Advertisment

ഇ.പി ജയരാജന്‍ പണക്കാരനായത് കഴിഞ്ഞ ദിവസം നേരം ഇരുട്ടിവെളുത്തപ്പോഴാണോ സിപിഎം അറിയുന്നത് ? സംസ്ഥാനമൊട്ടുക്കും സ്വന്തമായി കാല്‍കാശിന് വരുമാനമില്ലാത്ത സഖാക്കള്‍ വന്‍ സ്വത്തുക്കളുടെ ഉടമകളായി മാറുന്നത് പുതിയ അറിവുകളാണോ ? സഖാക്കള്‍ അനങ്ങിയാല്‍ അറിയുന്ന വിധം ഇരുമ്പുമറയും അന്വേഷണസംവിധാനവും ഉള്ള പാര്‍ട്ടിയല്ലേ സിപിഎം ? തെറ്റു തിരുത്തല്‍ രേഖ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല, തിരിച്ചറിയാനും തിരുത്തപ്പെടാനുമുള്ളതാണ്. അല്ലെങ്കില്‍ രേഖ ഒരിടത്തു കിടക്കും, നേതാക്കളും മക്കളും നടന്ന് കക്കും - നിലപാടില്‍ ആര്‍ അജിത്കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

ക്രൂരന്‍മാരായ ചില നായാട്ടുകാരുണ്ട്. ഇരയെ മുന്നോട്ട് ഓടാന്‍ അനുവദിക്കും. വെടിവച്ചു വീഴ്ത്താവുന്ന അവസരങ്ങള്‍ അനേകം ലഭിച്ചിട്ടും വെടിവെയ്ക്കില്ല. പ്രാണരക്ഷാര്‍ത്ഥം ഇര ഓടിപ്പോകും. പാവം ഇര വിചാരിക്കും കൂടുതല്‍ വേഗത്തില്‍ ഓടിയാല്‍ ചാകില്ലെന്ന്. കുറെ ഓടിക്കഴിയുമ്പോള്‍, ഇര പ്രാണവെപ്രാളത്തോടെ ഓടുന്നതു കണ്ട് ആവോളം രസം നുകര്‍ന്നുകഴിയുമ്പോള്‍ ഒറ്റവെടി. അത് വീണു പിടയും. അതു നോക്കിനിന്നു രസിക്കുക നായാട്ടുകാരുടെ സ്ഥായീഭാവമാണ്.

അതു പണ്ടത്തെ രാജാക്കന്‍മാരായാലും പുതുപ്പണക്കാരായ ആധുനിക കള്ളവെടിവയ്പ്പുകാരായാലും. പണ്ട് രാജാക്കന്‍മാര്‍ പ്രജകളെ കാട്ടുമൃഗങ്ങളില്‍ നിന്നു രക്ഷിക്കാനായിരുന്നു കൂടുതലും നായാട്ടുകള്‍. അവയുടെ അനിയന്ത്രിതമായ വംശവര്‍ധന തടയാന്‍. എന്നാല്‍ ഇന്നോ ?

ഇ.പി ജയരാജനെതിരെ (പി. ജയരാജനെതിരെയും) കേള്‍ക്കുന്ന ചന്ദ്രഹാസങ്ങള്‍ ഈ തരത്തില്‍ ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. ഇ.പി. ഒരു ദിവസം കേന്ദ്രകമ്മറ്റി അംഗമായതല്ല. പതിവുപോലെ ലോക്കല്‍ - ബ്രാഞ്ചു മുതല്‍ തുടങ്ങിയതാണ് രാഷ്ട്രീയ വളര്‍ച്ച. കോണ്‍ഗ്രസിലെ പോലെ കെട്ടിയിറക്കല്‍ സി.പി.എമ്മില്‍ ഇല്ലല്ലോ. ഇ.പി. ഇന്ദിരയെ കല്യാണം കഴിക്കുന്നതും അവര്‍ക്കു കുട്ടികള്‍ ഉണ്ടാകുന്നതും പാര്‍ട്ടി അറിയാതെയല്ല.

അവര്‍ വളര്‍ന്നു സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും രഹസ്യമായിരുന്നില്ല. അവരുടെ നീക്കം, പഠനം, ബിസിനസ് ഒക്കെ പാര്‍ട്ടി അറിഞ്ഞു തന്നെ. ഒരു പാര്‍ട്ടി നേതാവ് ആരെയൊക്കെ കാണുന്നു, എന്തൊക്കെ നേടുന്നു, സമ്പാദിക്കുന്നു എന്നതൊക്കെ അറിയുന്ന ഇരുമ്പുമറയും അച്ചടക്കവും അന്വേഷണ സംവിധാനവും ഒക്കെ ഇല്ലാത്തതല്ലല്ലോ ഈ പാര്‍ട്ടി.


