Advertisment

ടാഗോറിനെക്കുറിച്ച് പ്രസംഗിച്ച് ഐഎഎസ് നേടി, മദര്‍ തെരേസയെ ആരാധിച്ച ആനന്ദബോസിപ്പോള്‍ ബംഗാള്‍ ഗവര്‍ണര്‍. ഗുജറാത്തിന് പാര്‍പ്പിട പദ്ധതിയൊരുക്കി മോഡിയുടെ മനസിലിടം നേടി. പിന്നീട് മോഡി പ്രധാനമന്ത്രിയായപ്പോള്‍ വിശ്വസ്തനായി. ബോസിനെ ബിജെപിയാക്കുന്നതില്‍ കണ്ണന്താനത്തിനുമുണ്ട് പങ്ക്. പക്ഷേ കെ കരുണാകരനു ശേഷം കേരളം എക്കാലവും ബോസിനെ അവഗണിച്ചു; മാറ്റിനിര്‍ത്തി. ആ നന്ദികേടിന് ക്ഷമ ചോദിക്കാം, ഈ വൈകിയ വേളയിലെങ്കിലും - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

സി.വി ആനന്ദബോസിനോട് കേരളം ഇത്രയേറെ നന്ദികേട് കാട്ടിയതെന്തിനാണ് ? എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുമ്പോള്‍ മലയാളികള്‍ അഭിമാനിക്കുന്നുണ്ട്. പുകഴ്ത്തുന്നുണ്ട്. ഉത്തരവ് വന്നപ്പോള്‍ മാധ്യമങ്ങള്‍ പാടിപുകഴ്ത്തി. പക്ഷേ അതൊക്കെക്കൊണ്ടു തീരുന്നതാണോ നാം കാട്ടിയ നന്ദികേട് ?

കൊല്ലം കളക്ടറായിരിക്കെയാണ് കേരളം സി.വി ആനന്ദബോസ് എന്ന ഐ.എ.എസുകാരനെ ശ്രദ്ധിക്കുന്നത്. മികച്ച പ്രാസംഗികന്‍. കവിതയും കഥയും വിശ്വപ്രസിദ്ധരുടെ അനുഭവങ്ങളും ഒക്കെ ഇട്ടമ്മാനമാടിയാണ് പ്രസംഗം. അതൊരു ഒഴുക്കാണ്. വാക്കുകളുടെ കുത്തൊഴുക്ക്. കനത്ത ശബ്ദത്തില്‍.


അവിടെയാണ് 'ഫയലില്‍ നിന്നും വയലിലേക്ക്' എന്ന ജനകീയ പദ്ധതി ആരംഭിക്കുന്നത്. ജനസമ്പര്‍ക്കം മുതല്‍ ജനകീയാസൂത്രണം വരെ എത്തിനില്‍ക്കുനന എല്ലാ ജനകീയ പദ്ധതികളുടെയും തുടക്കം അവിടെനിന്നാണ്. ജില്ലയാകെ ഓടിനടന്ന് പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയാണ് ബോസ് 'ഫയലില്‍ നിന്നും വയലിലേക്കി'നെ വിജയിപ്പിച്ചെടുത്തത്.


1999 ല്‍ കൊല്ലം ജില്ലയില്‍ അദ്ദേഹം നിര്‍മ്മിതി കേന്ദ്രം ആരംഭിച്ചു. പാവപ്പെട്ടവര്‍ക്കു ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. നൂറുകണക്കിനു വീടുകളാണ് അവിടെ നിര്‍മ്മിച്ചത്. അതിനുശേഷം കേരളമാകെ നിര്‍മ്മിതി കേന്ദ്രങ്ങള്‍ ഉണ്ടാക്കി അദ്ദേഹം. അതിന്‍റെ ഡയറക്ടറായി. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരത്തിലായി. എം.കെ.കെ. നായരെ പോലെ ആനന്ദബോസും ഇടതു പക്ഷത്തിന് അനഭിമതനായി. നായനാര്‍ സര്‍ക്കാര്‍ ബോസിന്‍റെ കസേര തെറിപ്പിച്ചു.

