Advertisment

അടുക്കളകളിലെ 'കോമാളി' എങ്ങനെ സ്ത്രീ വിമോചകനായി ? 100 ൽ തൊട്ട വി എസിൽ കമ്മ്യൂണിസ്റ്റുകാരുടെ ഒരു കേരളമോഡൽ പകയുടെ കഥയുണ്ട്. അതദ്ദേഹത്തിൻ്റെ വിജയകഥയായതെങ്ങനെ ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

നൂറിലെത്തിയ വി.എസ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ സാമൂഹിക സംഭാവനകളെ വിലയിരുത്താന്‍ തുനിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടതും വായിച്ചതും ആവര്‍ത്തിക്കുന്നതിലും അര്‍ത്ഥമില്ല. അതുകൊണ്ട് തികച്ചും വ്യക്തിപരമായ ഒരു കുറിപ്പിലേക്കൊതുങ്ങുകയാണ്.

ഒരു കാലത്ത് വി.എസ് ടെലിവിഷനില്‍ വന്നാല്‍ സ്ത്രീകള്‍ സെറ്റ് ഓഫ് ചെയ്യുമായിരുന്നു. നീട്ടിയും കുറുക്കിയും കൈകള്‍ ഉയര്‍ത്തിയും മുന്നോട്ടെറിഞ്ഞും ഗോഷ്ഠികള്‍ കാണിച്ചുള്ള പ്രസംഗം. ചാട്ടുളിപോലുള്ള നാടന്‍ പ്രയോഗങ്ങള്‍.

ഈ വി.എസ് എങ്ങനെ കേരള സ്ത്രീത്വത്തിന്‍റെ വിമോചകനും അവരുടെ വിശ്വസ്തനായ സംരക്ഷകനുമായി മാറി ? എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം. അന്നൊക്കെ മിമിക്രിക്കാരുടെ ഇഷ്ട വിഭവമായിരുന്നു വി.എസ്. ഒടുവില്‍ അദ്ദേഹത്തെ എല്ലാ കുറവുകളോടെയും കേരളം ഏറ്റെടുത്തു എന്നുവേണം കരുതാന്‍.

കമ്മ്യൂണിസ്റ്റുകാരനും വളര്‍ന്നപ്പോള്‍ മാര്‍ക്സിസ്റ്റുകാരനുമായിരുന്നു എന്‍റെ എച്ഛന്‍ ജി. രാഘവന്‍ പിള്ള. മാവേലിക്കര താലൂക്കില്‍ 1964 -ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ താലൂക്കു കോണ്‍ഫ്രന്‍സ് നടത്താന്‍ ആരും സ്ഥലം നല്‍കിയില്ല. അങ്ങിനെ എന്‍റെ വീടിന്‍റെ മുറ്റത്ത് പന്തലിട്ടാണതു നടത്തിയത്. അന്ന് വള്ളി നിക്കറിട്ട് വി. എസിന്‍റെയും കെ.ആര്‍ ഗൗരിയമ്മയുടെയും പി.കെ കുഞ്ഞച്ചന്‍റെയും ഒക്കെ മടിയില്‍ കയറി 'എന്‍റെ വീടെന്ന' അഹങ്കാരത്തോടെ ഇരുന്നതിലാണ് ഓര്‍മ്മ ആരംഭിക്കുന്നത്.

അച്ഛനോടൊപ്പം അടിയന്തിരാവസ്ഥയില്‍ കുറച്ചു നാള്‍ ഒളിവിലിരിക്കേണ്ടി വന്ന പ്രീഡിഗ്രിക്കാലവും ഓര്‍മ്മയിലുണ്ട്. പക്ഷേ അതില്‍ വി.എസില്ല. അദ്ദേഹം അകത്തായിരുന്നല്ലോ.

പത്രപ്രവര്‍ത്തകനായി തിരുവനന്തപുരത്തെത്തിയ ശേഷവും എന്‍റെ പൂര്‍വ്വശ്രമം ആര്‍ക്കും മുമ്പില്‍ തുറന്നില്ല. സി.പി.എം ബിറ്റ് എനിക്കായിരുന്നു. പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വരെ അന്നു ചോര്‍ത്തി വാര്‍ത്തയാക്കുമായിരുന്നു.

അതിന്‍റെ ഉറവിടം അന്വേഷിക്കാന്‍ ഇ.എം.എസ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ അയച്ചതും എന്‍റെ സോഴ്സിനെ കൈക്കലാക്കാന്‍ വന്ന ആനന്ദ് ബസാര്‍ പത്രികയുടെ ലേഖകനെ (അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ) ഈര്‍ഷ്യയോടെ നോക്കിയതുമൊക്കെ കുറച്ചു നാള്‍ മുമ്പ് 'ജനശക്തി'യില്‍ ഞാനെഴുതിയിരുന്നു.

