Advertisment

വിസിയെ അങ്ങോട്ടുപോയി കാണുന്ന മുഖ്യമന്ത്രി (ഇ.എം.എസ്) മാരുണ്ടായിരുന്ന നാടാണിത്. ആ കസേരയിലിരിക്കുന്ന പുംഗവന്‍മാരാണിപ്പോള്‍ ഹൈക്കോടതിയുടെ തിണ്ണ നിരങ്ങുന്നത്. ആത്മാഭിമാനമുള്ളവരാരും ആ കസേരയിലിരുപ്പില്ലേ ? ഇനി ഗവര്‍ണര്‍ തീരുമാനിക്കും വരെ കാത്തിരിക്കും അവര്‍. അതു കഴിഞ്ഞോ ? - 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിയമത്തിന്‍റെ നൂലാമാലകളില്‍ കിടന്ന് കുഴയട്ടെ. അവര്‍ പോരടിക്കട്ടെ. നമുക്കു ഗാലറികളില്‍ ഇരുന്നു കളി കാണാം. ആരാന്‍റമ്മക്കു ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ എന്തു രസമാണെന്നോ. ആരിഫും വിജയനും തമ്മിലുള്ള പോര് ഏറ്റുമുട്ടലിലേക്കു നീങ്ങട്ടെ. രക്തം ചിന്തട്ടെ. ആരാണു ശക്തനെന്നപ്പോളറിയാമല്ലോ. അതാണ് രസം.

പക്ഷേ പാവം വൈസ് ചാന്‍സിലര്‍മാരെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സഹതാപം. തിരുവിതാംകൂര്‍ മഹാരാജാവ് ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനെ കൊണ്ടിരുത്താന്‍ ആഗ്രഹിച്ച, ശ്രമിച്ച കസേരയാണ്. അവിടെയാണ് ഇംഗ്ലീഷ് അക്ഷരതെറ്റില്ലാതെ എഴുതാനറിയാത്ത പിള്ള കയറി ഇരിക്കുന്നത്. അത് ടെന്‍ഷന്‍റെ മേല്‍ കെട്ടിവച്ച് തലയൂരി. അതു നല്ലകാര്യം.

ഗവര്‍ണറുടെ (ചാന്‍സിലറുടെ) ആരോപണം വി.സി നിയമനങ്ങള്‍ രാഷ്ട്രീയപരമായിരുന്നു എന്നാണ്. യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചത്രെ. എന്തായാലും നിയമനാധികാരി ചാന്‍സിലര്‍ തന്നെ. അദ്ദേഹമാണ് കാരണമെന്തായാലും ഇറങ്ങിപ്പോകൂ എന്ന് വി.സിമാരോട് കല്‍പ്പിച്ചത്. എന്നിട്ടൊരു വി.സി പോലും രാജിവച്ചില്ല. ആത്മാഭിമാനമുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ രാജിക്കത്തെഴുതി വച്ച് സ്ഥലം വിട്ടേനേ.

സര്‍ക്കാര്‍ പറഞ്ഞു രാജിവക്കേണ്ടന്ന്. അതിനാല്‍ രാജി വച്ചില്ല. ഉടമ പറഞ്ഞാല്‍ രാജിക്കത്ത് മുഖത്ത് വലിച്ചെറിഞ്ഞു ഇറങ്ങിപ്പോരുന്നവരുടെ നാടാണിത്. അവിടെയാണ് ഈ വി.സിമാര്‍ കസേരയില്‍ കടിച്ചുതൂങ്ങി കിടക്കുന്നത്. ഇവര്‍ക്കൊന്നും വേറെ പണി കിട്ടില്ലേ എന്നു ചിന്തിക്കുന്നവരെ കുറ്റം പറയരുത്. രാജി നല്‍കാത്തതിലൂടെ ഒരു കാര്യം ഉറപ്പിച്ചു. ആശാന്‍മാരെല്ലാം കസേരയില്‍ കയറിപ്പറ്റിയത് രാഷ്ട്രീയപരിഗണന വച്ചു തന്നെ. അല്ലെങ്കില്‍ ബന്ധുത്വം. അഥവാ പ്രാദേശികം.

എന്നിട്ടിപ്പോള്‍ കടിച്ചു തൂങ്ങാന്‍ ഹൈക്കോടതിയുടെ തിണ്ണ നിരങ്ങുകയാണ്. ദേവന്‍ രാമചന്ദ്രനാണ് ജഡ്ജി. ആണത്തവും ആഭിജാത്യവുമുള്ള ആളാണ്. വിധി വന്നുകഴിഞ്ഞു. ഗവര്‍ണര്‍ (ചാന്‍സലര്‍) വിസിമാരെ കേള്‍ക്കണം. എന്നിട്ടുവേണം തീരുമാനം. അതുവരെ വിസിമാര്‍ തുടരട്ടെ. എന്തായാലും കസേരയില്‍ കടിച്ചു തൂങ്ങി കിടക്കുന്നവര്‍ എന്ന സല്‍പേര് ഇവര്‍ക്ക് നിലനില്‍ക്കും.


അതിനിടെയാണ് എസ്.എഫ്.ഐക്കാരുടെ ശംഖൊലി. പുതിയ വിസിയെ നിയമിച്ചാല്‍ അകത്ത് കയറ്റില്ലത്രെ. ഇങ്ങനെ ഒരു സംഘടന ചത്തു മലച്ചിട്ടെത്ര നാളായി ? സി.പി.എം ഭരണത്തിലേറിയാല്‍ ചാകും. കോണ്‍ഗ്രസ് വന്നാല്‍ ഉണരും. അങ്ങിനെയുള്ള ഒരു പ്രത്യേക ജീവിയാണ് എസ്.എഫ്.ഐ.


ഈ തരത്തില്‍ കരയിലും കടലിലും ജീവിക്കുന്ന മറ്റൊരു സംഘടന എസ്.എന്‍.ഡി.പിയാണ്. ഏതു ജാതിക്കാരനും അംഗമാകാമെന്നാണു ഭരണഘടനയില്‍. പക്ഷേ ഈഴവനേ ഭാരവാഹിയാകൂ. അങ്ങിനെ ഭരണഘടനയിലില്ല. നിര്‍ബന്ധമില്ലന്നര്‍ത്ഥം.

അത്തസുള്ളവരായിരിക്കേണ്ട വി.സിമാര്‍. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ രാജി കത്ത് വലിച്ചെറിഞ്ഞു മുഖത്തു നോക്കി നാലു വാചകം പറഞ്ഞിട്ടിറങ്ങിപ്പോരണം. അതാണ് വി.സിമാരില്‍ നിന്നു പൊതുജനം പ്രതീക്ഷിക്കുന്നത്.

അതാകണം വിസി. വി.സിയെ അങ്ങോട്ടു ചെന്നു കാണുന്ന മുഖ്യമന്ത്രി (ഇ.എം.എസ്) മാരുണ്ടായിരുന്ന നാടാണിത്. അങ്ങിനെയുള്ള കസേരയിലിരുന്ന പുംഗവന്‍മാരാണിപ്പോള്‍ ഹൈക്കോടതിയുടെ തിണ്ണ നിരങ്ങുന്നത്. ആണത്തമുള്ള ഒരാളെങ്കിലും ഇല്ലാതെപോയല്ലോ. മഹാ കഷ്ടം !

Advertisment