Advertisment

ജാതിപ്പേര്‍ പറഞ്ഞാക്ഷേപിച്ച പാമ്പാടിയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കെആര്‍ നാരായണന്‍റെ പേര് മാറ്റിയേക്കണം. അടൂരിന്‍റെ പേര് നല്‍കിയാലും തെറ്റില്ല. എന്നാല്‍ രണ്ടര മാസം പൂട്ടിക്കിടന്നിട്ടും അവിടേയ്ക്ക് തിരിഞ്ഞു നോക്കാത്ത അടൂരിന്‍റെയും ശങ്കര്‍ മോഹന്‍റെയും രാജി എഴുതി വാങ്ങണം. വല്ലപ്പോഴും അതിഥിയേപ്പോലെ വന്നുപോകുന്നതിന് 50000 രൂപ ശമ്പളവും 30000 രൂപ വീട്ടുവാടകയും കാറും ഡ്രൈവറും എന്തിന് അടൂരിന് നല്‍കണം ? ആ വാടകവീട്ടിലാണോ അദ്ദേഹത്തിന്‍റെ താമസം ? അടൂരും ഇങ്ങനെ അധപതിക്കരുത് - നിലപാടില്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

പാമ്പാടി (കോട്ടയം)യിലെ സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടിനു കെ.ആര്‍ നാരായണന്‍റെ പേര് എന്തിനു നല്‍കിയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കെ.ആര്‍. നാരായണന്‍ സിനിമ കാണുമായിരുന്നോ എന്നുപോലും അറിയില്ല. നാരായണ സ്മരണക്കായിരുന്നെങ്കില്‍ ഏതെങ്കിലും സര്‍വ്വകലാശാലയുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയോ പേര് നല്‍കാമായിരുന്നു.


ഇതറിഞ്ഞിരുന്നെങ്കില്‍ നാരായണന്‍ നേരിട്ടുവന്നു പേര്‍ കൊടുത്തവനെ ശപിച്ചേനെ. കുറെ നാളത്തെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ് പേര്‍ നല്‍കിയവരുടെ ഉദ്ദേശ ശുദ്ധി മനസിലായത്. മരിച്ചു മുകളില്‍ നില്‍ക്കുന്ന ആ മനുഷ്യനെ നാറ്റിക്കുക. അതും ജാതിപേര്‍ പറഞ്ഞു ആക്ഷേപിച്ച സ്ഥാപനത്തിന്‍റെ പേരില്‍.


ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരികകുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത സംവിധായകന്‍ ചെയര്‍മാനും ശങ്കര്‍ മോഹന്‍ എന്ന കേന്ദ്ര ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിലെ ഉന്നതനായി വിരമിച്ച പ്രഗല്‍ഭന്‍ ഡയറക്ടറുമായ സമിതിയാണ് അവിടം ഭരിക്കുന്നത്. തൊട്ടുമുമ്പ് സുകൃതം സംവിധായകന്‍ ഹരികുമാര്‍ ചെയര്‍മാനും പബ്ലിക് റിലേഷന്‍സ് ഡയറക്ടറും തിരക്കഥാകൃത്തുമായ ഡോ. കെ അമ്പാടി ഡയറക്ടറുമായിരുന്നു. അന്ന് വലിയ പുകിലൊന്നുമില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനമാണിപ്പോള്‍ കലങ്ങിക്കിടക്കുന്നത്.

എന്തിനാണീ വിരമിച്ച, ഇപ്പോള്‍ സിനിമകള്‍ ചെയ്യാത്ത ഇവരെ തലപ്പത്തിരുത്തി എന്നതിനു ഉത്തരമില്ല. അടൂരിന് അര ലക്ഷവും സ്റ്റേറ്റ് കാറും ഡ‍്രൈവറുമാണ് പ്രതിഫലം. ചടങ്ങുകള്‍ക്കല്ലാതെ ഒരിക്കല്‍ പോലും അടൂര്‍ പാമ്പാടിയിലേക്കു പോയിട്ടില്ല.


