Advertisment

ലോകക്കപ്പ് ലഹരിയിൽ അര്‍ജന്‍റീനയുടെയും ഫ്രാൻസിന്റെയുമൊക്കെ പേരിൽ ഗുണ്ടാപ്പിരിവും അഴിഞ്ഞാട്ടവും നടത്താനും പോലീസിന്റെ തോൾ തല്ലിയൊടിക്കാനും മലയാളിക്കല്ലാതെ വേറെയാർക്ക് കഴിയും. പലയിടത്തും മുക്കിനു മുക്കിനു ഫ്ലക്സുകള്‍ വച്ചതും 56  കോടിയ്ക്ക് കുടിച്ചു തീർത്തതും ഇവരാരും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടല്ല, ഭീക്ഷണി പിരിവ് നടത്തിയാണ്. കൊടുത്തില്ലേൽ 'പണി' വേറെയും. ആ 'കളി'ക്ക് കൊള്ളില്ലേലും മലയാളിക്ക് ഈ 'കളി' നല്ല വശം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

അര്‍ജന്‍റീനക്കാര്‍ ലോകകപ്പ് നേടിയതിന്‍റെ ആഹ്ളാദങ്ങളുടെ ചിത്രങ്ങള്‍ ഇന്ന് പത്രങ്ങളിലും ഇന്നലെ ടെലിവിഷനുകളിലും വന്നിരുന്നു. അവിടുത്തെ ചത്വരങ്ങളില്‍ തടിച്ചുകൂടിയ ലക്ഷങ്ങള്‍ ദേശീയഗാനം ആലപിച്ചും കളിക്കാരെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിച്ചുമാണ് താരങ്ങളെയും കപ്പിനെയും വരവേറ്റത്.

തലസ്ഥാന നഗരമായ ബ്യൂനെസ് ഐറിസില്‍ ഒത്തുകൂടിയ ജനസാഗരം അവരുടെ ലോകകപ്പ് ലഹരി വിളിച്ചുപറയുന്നതു തന്നെ.

ദോഹയിലെ കളി നടന്ന സ്റ്റേഡിയത്തില്‍ അണിനിരന്ന കാണികള്‍ അവരുടെ ഇഷ്ട കളിക്കാര്‍ ധരിച്ച ജഴ്സി അണിഞ്ഞ് ആര്‍പ്പുവിളിച്ചും ദേശീയഗാനം ആലപിച്ചുമാണ് ആഹ്ളാദ തിമിര്‍പ്പിലായത്. എതിര്‍ത്തു കളിച്ച ഫ്രാന്‍സിന്‍റെ ആരാധകരും അതേപോലെ തന്നെ.


ഈ രണ്ട് ആഘോഷങ്ങളും കേരളത്തില്‍ അരങ്ങേറിയതെങ്ങിനെ എന്നു കണ്ടപ്പോഴാണ് തൊലി പൊളിഞ്ഞുപോയത്. അര്‍ജന്‍റീന അധികൃതര്‍ കേരളത്തിനു നന്ദി പറഞ്ഞത് ഇവിടുത്തെ ഭ്രാന്തു കണ്ടിട്ടാകാം. അതോ അതു വ്യാജ പോസ്റ്റായിരുന്നോ എന്ന് കണ്ടറിയണം.


നാം മുക്കിനു മുക്കിനു ഫ്ലക്സുകള്‍ വച്ചു. സ്വയം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടല്ല ആരും ഫ്ലക്സു വച്ചത്. ജംഗ്ഷനുകള്‍ അടക്കി ഭരിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ ഭീഷണി പിരിവു നടത്തിയാണ് പലയിടത്തും ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഇരകള്‍ പാവം പെട്ടിക്കടക്കാരും സമീപത്ത് മാനം മര്യാദക്കു താമസിക്കുന്നവരും.

ഗുണ്ടകള്‍ക്കു പിരിവുകൊടുത്തില്ലെങ്കില്‍ കടകള്‍ക്കു മുമ്പില്‍ ഇവര്‍ കാഷ്ടിച്ചു വെക്കും. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ തെറി പറയും, ആ കടയില്‍ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ പുഴു അരിച്ചതായി പോസ്റ്ററിറക്കും. വിജിലന്‍സിലും ഭക്ഷ്യ സുരക്ഷാ വകുപ്പിലും വ്യാജ പരാതി അയക്കും. കടക്കാരന്‍റെ ജീവിതം കട്ടപ്പൊക.

വീടുകളില്‍ മാന്യമായി താമസിക്കുന്നവര്‍ ഗുണ്ടാ പിരിവു നല്‍കിയില്ലെങ്കില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ കമന്‍റടിക്കും. അവളുമായി ഒരു കോന്തന്‍ പ്രേമിക്കുന്നുവെന്നും ഒരുമിച്ചു കറങ്ങിയെന്നും ഒക്കെ നുണപരത്തും. വീടിന്‍റെ മുമ്പില്‍ റോഡില്‍ നിന്നു പരസ്പരം തെറി വിളിക്കും. കലഹങ്ങള്‍ അഭിനയിക്കും. ആരെങ്കിലും ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ റോഡല്ലേ എന്ന ഞായം പറയും. ഇതാണ് ആധുനിക ഭീഷണി പിരിവുരീതി.