വി.എസ് - സി.ഐ.ടി.യു ഗ്രൂപ്പ് പോര് കൊടുമ്പിരികൊണ്ട കാലം. എനിക്കെതിരെ 9 മാനനഷ്ടക്കേസുകള്‍ വി.എസ് കൊടുത്തു. അന്തരിച്ച ചെറുന്നിയൂര്‍ ശശിധരന്‍ നായരായിരുന്നു വി.എസിന്‍റെ വക്കീല്‍. കോടതിയില്‍ ഹാജരായി വശംകെടുമല്ലോ എന്നു ചിന്തിച്ചു കുഴഞ്ഞ ഞാന്‍ ചെറുന്നിയൂരിനോടുതന്നെ ഒരു പ്രതിവിധി ചോദിച്ചു. വാല്‍സല്യത്തോടെ അദ്ദേഹം പറഞ്ഞു. "കുറച്ചു ഖേദങ്ങള്‍ പ്രകടിപ്പിക്കേണ്ടി വരും"

എല്ലാ ഖേദവും കൂടി ഒരു അറിയിപ്പിലൊതുക്കി ഒന്നാം പുറത്ത് നല്‍കി 10 കോപ്പി മാത്രം അടിച്ച് വി.എസിന്‍റെ വീട്ടിലും എ.കെ.ജി സെന്‍ററിലും ചെറുന്നിയൂരിന്‍റെ പക്കലും എത്തിച്ചതും ഞാന്‍ തന്നെ. എന്തായാലും വി.എസ് പിന്‍മാറി. എന്‍റെ ഈ കുസൃതികള്‍ അറിഞ്ഞിരുന്നോ എന്തോ !

ഒരിക്കല്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്‍റെ പ്രസംഗം നിയമസഭാ രേഖയില്‍ നിന്നു സ്പീക്കര്‍ നീക്കം ചെയ്തു. നീക്കം ചെയ്താല്‍ പിന്നെ പത്രത്തില്‍ കൊടുക്കാന്‍ പാടില്ല. അതാണു കീഴ്വഴക്കം. ഒന്നാംതരം രാഷ്ട്രീയ പ്രസംഗം. ദീര്‍ഘമേറിയത്.

പിറ്റെ ദിവസത്തെ 'മംഗള'മിറങ്ങിയത് പ്രസംഗത്തിന്‍റെ പൂര്‍ണ രൂപവുമായി. ആദ്യ കോള്‍ വി.എസിന്‍റേതായിരുന്നു. നന്ദി പറയാന്‍. ഇക്കാര്യം കോട്ടയത്ത് എം.സി വര്‍ഗീസ് സ്മാരക പ്രഭാഷണത്തിനെത്തിയ വി.എസ് പ്രസംഗത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു.

റിബലുകളോടായിരിക്കും പത്രക്കാര്‍ക്കിഷ്ടം. മുഖ്യമന്ത്രിയായിരുന്നപ്പോഴും വി.എസ് റിബലായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെയും സ്ത്രീ ശാക്തീകരണത്തിന്‍റെയും വക്താവായി വി.എസ് മാറിയത് അദ്ദേഹം പോലും അറിയാതെയായിരുന്നു.

പാര്‍ട്ടിയില്‍ അച്ചടക്കത്തിന്‍റെ ആശാനായിരുന്ന അദ്ദേഹം അച്ചടക്കങ്ങള്‍ ലംഘിക്കുകയും പിണറായി വിഭാഗത്തെ വെല്ലുവിളിച്ചു നടത്തുകയും ചെയ്ത നീക്കങ്ങള്‍ ചരിത്രം എങ്ങനെയായിരിക്കും വിലയിരുത്തുക ? അറിയില്ല. ഒരു കാര്യമുണ്ട്.


അതൊക്കെ ചെയ്യാനും എതിര്‍ വെല്ലുവിളികളെ അതിജീവിക്കാനും അദ്ദേഹത്തിനു കഴിഞ്ഞത് ജനപിന്തുണ ഒന്നുകൊണ്ടു മാത്രമായിരുന്നു. വി.എസ് വരുന്നു എന്നു കേട്ടാല്‍ മതി ജനം ഒഴുകിയെത്തും. മറ്റാരാണെങ്കിലും ഒഴുക്കേണ്ടിവരും ജനത്തെ.


വി.എസിന്‍റെ കരുതലിനെക്കുറിച്ച് സി.പി ജോണ്‍ പറഞ്ഞ ഒരു സംഭവം: ജോണ്‍ അന്ന് എസ്.എഫ്.ഐ നേതാവ്. വയനാട്ടില്‍ വിദ്യാര്‍ത്ഥിസമര പരമ്പര. പോലീസുമായി ഏറ്റുമുട്ടല്‍. അടുത്ത ദിവസം സംഘട്ടനമുണ്ടായാല്‍ വെടിവെക്കാനായിരുന്നു പോലീസ് തീരുമാനം. അത് വി.എസ് മണത്തറിഞ്ഞു.

