Advertisment

റാണ കുടുങ്ങിയപ്പോൾ സന്തോഷത്താൽ കൈകൊട്ടി ഹാലിളകി ഒരു മാഫിയാ സംഘം കാത്തുനിൽപ്പുണ്ട്. കമ്മീഷനാകാനുള്ള അഭിഭാഷകനും പോലീസും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ലോബി ? റാണയുടെ ആസ്തി 'ലേലം ചെയ്ത്' ഇടപാടുകാർക്ക് കൊടുക്കാനുള്ള ആവേശമാണത്. ശുദ്ധ തട്ടിപ്പ്. റാണയെപ്പോലെ അവരും അടിച്ചുമാറ്റും കോടികൾ. അതില്ലാതാകണമെങ്കിൽ ഇതുപോലുള്ള തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ മാര്‍ക്കറ്റ് വിലക്കേറ്റെടുത്തു നിക്ഷേപകര്‍ക്കു പണം നല്‍കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം, കേരളാ ബാങ്ക് പോലെ - നിലപാടിൽ ആർ അജിത്കുമാർ

author-image
nidheesh kumar
New Update

publive-image

Advertisment

ഒരു വന്‍ ബിസിനസുകാരനെ ഒരു തട്ടിപ്പിന്‍റെ പേരില്‍ പിടിച്ചാല്‍ പോലീസിന് ഒമ്പതാം ഉല്‍സവമാണ്. അവന് ഭക്ഷണം നല്‍കാന്‍ മുതല്‍ തല്ലാതിരിക്കാന്‍ വരെ പണമൊഴുകും. അങ്ങിനെയാണ് ഷാരൂഖ് ഖാന്‍റെ മകന്‍ അകത്താകുന്നത്.

ഷാരൂഖ് സൂപ്പര്‍ താരമായതുകൊണ്ടും കോടികള്‍ ഒഴുക്കാന്‍ ശേഷി ഉണ്ടായിരുന്നതുകൊണ്ടും കേസ് എടുത്തവനെ തിരിഞ്ഞു കൊത്തി. വന്‍ ഇരയെ കിട്ടിയ സന്തോഷത്തോടെ ഇരുന്ന അന്വേഷണക്കാരനു കിട്ടിയത് എട്ടിന്‍റെ പണി.

നടന്‍ ദിലീപിനെ ആലുവ ജയിലില്‍ വച്ചു കണ്ട കഥ അന്നത്തെ ജയില്‍ ഡി.ജി.പി ശ്രീലേഖ പറഞ്ഞിട്ടുണ്ട്. നിലത്ത് പായില്‍ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ തളര്‍ന്നു കിടന്ന ദിലീപിനെക്കുറിച്ച്.

പിന്നീട് ദിലീപ് ഉഷാറായി. കോടികള്‍ ജയിലിലേക്കൊഴുകി എന്നുറപ്പാണ്. കോഫെ പോസെക്കാരെയും കള്ളക്കടത്തുകാരെയുമൊക്കെ ജയിലില്‍ കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ തുള്ളിച്ചാടും. തട്ടിപ്പുകാരെ കിട്ടിയാല്‍ അതിനേക്കാള്‍ തുള്ളും. വേണ്ടതൊക്കെ വീടുകളിലെത്തിക്കും. ഇല്ലെങ്കില്‍ ഇവിടെ ഇടിയുടെ കുഭമേളയായിരിക്കും.

മേലുദ്യോഗസ്ഥര്‍ തല്ലും. ബലവാനെങ്കില്‍ സഹതടവുകാരായ ക്രിമിനലുകളെക്കൊണ്ടു തല്ലിക്കും. ചെങ്ങന്നൂര്‍ കാരണവര്‍ വധകേസിലെ പ്രതിയായ യുവതിയും ചാരക്കേസിലെ മരിക്കാത്ത മറിയം റഷീദയും അത്മകഥയെഴുതിയാല്‍ എത്ര കള്ളന്‍മാരുടെ പൊയ്മുഖമായിരിക്കും അഴിഞ്ഞു വീഴുക.

സേഫ് ആന്‍റ് സ്ട്രോംഗ് തട്ടിപ്പു കേസിലെ പ്രതി പ്രവീണ്‍ റാണയെ എനിക്കറിയില്ല. കണ്ടിട്ടുമില്ല. കേരളത്തിലെ ഒടുവിലെ തട്ടിപ്പാണിത്. പ്രവീണ്‍ റാണയെ പാറമടയിലിട്ട് പോലീസ് പിടിച്ചു. ഇനി വാവുങ്കല്‍മാരോടൊപ്പം കുറെ കാലം ജയിലില്‍ കഴിയാം.