അടൂര്‍ തന്നെ നിയമിക്കണമെങ്കില്‍ അര ലക്ഷം വേണമെന്നു മുഖ്യനോടു പറഞ്ഞതായാണറിവ്. അടൂരിന് അങ്ങിനെ അര ലക്ഷം ശമ്പളം കിട്ടി. അതിന്‍റെ പേരില്‍ ഹരികുമാറിനും കിട്ടി നല്ല തുക കുടിശിഖ. അതു നല്ല കാര്യം. (ഇതു കൂടാതെ അടൂരിന് മുപ്പതിനായിരം വീട്ടു വാടകയും കിട്ടുന്നുണ്ട്. ആ വാടകവീട്ടില്‍ തന്നെയാണോ അദ്ദേഹം താമസിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്.)


രണ്ടര മാസമായി സമരം. കോളജ് അടച്ചിട്ടിത്രയായിട്ടും അടൂര‍ അവിടേക്കൊന്നു തിരിഞ്ഞു നോക്കാത്തതിനെ എങ്ങനെ ന്യായീകരിക്കും ? നവോത്ഥാന നാടകങ്ങളില്‍ അഭിനയിച്ചു എന്നതുമാത്രമാണ് അടൂരിന് ഇടതുപക്ഷം കല്‍പ്പിക്കുന്ന അധിക യോഗ്യത. കോണ്‍ഗ്രസുകാരനായിരുന്ന അടൂരിനെ അങ്ങിനെ പ്രലോഭിപ്പിച്ച് ഇടതുപക്ഷക്കാരനാക്കി.

publive-image

കാശിന് ക്ഷാമമില്ലെങ്കിലും സര്‍ക്കാരിന്‍റെ നാലു പുത്തനും കാറും ഡ്രൈവറുമൊക്കെ കിട്ടിയാല്‍ ഏതു നവോത്ഥാന നായകന്‍റെ മനസിലാണ് ലഡു പൊട്ടാത്തത്. കണിച്ചുകുളങ്ങരയില്‍ ഒരു നവോത്ഥാന നായകന്‍ പിണറായിയുടെ പരിലാളനയും മോഡിയുടെ സുരക്ഷാ കവചങ്ങളും ആസ്വദിച്ച് പാവങ്ങളുടെ പടത്തലവനായി വിളങ്ങുന്ന കാര്യം നാം പുളകത്തോടെയാണല്ലോ ഓര്‍ക്കുന്നത്.

ശങ്കര്‍മോഹന്‍ പ്രഗല്‍ഭനാണ്. ആദ്യ ചിത്രത്തില്‍ തന്നെ നായകനായ നടന്‍. ഉയര്‍ന്ന ഉദ്യോഗം, നല്ല പെന്‍ഷന്‍. അടൂര്‍ ഉള്‍പ്പെടെയുള്ള അനേകം പ്രഗല്‍ഭര്‍ക്ക് ദേശീയ അവര്‍ഡു ലഭിച്ചതില്‍ കടപ്പാടു പറയേണ്ടത് ശങ്കര്‍ മോഹനോടാണ്. മലയാളത്തെ ദേശീയ അവാര്‍ഡു കമ്മറ്റി അവഗണിക്കാതെ പോയത് അദ്ദേഹം ഉള്ളതുകൊണ്ടുതന്നെ. പ്രഗല്‍ഭര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യും മുമ്പ് വളച്ചെടുക്കുന്നത് അവാര്‍ഡ് കമ്മറ്റിയില്‍ പോകാന്‍ സന്നദ്ധതയുള്ള പ്രതിഭയെയാണ്.