കുറച്ചുനാള്‍ തൊഴില്‍ വകുപ്പു സെക്രട്ടറിയായ ശേഷം ബോസ് ഡല്‍ഹിക്കു പോയി. പിന്നീട് കേരളത്തില്‍ സര്‍വ്വീസ് ചെയ്തത് ഒരു ദിവസം. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത് റിട്ടയര്‍ ചെയ്ത ദിവസം. സെക്രട്ടറിയേറ്റില്‍ ഒരു ദിവസം ഇരുന്നശേഷം പെന്‍ഷന്‍. തന്നെ അപമാനിച്ചയച്ചു എന്ന ഫീലിംഗ് ബോസിനെന്നും ഉണ്ടായിരുന്നു.


അല്‍ഫോന്‍സ് കണ്ണന്താനമാണ് ബോസിനെ ബി.ജെ.പിയിലെത്തിച്ചത്. എന്നാല്‍ അതിനു മുമ്പേ ബോസ് നരേന്ദ്രമോഡിയുമായി അടുപ്പത്തിലായിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന ലക്ഷ്യത്തിന് പദ്ധതി തരാമോ എന്ന് ബോസിനോടു ചോദിച്ചു. അദ്ദേഹം ബൃഹദ് പദ്ധതി തയ്യാറാക്കി. മോഡി അതു നടപ്പാക്കി. അങ്ങിനെ ഗുജറാത്തില്‍ എല്ലാവര്‍ക്കും വീടായി. മോഡിയെ ജനകീയനാക്കുന്നതില്‍ ഈ പദ്ധതി വളരെ ഗുണം ചെയ്തു.


പിന്നീട് മോഡി പ്രധാനമന്ത്രിയായപ്പോള്‍ ബോസിനോട് രാജ്യമെങ്ങും നടപ്പാക്കാനുള്ള ഭവനപദ്ധതി ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് വീടുവച്ചുകൊടുക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഉപജ്ഞാതാവ് അങ്ങിനെ ആനന്ദബോസായി. ആ ബന്ധം അദ്ദേഹം തുടര്‍ന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും മോഡിക്ക് വിശ്വസിച്ചയക്കാവുന്ന ആളായി ബോസ് മാറി. അത് വികസനമായാലും സംഘടനാപരമായാലും കൃത്യവിവരം മോഡിയിലെത്തിച്ചിരിക്കും.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കൊല്ലത്തുനിന്നു മല്‍സരിക്കാന്‍ ബി.ജെ.പി ബോസിനെ ക്ഷണിച്ചതാണ്. തന്‍റെ തട്ടകം രാഷട്രീയമല്ലെന്നു പറഞ്ഞു മാറിക്കളഞ്ഞു അദ്ദേഹം. തലനിറയെ ആശയങ്ങളുമായി ജീവിക്കുന്ന ബുദ്ധിരാക്ഷസനാണ് ബോസ്. ഇരുണ്ട നിറമാണെങ്കിലും ശുദ്ധമായ മനസാണ് ഉള്ളില്‍. വിവാദപുരുഷനാകാനറിയാത്ത, കുത്തിനോവിക്കാത്ത, വാക്കുകള്‍കൊണ്ട് വെട്ടിക്കൊലകള്‍ നടത്താത്ത പരിശുദ്ധന്‍.


മാന്നാനത്തു ജനിച്ചതുകൊണ്ടാകണം പ്രസംഗം കേട്ടാല്‍ ഒരു പള്ളീലച്ചന്‍ പ്രസംഗിക്കുകയാണെന്ന് ചിലപ്പോള്‍ തോന്നും. എല്ലാ മതഗ്രന്ധങ്ങളും ഹൃദിസ്തം. ഭഗവത് ഗീതയും ഉപനിഷത്തുക്കളുമൊക്കെ പച്ചവെള്ളം പോലെ നാവിലൂടൊഴുകും. എന്നും മധ്യസ്ഥനായിരുന്നു ബോസ്. ഒരിക്കലും ആരിഫ് മുഹമ്മദ് ഖാനാകാന്‍ ബോസിനാവില്ല. കല്‍ക്കട്ടയിലും മമതാ ബാനര്‍ജിയുമായുള്ള ഏറ്റുമുട്ടല്‍ പ്രതീക്ഷിച്ചവര്‍ക്കു തെറ്റും. തമ്മില്‍തല്ലിന്‍റെ ആളല്ല അദ്ദേഹം.


