Advertisment

കേരളത്തില്‍ പിഎസ്‌സി റാങ്ക് പട്ടികയുടെ വിലനിലവാരം പണ്ടേ ഇടിഞ്ഞതാണ്. ഇപ്പോഴിതാ ഡോക്ടര്‍ ഡിഗ്രിയും. ആയുര്‍വേദ കോളജില്‍ വെള്ളമടിച്ചും നാറ്റക്കേസുകള്‍ കാണിച്ചും മുട്ടനാടുകളായി വിലസിയ വിദ്വാന്‍മാരാണ് ജയിക്കാതെ 'ഡോക്ടര്‍' ഡിഗ്രി കൈപ്പറ്റിയത്. വിസിയുടെയും പ്രിന്‍സിപ്പാളിന്‍റെയുമൊക്കെ വിശദീകരണങ്ങള്‍ അടിപൊളി ! പോരാത്തതിന് മേയറുടെ കത്തിന്‍റെ മോഡല്‍ അന്വേഷണവും - പോയി ചത്തൂടെ ജനരക്ഷകരേ... നിലപാടില്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

നമ്മുടെ സര്‍ക്കാര്‍ പരീക്ഷകള്‍ക്കൊക്കെ ഒരു പരിശുദ്ധി ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് കോപ്പിയടിക്കുകയായിരുന്നു ഏറ്റവും വലിയ കുറ്റം. കാലം മാറി, കഥ മാറി. പി.എസ്.സി പരീക്ഷയ്ക്ക് (പോലീസ്) ചില എസ്.എഫ്.ഐക്കാര്‍ റാങ്കു ലിസ്റ്റില്‍ കടന്നുകൂടിയതിന്‍റെയല്ല, റാങ്കു കിട്ടിയതിന്‍റെ കഥ പുറത്തുവന്നതോടെ പി.എസ്.സിയുടെ വിലയിടിഞ്ഞു. എത്ര ക്രെയിന്‍ ഉപയോഗിച്ചിട്ടും വിലനിലവാരം ഇതുവരെ ഉയര്‍ന്നിട്ടില്ല.

ഒടുവിലിതാ പരീക്ഷ ജയിക്കാതെ ആയുര്‍വേദ ഡോക്ടര്‍ ആകുന്നു. കഥ പുറത്തു കൊണ്ടുവന്ന മനോരമ റിപ്പോര്‍ട്ടര്‍ എസ്.വി രാജേഷ് അഭിനന്ദനം അര്‍ഹിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കു പോകുന്നതിനൊരു ലക്ഷ്യമുണ്ടായിരുന്നു. മല്‍സര പരീക്ഷയെഴുതി അഡ്മിഷനും വിജയവും നേടിയവനായിരിക്കുമല്ലോ ചികിത്സിക്കുക. ഏതായാലും ആ വിശ്വാസം പോയികിട്ടി.


ഞാനും ചതിക്കപ്പെട്ടെന്ന് വൈസ് ചാന്‍സിലര്‍ എന്ന വിദ്വാന്‍ നാറിക്കഴിഞ്ഞപ്പോള്‍ പരിതപിക്കുക ഇവിടെയല്ലാതെ എവിടെ നടക്കും ? ചടങ്ങില്‍ പങ്കെടുത്ത് പ്രശ്നം നാറ്റക്കേസായപ്പോഴാണിതെന്നോര്‍ക്കണം. ഗവ. ആയൂര്‍വേദ കോളജ് പ്രിന്‍സിപ്പാളിന്‍റെ വിശദീകരണമാണ് അതിലും രസകരം. എങ്ങനെ അബദ്ധം പറ്റിയെന്നന്വേഷിക്കുന്നുണ്ട്, അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു അത്. അറിയാതെ തെറ്റു ചെയ്തവരുടെ എണ്ണപെരുപ്പം കേരളത്തിനു തലവേദനയാകുന്നുണ്ട്. ആര്യ രാജേന്ദ്രന്‍ മുതല്‍ ആനാവൂര്‍ നാഗപ്പന്‍ വരെയുണ്ട് പട്ടികയില്‍. ഒന്നുമറിയാത്ത എന്‍റെ കുഞ്ഞ് പക്ഷേ മൂന്നു പ്രസവിച്ചെന്ന നാട്ടിന്‍പുറത്തെ ചൊല്ലുപോലെയാണ്.


ഇതൊക്കെ കാണുമ്പോള്‍ പൊതുജനം ചോദിച്ചുപോകുന്നത് കേരളമെന്താ വെള്ളരിക്കാപട്ടണമാണോ എന്നാണ്. എന്താണു വെള്ളരിക്കാ പട്ടണം ? ഒരു സാങ്കല്പിക നഗരമാണത്. കേരളത്തില്‍ വെള്ളരിക്കാ കൃഷി സമൃദ്ധമായ വിളവു നല്‍കിയ കാലം. എവിടെയും വെള്ളരിക്ക. ഭക്ഷണം വെള്ളരിക്കാമയം. വെള്ളരിക്കാ സാമ്പാര്‍, ചമ്മന്തി, അവിയല്‍, തോരന്‍, പായസം ഒക്കെ വെള്ളരിക്ക. എറിയുന്ന കല്ലിനും വെട്ടുന്ന പട്ടിയുടെ തലക്കും പകരം വെള്ളരിക്ക. ഇതാണ് കണ്‍സെപ്റ്റ്. നിയമത്തിനു യാതൊരു വിലയുമില്ലാത്ത, അനീതിയും അക്രമവും നടമാടുന്ന സ്ഥലം എന്നര്‍ത്ഥം.

