Advertisment

താരങ്ങളുടെ അടിവസ്ത്രത്തിന്റെ കളറിൽ അഴി‍ഞ്ഞുപോകുന്നതാണോ വിശ്വാസങ്ങള്‍. കാവിയെ ഹൈന്ദവരും ചുവപ്പിനെ കമ്മ്യൂണിസ്റ്റുകാരും വെള്ളയെ ക്രൈസ്തവരും പച്ചയെ മുസ്ലിങ്ങളും സ്വന്തം നിറമായി മാറ്റിയാല്‍ ജനം കുഴഞ്ഞതു തന്നെ. ഖാദികൊണ്ട് അടിവസ്ത്രം ഉപയോഗിച്ചാല്‍ ഗാന്ധിജിയെ അപമാനിക്കലാണോ ? ദീപിക ഏതടിവസ്ത്രം ധരിച്ചാലെന്താ ? -നിലപാടിൽ ഓണററി എഡിറ്റർ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

എത്രനല്ല വിഭവമായിരുന്നാലും കടുകു വറുത്തത് കനച്ച വെളിച്ചെണ്ണയിലാണെങ്കില്‍ രുചി ഇല്ലാതാക്കും. അതാരും ഉപയോഗിക്കുകയില്ല. ഇതുപോലെയാണ് ചില സംഘപരിവാര്‍ സംഘടനകളുടെ ചില സംസ്ഥാനങ്ങളിലെ നിലപാടുകള്‍. ഒടുവില്‍ 'പഠാന്‍' എന്ന ചിത്രത്തില്‍ ദീപിക പഡുക്കോണ്‍ കാവിയിലുള്ള ബിക്കിനി ധരിച്ചതാണ് വിവാദ വിഷയം.


നടികള്‍ അഭിനയത്തിന്‍റെ ഭാഗമായി ധരിക്കുന്ന അടിവസ്ത്രത്തില്‍ അഴി‍ഞ്ഞുപോകുന്നതാണോ വിശ്വാസങ്ങള്‍. അല്ലേ അല്ല. യഥാര്‍ത്ഥ ഹിന്ദു വിശ്വാസികളെ നാണംകെടുത്തുന്നതാണീ വിവാദം. ബീഫും പശുവും ഒക്കെ കുറെക്കാലം നാണക്കേടിന്‍റെ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു.


കാവി ഹൈന്ദവ നിറമാണെന്ന് എങ്ങും പറയുന്നില്ല. എല്ലാ സന്യാസിമാരും കാവിയണിയുന്നവരല്ല. പണ്ട് ചുവപ്പു കോണകം സാധാരണയായിരുന്നു. അതിനെ കമ്മ്യൂണിസ്റ്റ് കാര്‍ എതിര്‍ത്താലോ ? വെള്ള ക്രൈസ്തവരുടെയും ബ്രഹ്മകുമാരീസിന്‍റെയും പച്ച മുസ്ലിങ്ങളുടെയും ഒക്കെ നിറമായി മാറിയാല്‍ ജനം കുഴഞ്ഞതു തന്നെ. ഖാദികൊണ്ട് അടിവസ്ത്രം ഉപയോഗിച്ചാല്‍ ഗാന്ധിജിയെ അപമാനിക്കലായി ഗാന്ധിയന്‍മാര്‍ വിശദീകരിച്ചാല്‍ എന്തു ചെയ്യും ?

സങ്കുചിതത്വം ആരെയും എങ്ങും കൊണ്ടെത്തിക്കില്ല. ചില സംസ്ഥാനങ്ങളിലെ വിഎച്ച്പിക്കാര്‍ മാത്രമാണ് ഇളകിയിരിക്കുന്നത്. അതാശ്വാസകരം. ബി.ജെ.പി എതിര്‍പ്പുമായി രംഗത്തിറങ്ങിയിട്ടില്ല.