ഒടുവില്‍ മൊറാഴയിലെ ആയൂര്‍വേദ റിസോര്‍ട്ടിലെത്തി നില്‍ക്കുന്നു ആരോപണങ്ങള്‍. ഇ.പിയുടെ മകന്‍ ജയ്സണ്‍ സ്ഥാപക ഡയറക്ടര്‍. വ്യവസായി കെ.പി രമേശ് കുമാറാണത്രെ മറ്റൊരു സ്ഥാപകന്‍. അടുത്തിടെ ഇ.പിയുടെ ഭാര്യയെക്കൂടി ഡയറക്ടറാക്കിയത്രെ.


പി. ജയരാജന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നടന്ന തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ചയ്ക്കിടയില്‍ ഇ.പിക്കെതിരെ ഉന്നയിച്ച ആരോപണം (റിസോര്‍ട്ടിനെക്കുറിച്ച്) വാര്‍ത്തകളും വിവാദങ്ങളുമായി. സി.പി.എം രാഷ്ട്രീയം ഇപ്പോള്‍ റിസോര്‍ട്ടിനു ചുറ്റും കറങ്ങുകയാണ്. ഇ.പി തെറിക്കുമെന്നും ഇ.പി.യെ തളക്കുമെന്നുമൊക്കെ കേള്‍ക്കുന്നുണ്ട്. പ്രശ്നത്തിന്‍റെ മെരിറ്റിലേക്കു കടക്കുന്നില്ല.

അച്ഛനായ ഇ.പി ഉണ്ടാക്കിക്കൊടുത്ത പണംകൊണ്ടാണ് ജയ്സണ്‍ റിസോര്‍ട്ട് പണിഞ്ഞതെങ്കില്‍ പിടിക്കപ്പെടണം. ഇ.പി ശിക്ഷിക്കപ്പെടണം. എന്തായാലും റിസോര്‍ട്ട് നിര്‍മ്മാണം ബക്കറ്റ് പിരിവിലൂടെ കിട്ടിയ പണം കൊണ്ടായിരുന്നുവെന്ന് ആര്‍ക്കും ഞായം പറയാനാവില്ലല്ലോ. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ. നിയമം നിയമത്തിന്‍റെ വഴിക്കുപോകട്ടെ. പാര്‍ട്ടി പോലീസ് അന്വേഷിക്കട്ടെ. അല്ലെങ്കില്‍ പാര്‍ട്ടി കോടതി ശിക്ഷിക്കട്ടെ. ഇ.ഡി വരട്ടെ. ഇന്‍കം ടാക്സുകാര്‍ കയറി നിരങ്ങട്ടെ. അതൊക്കെ അതിന്‍റെ വഴിക്കുപോകട്ടെ.

മറ്റൊരു പ്രധാന പ്രശ്നം ഉന്നയിക്കുകയാണിവിടെ. നേതാക്കളെ യഥേഷ്ടം മേയാന്‍ വിട്ടിട്ട് ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടി നടപടി എടുക്കുന്നതിലെ അസംബന്ധം ചൂണ്ടിക്കാട്ടാനാണീ കുറിപ്പ്. നടപടിയെടുക്കപ്പെടുന്ന ഒരു പാര്‍ട്ടി നേതാവും പൊടുന്നനെ പൊട്ടിമുളച്ചവരല്ല.


പണം ഉണ്ടാക്കുന്നവരെ പാര്‍ട്ടി അണികള്‍ക്കു പെട്ടെന്നു തിരിച്ചറിയാനാകും. അവര്‍ ആരെയൊക്കെ കാണുന്നു, അവരുടെ ജീവിത നിലവാരം ഒക്കെ ശ്രദ്ധിച്ചാല്‍ മനസിലാകും. അതൊക്കെ കണ്ണടച്ചു കൊടുത്തിട്ട് പ്രശ്നം വിവാദമാകുമ്പോള്‍ ഒരു നടപടി. അണികളുടെ കണ്ണില്‍ പൊടിയിടാനല്ലേ ഈ നാടകങ്ങള്‍ ?