എങ്ങിനെയും രക്തസാക്ഷികള്‍ ആ സമരത്തിലുണ്ടാകരുതെന്നായിരുന്നു വി.എസിന്‍റെ ലക്ഷ്യം. വി.എസ് വിവരമറിഞ്ഞപ്പോള്‍ രാത്രി ട്രങ്കു കോള്‍ ബുക്കുചെയ്തു ഫോണിന്‍റെ മുമ്പിലിരുന്നു. കിട്ടിയപ്പോള്‍ വെളുപ്പാന്‍കാലം. ഒരു കാരണവശാലും വെടിവയ്പ്പുണ്ടാക്കരുത്. ഇതായിരുന്നു വി.എസിന്‍റെ കര്‍ശന നിര്‍ദ്ദേശം. ഒരു വിദ്യാര്‍ത്ഥിയെ കൂടി നഷ്ടപ്പെടാന്‍ നമുക്കാവില്ല. ഇതായിരുന്നു ആ കരുതല്‍.


പക എന്നും കമ്മ്യൂണിസ്റ്റുകാരന്‍റെ കൂടപ്പിറപ്പായിരുന്നു. ലോക കമ്മ്യൂണിസ്റ്റ് പകകള്‍ ഒരു പുസ്തകത്തില്‍ തന്നെ ഒതുക്കിയെടുക്കുക ദുഷ്ക്കരം. കേരള 'പക'യെടുക്കാം. സി.ഐ.ടി.യു ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കുന്നതില്‍ വിജയിച്ച വി.എസിനൊപ്പമായിരുന്നു അന്ന് പിണറായി, കൊടിയേരി, എം.എ ബേബി തുടങ്ങിയവരൊക്കെ.


അപ്പുറത്ത് സാക്ഷാല്‍ ഇ.എം.എസ്, ഇ. ബാലാനന്ദന്‍, സുശീല ഗോപാലന്‍, കെ.എന്‍ രവീന്ദ്രനാഥ്, എം.എം ലോറന്‍സ് തുടങ്ങിയ മഹാരഥന്‍മാര്‍.

പാലക്കാട് സി.പി.എം സമ്മേളന കഥകള്‍ ചോര്‍ത്തിഎനിക്കു തരാന്‍ എത്തിയ നേതാവിന്‍റെ കണ്ണില്‍ പെടാതിരിക്കാന്‍ എന്‍റെ മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ബി.എസ് പ്രസന്നനെ കട്ടിലിനടിയിലാക്കിയതും ഓര്‍മ്മ. മണിക്കൂറുകള്‍ ശ്വാസം അടക്കിപ്പിടിച്ചു കിടന്ന പ്രസന്നന്‍ കരുത്തു തെളിയിച്ചു.


കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ ഇ.എം.എസിനെ വി.എസ് പുറത്താക്കിയേനെ എന്നത് അന്നു പ്രചരിച്ച ഒരു സിദ്ധാന്തം. 1996 ല്‍ മാരാരിക്കുളത്ത് തോല്‍പ്പിച്ച് മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ കലിയായിരുന്നു വി.എസിന്.


താന്‍ സംസ്ഥാന സെക്രട്ടറിയാക്കിയ പിണറായി എതിരായപ്പോള്‍ വി.എസ് നേരേ തിരിഞ്ഞു. ജില്ലാ കമ്മറ്റികള്‍ ഒന്നൊന്നായി പിണറായി കീഴ്പ്പെടുത്തിയപ്പോള്‍ പൊതുബോധത്തെ തന്‍റെ ശക്തിയാക്കി മാറ്റുക എന്ന കമ്മ്യൂണിസ്റ്റ് ഇതര ശൈലി അദ്ദേഹം സ്വായത്തമാക്കി.

അതുകൊണ്ടാണല്ലോ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ തെരഞ്ഞെടുപ്പിലും വയോധികനായ വി.എസിനെ മല്‍സരിപ്പിച്ചതും ജയിച്ചാല്‍ മുഖ്യമന്ത്രിയായേക്കുമെന്ന പ്രതീതി സൃഷ്ടിച്ചതും.

വി.എസിന്‍റെ പക പിന്നീട് പിണറായിയിലേക്കു പകര്‍ന്നു എന്നു മാത്രം. ഒടുവില്‍ കമ്മ്യൂണിസ്റ്റ് കുടത്തില്‍ ഒതുങ്ങാത്ത മാന്ത്രിക ശക്തിയായി വി.എസ് വളര്‍ന്നത് പഠനവിധേയമാക്കേണ്ട ചരിത്ര ഗതി.

Advertisment