എന്തു ധരിക്കുന്നു, എവിടെ കിടക്കുന്നു എന്നതല്ലല്ലോ പ്രശ്നം. കാറല്‍ മാര്‍ക്സിനെ അടക്കിയിരിക്കുന്നതു ലണ്ടനിലെ ഒരു പള്ളിയുടെ തെമ്മാടിക്കുഴിയിലാണ്. കവാടത്തിനരികിലൊക്കെ പ്രഭുക്കന്‍മാരും പ്രമാണിമാരും. അവിടെ മറവുചെയ്തു എന്നതുകൊണ്ട് മാര്‍ക്സിന്‍റെ പ്രസക്തി ഇല്ലാതായില്ല. കാവിയെ ആരാധിക്കുന്നവര്‍ക്കതാകാം. ആ കളറിലുള്ള വേഷം ധരിച്ചാല്‍ വിശ്വാസികളുടെ വിശ്വാസങ്ങള്‍ തകര്‍ന്നു വീഴുമെന്ന അന്ധവിശ്വാസത്തെയാണ് എതിര്‍ക്കേണ്ടത്.


ചില സിനിമകള്‍ ഇറങ്ങുമ്പോള്‍ പബ്ലിസിറ്റിക്കായി ഇതുപോലെയുള്ള ചില പൊടിക്കൈകളുമായി അണിയറ പ്രവര്‍ത്തകര്‍ ഇറങ്ങാറുണ്ട്. വീര്‍ ശിവജി ഗ്രൂപ്പ് ഇന്‍ഡോറില്‍ ദീപികയുടെയും ഷാരുഖിന്‍റെയും കോലം കത്തിച്ചു. അതിനു പിന്നില്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നതിനു തെളിവൊന്നും പുറത്തു വന്നിട്ടില്ല.


തൃണമൂല്‍ കോണ്‍ഗ്രസാണ് എല്ലാവരെയും കടത്തിവെട്ടിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സൗന്ദര്യമല്‍സരത്തില്‍ പണ്ടു പങ്കെടുത്തത് കാവി ബിക്കിനി അണിഞ്ഞാണെന്ന് കണ്ടെത്തിയത് തൃണമൂലിലെ ഗവേഷകരാണ്. ആ ചിത്രവും അവര്‍ പുറത്തു വിട്ടു.

സൗന്ദര്യ മല്‍സരത്തിലെ ഒരിനമാണ് ബിക്കിനി അണിഞ്ഞുകൊണ്ടുള്ള പ്രദര്‍ശനം. അതില്‍ ആരു പങ്കെടുത്താലും അപ്പോള്‍ ആ വേഷമേ അണിയാനാകൂ. കളര്‍ നിശ്ചയിക്കുന്നത് കോസ്റ്റ്യൂം സംവിധായകരാണ്. അതൊക്കെ അറിയേണ്ടതല്ലേ തൃണമൂലേ ?

പഠാന്‍ എന്ന പേര് മുസ്ലിംങ്ങളിലെ ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഉലമ ബോര്‍ഡും രംഗത്തു വന്നിട്ടുണ്ട്. അവര്‍ പിന്നിലാകരുതല്ലോ. അങ്ങിനെ ഹിന്ദുക്കളും മുസ്ലിങ്ങളും എതിര്‍ത്തതോടെ പഠാന്‍ എന്ന ചിത്രം സെക്കുലറായി മാറിയെന്ന് പിന്നണിക്കാര്‍ക്ക് അവകാശപ്പെടാം.


ഇനി തീയേറ്ററുകളില്‍ പ്രതിഷേധവും പോലീസും ഒക്കെ ആയാല്‍ നിറക്കൊഴുപ്പാകും. എന്നൊക്കെ കേരളത്തിലെ തീയേറ്ററുകളില്‍ റിലീസു ദിവസം കൈയ്യടിക്കാനും പുഷ്പവൃഷ്ടി നടത്താനും ഒക്കെ താരങ്ങള്‍ ആളെ ഇറക്കും പോലെ ഇതും ഒരു അഭ്യാസമാണ്, പബ്ലിസിറ്റി സ്റ്റണ്ട്.


അതില്‍ വീണു കേസും വഴക്കുമായി കുറെ ബുദ്ധിമാന്‍മാര്‍ നടക്കും. ഖാനും ദീപികയും പണം വാരും. 100 കോടിയിലിടം നേടും. സമരക്കാര്‍ പത്തിന്‍റെ പൈസയില്ലാതെ കോടതിയും പോലീസ് സ്റ്റേഷനും കയറിയിറങ്ങും.

ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ് ? അന്താരാഷ്ട്ര തലത്തില്‍ നമുക്ക് അന്തസുണ്ടാക്കാന്‍ മോഡി മുതല്‍ ജയശങ്കര്‍ വരെ കഷ്ടപ്പെടുന്നതിനിടയിലാണ് ഈ അഭ്യാസങ്ങളൊക്കെ.

Advertisment