ഇടയ്ക്കിടെ അഭിമുഖങ്ങളില്‍ ചില പഴയ പടക്കുതിരകള്‍ ചെറുപ്പത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ അനുഭവിച്ച പട്ടിണിയെക്കുറിച്ച് അടുത്തിടെ ടി.വികളില്‍ പറയാറുണ്ട്. ഇവരുടെ ഇപ്പോഴത്തെ ജീവിത നിലനിലവാരവും സ്വത്തുക്കളും കണക്കാക്കിയാല്‍ ഞെട്ടിപ്പോകും. സ്വന്തമായി വരുമാനമില്ലാത്ത (പാര്‍ട്ടി നല്‍കുന്ന പ്രതിഫലം മാത്രമാണ് വരുമാനം) ഇവരെങ്ങിനെ ഇത്രയും സ്വത്തുക്കളുടെ ഉടമകളായി ? മക്കള്‍ ചെയ്ത ബിസിനസുകളില്‍ എത്രയെണ്ണം പൊട്ടി, എത്രയെണ്ണം വിജയിച്ചു ? ആരെങ്കിലും കണക്കെടുത്തിട്ടുണ്ടോ ?

കോണ്‍ഗ്രസുകാരാണെങ്കില്‍ മക്കളെ വന്‍ വ്യവസായികളെക്കൊണ്ടു കെട്ടിച്ചു ജീവിതം സുരക്ഷിതമാക്കും. സി.പി.എമ്മിലതും പറ്റില്ല. വാര്‍ത്തവരും. ഇ.കെ നായനാരുടെ മകന്‍ കെട്ടാന്‍ ചെന്നപ്പോള്‍ പെണ്ണിന്‍റെ ശരീരം നിറയെ സ്വര്‍ണാഭരണങ്ങള്‍. പടവും വാര്‍ത്തയും വന്നു. നായനാര്‍ നാറിപ്പോയി. അതിനുശേഷം നേതാക്കളുടെ മക്കള്‍ ഒറ്റ താലിമാലയേ അണിയൂ. വന്‍ തോക്കുകളല്ല മരുമക്കള്‍. പിന്നെങ്ങിനെ വമ്പിച്ച സ്വത്തിന്‍റെ ഉടമകളാകുന്നു ?


ഒന്നും ഒറ്റ ദിവസം കൊണ്ടു സംഭവിക്കുന്നതല്ല. കേരളത്തിലെ ഒന്നാം നമ്പര്‍ ഗുണ്ടാപിരിവുകാര്‍ തൊഴിലെടുക്കുന്നത് സി.പി.എമ്മിന്‍റെ ചെലവിലാണ്. അടുത്ത തട്ടിലുള്ളവര്‍ ബി.ജെ.പിയുടെ പേരിലും. ചിലപ്പോള്‍ അവര്‍ പുറത്താക്കപ്പെട്ടവരായിരിക്കാം. പക്ഷേ ജനങ്ങള്‍ ഭയന്നാണിവര്‍ക്കൊക്കെ പണം നല്‍കുന്നത്.


അല്ലെങ്കില്‍ തിരുവനന്തപുരത്ത് ഒരു എസ്.എഫ്.ഐ നേതാവ് പറഞ്ഞപോലെ ഒന്നു വെട്ടിനിരത്തിയിട്ട് ഏറെക്കാലമായി എന്നുപറഞ്ഞു പരിതപിക്കേണ്ടിവരും. മനസറിഞ്ഞ് നാല് ഇടികൊടുത്തിട്ടേറെനാളായെന്ന് ഇപ്പോഴത്തെ കുട്ടന്‍പിള്ള പോലീസിന്‍റെ സ്വരമല്ലേ ഈ നേതാവിന്. എല്ലാം ആരുടെ ചെലവില്‍ ? തിരുവനന്തപുരത്ത് ആനാവൂരണ്ണന്‍, ഓരോ ജില്ലതോറും ഓരോ അണ്ണന്‍മാര്‍.

പറഞ്ഞുവരുന്നത് ഒന്നുമാത്രം. തെറ്റു തിരുത്തല്‍ രേഖയൊക്കെ വായിച്ചു പഠിക്കാനുള്ളത് മാത്രമാകരുത്. ആള്‍ക്കാരോട് മര്യാദക്കു പെരുമാറണമെന്ന് തിരുവനന്തപുരം പ്ലീനം തീരുമാനിച്ചതല്ലേ ? വല്ലതും നടന്നോ ? വ്യതിയാനം തുടങ്ങുമ്പോള്‍ തിരിച്ചറിയണം. തിരുത്തപ്പെടണം. അതിനു വല്ല മരുന്നും രേഖയിലുണ്ടോ ആവോ ? അല്ലെങ്കില്‍ രേഖ അവിടെ കിടക്കും. നേതാക്കളും മക്കളും നടന്നു കക്കും.

Advertisment