ബംഗാള്‍ ബോസിന് അപരിചിതമല്ല. സ്റ്റേറ്റ് ബാങ്കില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആദ്യ പോസ്റ്റിംഗ് കല്‍ക്കത്തയിലായിരുന്നു. 6 വര്‍ഷം ബാങ്ക് ഉദ്യോഗം കഴിഞ്ഞപ്പോഴാണ് ഐ.എ.എസ് ലഭിക്കുന്നത്.

രവീന്ദ്രനാഥ് ടാഗോറാണ് ബോസിന്‍റെ ഇഷ്ട നായകന്‍. ടാഗോറിനെക്കുറിച്ച് മണിക്കൂറുകളോളം സംസാരിക്കും. ഐ.എ.എസ് ലഭിച്ചതുതന്നെ ടാഗോര്‍ കാരണമാണെന്നദ്ദേഹം വിശ്വസിക്കുന്നു. അഭിമുഖത്തില്‍ 10 മിനിട്ട് ടാഗോറിനെക്കുറിച്ചു നടത്തിയ പ്രഭാഷണമാണ് തനിക്ക് ഐ.എ.എസ് കിട്ടാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം ഇടക്കിടെ പറയാറുണ്ട്. മറ്റൊരു ഇഷ്ട നായിക മദര്‍ തെരേസയാണ്. ഈ രണ്ടു പേരേയും കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള ബോസ് ഇടക്കിടെ കല്‍ക്കത്തയിലെത്തി ഇവരുടെ ഇടങ്ങളില്‍ പോകാറുമുണ്ട്.

ഗ്രാമങ്ങളും പാവപ്പെട്ടവരുമാണ് ബോസിന്‍റെ ഇഷ്ട വിഷയങ്ങള്‍. പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിടങ്ങളെക്കുറിച്ച് യു.എന്‍ സഭയില്‍ പോലും പ്രസംഗിക്കാനുള്ള ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയതില്‍ അത്ഭുതമില്ല.


കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്നു ബോസ്. അന്ന് മന്ത്രിമാരുടെ ഓഫീസുകള്‍ എ.സി ചെയ്യാന്‍ തീരുമാനിച്ചു. വലിയ ആരോപണങ്ങള്‍ വരാതെ നടപ്പാക്കണം. ബോസാണു വഴി കണ്ടെത്തിയത്. എല്ലാ മന്ത്രിമാരുടെ ഓഫീസുകളിലും കമ്പ്യൂട്ടര്‍ വെച്ചു. കീബോര്‍ഡില്‍ വിരല്‍കൊണ്ടു തൊടാന്‍ പോലും അറിയാത്തവരായിരുന്നു അന്നത്തെ മന്ത്രിമാര്‍. കമ്പ്യൂട്ടര്‍ അന്ന് എ.സി മുറിയിലേ വെക്കാറുള്ളു. അതിനാല്‍ കമ്പ്യൂട്ടര്‍ ഇരിക്കുന്ന മുറികള്‍ എ.സി ചെയ്തേ പറ്റൂ. അങ്ങിനെ മന്ത്രിമാരുടെ മുറികള്‍ ചുളുവില്‍ എ.സിയാക്കിക്കൊടുത്തു.


അനേകം ഗ്രന്ധങ്ങളുടെ കര്‍ത്താവാണദ്ദേഹം. ഹിന്ദിയും ഇംഗ്ലീഷും നന്നായറിയാം. ജീവിതത്തില്‍ എല്ലാം ദൈവനിശ്ചയമെന്നു ചിന്തിക്കുന്ന ബോസ് ഈശ്വരവിശ്വാസിയാണ്. മകളുടെ അകാലവിയോഗം അദ്ദേഹത്തെ ഒന്നുലച്ചു. മാസങ്ങളെടുത്തു ആ ഷോക്കില്‍ നിന്നും മുക്തനാവാന്‍.

ബംഗാളില്‍ ഗവര്‍ണര്‍ സ്ഥാനം അംഗീകാരം നേടിയെടുക്കുമെന്നതില്‍ സംശയമില്ല. അങ്ങിനെ നാം അപമാനിച്ചയച്ച ആനന്ദബോസ് വംഗനാട്ടില്‍ ആദരവ് നേടി ഭരണചക്രം തിരിക്കും.

ആനന്ദബോസ് ക്ഷമിക്കൂ, ഞങ്ങള്‍ കാട്ടിയ നന്ദികേടിന്.

Advertisment