുഖത്തെത്തി. എന്നെ കണ്ടപ്പോള്‍ നായനാര്‍ സ്വതസിദ്ധ ശൈലിയില്‍ പറഞ്ഞു: "നിനക്കു രണ്ടെണ്ണം കൊള്ളണമായിരുന്നു. നീ ഇന്നലെയും എനിക്കെതിരെ എഴുതിയില്ലേ ?" പത്രക്കാരനെ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധ പ്രസംഗം നടത്തി അദ്ദേഹം മടങ്ങി.

വി.ആര്‍ രാജീവനായിരുന്നു കമ്മീഷണര്‍. അന്ന് രാജീവന്‍റെ കാറില്‍ കണ്‍ടോണ്‍മെന്‍റ് സ്റ്റേഷനിലെത്തി നിരന്നു നിന്ന പോലീസുകാരുടെ മുമ്പില്‍ തിരിച്ചറിയല്‍ പരേഡിനു നിന്നു. ചൂണ്ടിക്കാട്ടിയവരെയൊക്കെ ഉടന്‍ സസ്പെന്‍റു ചെയ്തു. അത് കമ്മീഷണര്‍ സമര മുഖത്തു വന്നു പറഞ്ഞശേഷമാണ് പത്രക്കാര്‍ എഴുന്നേറ്റത്.

അതിനു നേര്‍ദ്ദേശം നല്‍കിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ്. (പിറ്റേ ദിവസം രാവിലെ ലഭിച്ച ആദ്യ കോള്‍ കരുണാകരന്‍റേതായിരുന്നു. സംസാരത്തിനൊടുവില്‍ ഖേദം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്‍റെ മഹത്വം.)

സസ്പെന്‍റു ചെയ്യപ്പെട്ട പോലീസുകാര്‍ക്കെതിരെ പരാതിയില്ലന്നെഴുതിക്കൊടുത്തു തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചതും ഞാന്‍. അതൊരു സമരമുഖത്തെ സംഘര്‍ഷമായാണു ഞാനും കണ്ടത്.

പിന്നിട് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ.ജി. അടിയോടി, ഡോ. വിളനിലം എന്നിവര്‍ക്കൊപ്പം ലണ്ടനില്‍ പോകാനും ഒന്നിച്ചു താമസിക്കാനും (സര്‍വ്വകലാശാല - സര്‍ക്കാര്‍ ചെലവിലല്ല ഞാന്‍ പോയത്) കഴിഞ്ഞത് മറ്റൊരു അനുഭവം. അന്നു കൂടുതല്‍ വിളനിലത്തെ അടുത്തറിയാന്‍ കഴിഞ്ഞു.

അങ്ങിനെ ക്രൂശിക്കപ്പെടേണ്ടവനായിരുന്നില്ല വിളനിലം എന്ന സത്യം അവശേഷിക്കുന്നു.

Advertisment