അരുന്ധതി റോയ് ഒരിക്കല്‍ ഇന്ത്യയെ വിശേഷിപ്പിച്ചത് ബനാന റിപ്പബ്ലിക്ക് എന്നാണ്. സമാന അര്‍ത്ഥം. ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 1901 കാലഘട്ടത്തില്‍ വാഴകൃഷിയായിരുന്നു മുഖ്യം. തീറ്റയും കയറ്റുമതിയും വാഴയ്ക്കാ. അമേരിക്കന്‍ എഴുത്തുകാരന്‍ ഒ. ഹെൻറിയാണ് ആദ്യമായി ഈ പ്രയോഗം നടത്തിയത് 1901 ല്‍. ഒരു രാഷ്ട്രീയ അസ്ഥിര രാജ്യം എന്നാണ് അദ്ദേഹം വിവക്ഷിച്ചത്. നിയമത്തിന് പുല്ലുവിലയെന്നര്‍ത്ഥം.

തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ വെള്ളമടിച്ചും നാറ്റക്കേസിനു പിന്നോലെ പോയും മുട്ടനാടുകളായി വിലസിയ വിദ്വാന്‍മാരാണ് തോറ്റു തുന്നംപാടിയത്. 65 പേരാണ് കള്ള ബിരുദം നേടിയത്. രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാതെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നേടി ചികിത്സിക്കാന്‍ അര്‍ഹത നേടിയ 7 പേരിക്കൂട്ടത്തിലുണ്ട്.


എന്തായാലും മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഒത്തരവിട്ടു. അതു നന്നായി. പക്ഷേ അന്വേഷണം എന്ന വാക്കുപോലും അലര്‍ജിയാകുന്ന കാലമാണ്. മേയറുടെ കത്തിനുവരെ പോലീസ് അന്വേഷണം. തെളിവില്ലെന്നു പറഞ്ഞു തള്ളാനെന്നാര്‍ക്കാണറിയാത്തത് ? ജനത്തിന്‍റെ കണ്ണില്‍ പൊടിയിട്ട് കുറെ ദിവസം തള്ളിനീക്കി ജനവികാരം തണുപ്പിക്കുകയേ ഇതുകൊണ്ടര്‍ത്ഥമാക്കുന്നുള്ളു.


ബന്ധുനിയമനങ്ങള്‍ അരങ്ങുവാഴുന്ന കേരളത്തില്‍ ഇതും ഇതിനപ്പുറവും നടക്കും എന്നാണു ജനങ്ങള്‍ ചിന്തിക്കുന്നത്. ഇനി സംഘാടക ചുമതലയുള്ള ഒന്നോ രണ്ടോ പേരെ ബലിയാടാക്കി പ്രശ്നം ഒതുക്കി തീര്‍ക്കാനായിരിക്കും ശ്രമിക്കുക. ചടങ്ങില്‍ പങ്കെടുത്ത വി.സിയും പ്രിന്‍സിപ്പലും കൈകഴുകും.

ഈ വ്യാജ ബിരുദക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഡീന്‍. അങ്ങിനെ തലപ്പത്തു പൊട്ടന്‍മാര്‍ മാത്രമുള്ള വകുപ്പായി ഇതു മാറിക്കഴിഞ്ഞോ ? ഇവരിതൊന്നും അറിഞ്ഞില്ലെങ്കില്‍ ഈ കസേരകളില്‍ ഇരിക്കാന്‍ എന്താണു യോഗ്യത ? കാലുപിടുത്തവും പെട്ടിയെടുപ്പും സംഘടനാ പ്രവര്‍ത്തനവും മാത്രം മതിയോ ?

ഇനി പ്രതിജ്ഞ എന്തെന്നു നോക്കാം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ പ്രതിജ്ഞയാണല്ലോ ആധാരം. എന്തായാലും വ്യാജ ബിരുദം നേടി ചികിത്സിച്ചു രോഗികളെ കൊല്ലുമെന്നു പ്രതിജ്ഞയെടുക്കാനിടയുമില്ല.

"എന്തു ഭീഷണി ഉണ്ടായാലും നിയമത്തിനോ മനുഷ്യത്വത്തിനോ വിരുദ്ധമായതൊന്നും ചെയ്യില്ല. മനുഷ്യ ജീവനുകളോട് ബഹുമാനം പുലര്‍ത്തും. ഡ്യട്ടിയില്‍ പക്ഷപാതിത്വം പുലര്‍ത്തില്ല. തൊഴിലില്‍ ഔന്നത്യവും ബോധവും പുലര്‍ത്തും (ഹ ഹ ഹ). രോഗിയുടെ ആരോഗ്യമാണ് മുഖ്യ പരിഗണന. (ജീവിച്ചിരുന്നാല്‍). രഹസ്യങ്ങള്‍ സൂക്ഷിക്കും. (പാര്‍ട്ടി രഹസ്യങ്ങളല്ല, രോഗിയുടെ), അധ്യാപകരോട് ബഹുമാനവും നന്ദിയും പുലര്‍ത്തണം (ഹ ഹ ഹ ഹ...). മെഡിക്കല്‍ പ്രൊഫഷന്‍റെ പരിശുദ്ധി പുലര്‍ത്തും (ഹ.. ഹ.. ഹ..)".

പോയി തൂങ്ങി ചത്തൂടേ ജനരക്ഷകരേ...

publive-image

Advertisment