കുറേനാള്‍ കഴിയുമ്പോള്‍ പുതിയ കുപ്പിയില്‍ റാണ ബിസിനസുകാരനായി വരും. നാം പുതിയ മുതലിറക്കുകാരന്‍റെ പട്ടം നല്‍കി റാണയെ സ്വീകരിക്കും.


വര്‍ഷങ്ങള്‍ക്കു മുമ്പ് ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പു നടന്നിരുന്നു. വന്‍ പലിശ ഓഫര്‍ ചെയ്തുള്ള നിക്ഷേപ തട്ടിപ്പും നടന്നു. അതിലെ പ്രതികളൊക്കെ ഇന്ന് എവിടെ ഏതു നിലയില്‍ ജീവിക്കുന്നു എന്നന്വേഷിച്ചു നോക്കൂ. മാന്യന്‍മാരായ വ്യവസായികളാണവര്‍.


ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലെ കുടകമ്പിപോലിരുന്ന ശബരിനാഥ് എവിടെയെന്നാര്‍ക്കും അറിയില്ല. വന്‍ പലിശ മോഹിച്ചു കിട്ടിയ പെന്‍ഷന്‍ പണം നിക്ഷേപിച്ച മലയാളി തട്ടിപ്പിനിരയായി കുത്തുപാളയെടുത്തതു മിച്ചം.

ഇനി തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നശേഷമുള്ള ചില നാടകങ്ങളുണ്ട്. എല്ലാറ്റിനും ഒരേ കഥയും തിരക്കഥയും ക്ലൈമാക്സും. കഥാപാത്രങ്ങള്‍ മാറുന്നു എന്നേയുള്ളു. തട്ടിപ്പു പുറത്താകുമ്പോള്‍ വാര്‍ത്തയാകും, കേസാകും, പോലീസ് പിടിക്കും, അകത്താകും.

കേസ് കോടതിയിലെത്തുമ്പോള്‍ ശേഷിച്ച സ്വത്തുക്കളൊക്കെ ഫ്രീസാക്കും. നിക്ഷേപകര്‍ക്ക് അതുവിറ്റ് പണം നഷ്ടപ്പെട്ടവര്‍ക്കു കൊടുക്കാന്‍ കോടതി കമ്മീഷനെ വക്കും. ഒരഭിഭാഷകന്‍. അതില്‍ പകുതിയും മുക്കി കീശ വീര്‍പ്പിച്ചു കുബേരന്‍മാരായ അനേകം കമ്മീഷന്‍മാരെ അറിയാം. ഉടമസ്ഥന്‍ തെണ്ടി നടക്കുമ്പോള്‍ കമ്മീഷന്‍, ഉടമയുണ്ടാക്കിയ പണം ധൂര്‍ത്തടിച്ചും തട്ടിച്ചെടുത്തും ലാവിഷായി ജീവിക്കും.

ബാങ്കില്‍ ഭൂമി കടപ്പെടുത്തി പണം ഒടുക്കാനാവാതെ വരുമ്പോള്‍ സ്വത്തു ബാങ്കു കൊണ്ടുപോകും. അതിനു ശേഷം മാനേജരും ചില കള്ളക്കച്ചവടക്കാരും ഒത്തുകളി നടത്തി ലേലത്തുക കുറപ്പിച്ച് വില്‍പന നടത്തും. ലാഭം അവര്‍ക്കുള്ളതാണ്.

ഉടമ ജീവിതം മുഴുവന്‍ പാപ്പരായി നടക്കും. നിയമവിരുദ്ധമല്ല ഈ തട്ടിപ്പ്. പൊതു ലേലത്തില്‍ വച്ചപ്പോള്‍ അത്രയേ കിട്ടിയുള്ളു. ചിലപ്പോഴൊക്കെ രണ്ടോ മൂന്നോ തവണ ലേലം നടത്തി ഒരു നാടകം കൂടി നടത്തും. എന്നിട്ടും തുക കൂടിയില്ല എന്നു ബോധ്യപ്പെടുത്താന്‍. ഈ ബാങ്കുതട്ടിപ്പിന്‍റെ മേലെയാണ് കമ്മീഷന്‍ തട്ടിപ്പ്.