പോലീസില്‍ പരാതിപ്പെട്ടാല്‍ സാധാരണക്കാരന്‍റെ മനസമാധാനം നശിക്കും. അവര്‍ വീട്ടില്‍കയറി നിരങ്ങും. അന്വേഷിക്കണമല്ലോ. ഒടുവില്‍ വീട്ടമ്മക്കു 'മിസ്‌ഡ് യു' അടിക്കും. അതാണു ആധുനിക പോലീസ് ഗൃഹസംരക്ഷണ രീതികള്‍.


കേരളത്തിലുടനീളം റോഡില്‍ വലിയ സ്ക്രീനുകള്‍ വച്ചു കൂട്ടമായി ഇരുന്നും നിന്നും കിടന്നും ആരാധകര്‍ കളികണ്ടു. ഒറ്റദിവസം കുടിച്ചു തീര്‍ത്തത് 56  കോടിയുടെ മദ്യം. ഫലം വന്നതോടെ ചേരി തിരിഞ്ഞു തമ്മില്‍ തല്ലായി. ഒരു പോലീസുകാരനെ പൊഴിയൂരില്‍ (തിരുവനന്തപുരം) റോഡില്‍ വലിച്ചിഴച്ചു തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു.

publive-image

എസ്.ഐ എസ് സജികുമാറിന്‍റെ തോളെല്ലാണ് തെമ്മാടികള്‍ തല്ലിപ്പൊട്ടിച്ചത്. ഭാഗ്യം. ബാക്കിയെല്ലുകള്‍ ഒടി‍‍ഞ്ഞില്ലല്ലോ. തല്ലുന്ന ദൃശ്യം കണ്ടാല്‍ ബാക്കികൂടി ഒടിഞ്ഞപോലെ തോന്നി. കൂടെ പോലീസുകാരാരും ഉണ്ടായില്ല. തല്ലുകൊള്ളാതെ അവരൊക്കെ മുങ്ങിക്കാണും. ഗുണ്ടകളെ പിടിക്കും മുമ്പ് തന്നെ അവരെ സസ്പെന്‍റു ചെയ്യണം.

ഒരു ജംഗ്ഷനും ആരുടെയും കുടുംബസ്വത്തല്ല. അതു ഗതാഗതത്തിനുള്ളതാണ്. അവിടെയാണ് ഗുണ്ടകള്‍ അരങ്ങുതകര്‍ത്തത്. സജികുമാറിനെപോലെ ഒരിടത്തും പോലീസ് തട‍ഞ്ഞില്ല. തല്ലുവാങ്ങെണ്ടന്നു കരുതിയായിരിക്കും.


കൊച്ചി നഗരത്തിലും ഗുണ്ടകള്‍ പോലീസിനെ തല്ലി. കലൂരിലാണ് സംഭവം. അവരെ അറസ്റ്റ് ചെയ്തു. ഏതെങ്കിലും രാഷ്ട്രീയക്കാര്‍ വന്ന് ഇറക്കിക്കൊണ്ടുപോകും. കേസ് കോടതിയിലെത്തിയാല്‍ സാക്ഷിയില്ലാതാകും. അതാണു ആധുനിക മധുരമനോജ്ഞ കേരളം ഇപ്പോള്‍.


യഥാര്‍ത്ഥ വിജയികള്‍ അച്ചടക്കത്തോടെ ലക്ഷങ്ങള്‍ ഒഴുകിയെത്തിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോഴാണ് ഇവിടുത്തെ ആരാധകര്‍ തമ്മില്‍ തല്ലുന്നത്. കുറെ ദിവസങ്ങളായി അര്‍ജന്‍റീന-ബ്രസീല്‍ അനുകൂലികള്‍ തമ്മിലടിക്കുകയാണ്. അമ്മ മരിച്ചാലും കള്ളുകുടി ശീലമാക്കിയ മലയാളിയാണ് നാടുനീളെ കിടന്നാടിയത്. ആരും എതിര്‍ത്തില്ല. തടഞ്ഞില്ല. ഒക്കെ പിള്ളേരുകളിയായി കരുതി.

ഇനി മല്‍സരം ഇവിടായിരുന്നെങ്കിലോ ? സ്റ്റേഡിയത്തില്‍ കുപ്പിയേറും കൂക്കിവിളിയും തെറിയഭിഷേകവും നടന്നേനെ. മലയാളികള്‍ നിറഞ്ഞു കവിഞ്ഞ സദസിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെ സമാധാനത്തോടെ ഇരുന്നു കളി കണ്ടത്. ഇവിടായിരുന്നെങ്കിലോ ?

ഇവരാരും ഗ്രൗണ്ടിന്‍റെ ഏഴയലത്തുപോലും വരികയില്ലായിരുന്നു. എതിരാളിയെ കൂക്കിവിളിച്ചു തകര്‍ത്തേനെ. നമ്മുടെ രഞ്ജിത്തിനു സിനിമാ പ്രേമികള്‍ നല്‍കിയ എസ്.എഫ്.ഐ കൂവലല്ല. സാക്ഷാല്‍ തറക്കൂവല്‍. തെറി... അലര്‍ച്ച... അട്ടഹാസം. നാം എവിടേയ്ക്കാണ് പോകുന്നത് ?

Advertisment