കുറഞ്ഞ വിലക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ കമ്മീഷന്‍റെ ഒത്താശയോടെ കള്ളക്കച്ചവടക്കാര്‍ തട്ടിയെടുക്കുന്നതു നോക്കി തട്ടിപ്പുകാരന്‍ ( അപ്പോഴേക്കും തെണ്ടിയായി മാറിയിരിക്കും, തന്ത്രശാലിയല്ലെങ്കില്‍ ) കുന്തം വിഴുങ്ങിയതുപോലെ നില്‍ക്കും.


ഇനി യഥാര്‍ത്ഥത്തില്‍ ലേലം ചെയ്യുന്നു എന്നിരിക്കട്ടെ. വിവരം അറിയുന്ന വാങ്ങാനെത്തുന്നവന്‍ വിലകുറച്ചേ ലേലം വിളിക്കൂ. കുരുക്കില്‍ കിടക്കുന്നതായതിനാല്‍ സാധാരണക്കാരന്‍ ഈ ഏടാകുടത്തിനെത്തില്ല. അവന് ഭയമാണ്. കള്ളക്കച്ചവടത്തിന്‍റെ ആശാന്‍മാരേ ഈ പണിക്കെത്തൂ. സ്വന്തം ഭാര്യയുടെ പേരില്‍ ധനനിശ്ചയ ആധാരം സൃഷ്ടിച്ച് പുതിയ മുന്നാധാരമുണ്ടാക്കി ഇടപാടുകള്‍ സുതാര്യമാക്കാനും അവര്‍ക്കറിയാം.

കമ്മീഷനും വക്കീലന്‍മാരും പോലീസും ജയിലുകാരും ബന്ധുക്കളും തട്ടിയെടുത്തതിന്‍റെ ബാക്കിയേ യഥാര്‍ത്ഥ നിക്ഷേപകനു ലഭിക്കൂ. തട്ടിപ്പുകാരന്‍ ജയിലിലായി കഴിഞ്ഞാല്‍ സഹായിക്കുന്നവരെ കേസില്‍ കുരുക്കി പോലീസ് ആടി തിമിര്‍ക്കും.

ബിസിനസ് പങ്കാളി, കൂട്ടുകാരി തുടങ്ങിയ പേരുകളിലെത്തുന്ന സ്ത്രീകള്‍, സുന്ദരികള്‍ കൂടിയാണെങ്കില്‍ മാധ്യമങ്ങളും കയറി മേയും. കാണാന്‍ കൊള്ളാത്തവരാണെങ്കില്‍ ആരും തിരിഞ്ഞു നോക്കില്ല. പണം ധൂര്‍ത്തടിക്കുന്ന തട്ടിപ്പുകാരന് പക്കല്‍ ആപ്പിള്‍ പോലുള്ള സുഹൃത്തുക്കള്‍ ഉണ്ടാവുക സ്വാഭാവികം.

സഹായിക്കാനെത്തുന്ന ബന്ധുക്കളാണ് മറ്റൊരു മാരണം. തൃശൂരില്‍ സെക്യൂരിറ്റിക്കാരനെ ഒരു രസത്തിനു വണ്ടി ഇടിച്ചു കൊന്ന ഒരു കോടീശ്വരന്‍ ജയിലിലാണല്ലോ. അനുജന്‍ തട്ടിപ്പു നടത്തി ശരിപ്പെടുത്തിക്കളഞ്ഞു. ഭാര്യയും മക്കളും നിത്യച്ചെലവിനായി കഷ്ടപ്പെടുന്നതായാണ് അയാള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അതിനാല്‍ ഇതുപോലെയുള്ള തട്ടിപ്പുകള്‍ നടന്നാല്‍ സ്വത്തുക്കള്‍ മാര്‍ക്കറ്റ് വിലക്കേറ്റെടുത്തു നിക്ഷേപകര്‍ക്കു പണം നല്‍കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം. കേരള ബാങ്കിനേക്കൊണ്ട് അടപ്പിച്ചാല്‍ മതി. മാര്‍ക്കറ്റ് വില അവരുടെ വാല്യുവര്‍ നിശ്ചയിക്കട്ടെ. എങ്കിലേ ഇതുപോലെയുള്ള തട്ടിപ്പുകളില്‍ നിന്നു നിക്ഷേപകരെ രക്ഷിക്കാനാകൂ.

Advertisment