കമ്മറ്റിയിലാക്കാം, അവാര്‍ഡ് മറ്റാര്‍ക്കും പോകരുത് എന്നു പരസ്യമായി പറയില്ല. കമ്മറ്റിയിലേക്ക് താങ്കളെ ഉള്‍പ്പെടുത്തെണമെന്നു ഞാന്‍ മോഹനോട് പറഞ്ഞിട്ടുണ്ടെന്നായിരിക്കും പറയുക എന്നാണു കേള്‍വി. തെളിവില്ലാത്ത കേള്‍വിയാണിത്, പിന്നെ പ്രഗല്‍ഭന്‍ ടിക്കറ്റ് തരപ്പെടുത്തിക്കൊടുക്കും. സംഗതി ഓക്കെ. മലയാള സിനിമ പൂത്തുലഞ്ഞെന്നൊക്കെ നാം വച്ചു കാച്ചും.


നിര്‍ണയസമിതിക്കാര്‍ പരസ്പരം വീതിച്ചെടുക്കും. 'എന്‍ പ്രൃഷ്ടം നീ ചൊറിഞ്ഞീടില്‍ നിന്‍ പ്രൃഷ്ടം ഞാന്‍ ചൊറിഞ്ഞീടും' എന്നൊരു ചൊല്ലുണ്ടല്ലോ. അങ്ങിനെയാണ് മലയാള സിനിമ ലോക സിനിമയുടെ നെറുകയില്‍ കയറി ഇരിപ്പായത്. അടൂരിന് 80000 വും കാറും ഡ്രൈവറും. ശങ്കര്‍ മോഹന് രണ്ടു ലക്ഷത്തി 10,000 രൂപ ശമ്പളം. വീട്ടു വാടക 30000 രൂപ. കാര്‍, ഡ്രൈവര്‍ കൂടാതെ പെന്‍ഷന്‍ 80000 രൂപ. ശമ്പളത്തില്‍ പെന്‍ഷന്‍ തട്ടിക്കിഴിച്ചില്ല. അടൂരിനെ ചെയര്‍മാനാക്കിയത് എം.എ ബേബിയാണ്.

ശങ്കര്‍ മോഹന്‍റെ വീട്ടിലെ കക്കൂസു കഴുകാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൂപ്പുകാരെ ഉപയോഗിച്ചു. അവര്‍ക്കു കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ പുറത്ത് പ്രത്യേക പാത്രങ്ങള്‍. ജാതി നോക്കിയേ ഉള്ളിലേക്കു പ്രവേശനമുള്ളു. അങ്ങിനെയാണു സമരം തുടങ്ങിയത്.

സ്വയംവരത്തിന്‍റെ 50 -ാം ആഘോഷവും പനിയുമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയ അടൂര്‍ ചരിത്രപരമായ ഒരു അഭിപ്രായം പറഞ്ഞു: ഉന്നതകുലജാതനായ ശങ്കര്‍ മോഹന്‍ അങ്ങിനെയൊന്നും ചെയ്യില്ല. (പി.ആര്‍.എസ് പിള്ള എന്ന ആദ്യ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍റെ മകനാണ് ശങ്കര്‍ മോഹന്‍) ഉപകാര സ്മരണയെന്നു പറഞ്ഞു കളിയാക്കരുത്. കാരണം അവാര്‍ഡു വാങ്ങിക്കൊടുത്ത മറ്റ് ബുദ്ധിജീവികളാരും ശങ്കറിന് പിന്തുണയുമായി എത്തിയില്ലല്ലോ. ചെറുപ്പക്കാര്‍ അടൂരിന് പൊങ്കാലയിട്ടത് ഇങ്ങിനെയാണ്. എം.എ ബേബി മുതല്‍ ജോണ്‍ ബ്രിട്ടാസ് വരെ അടൂരിന് പിന്തുണയുമായെത്തി. നവോത്ഥാന നായകനല്ലേ.

(കടപ്പാട് ബി.ജെ.പി വക്താവ് ഗോപാലകൃഷ്ണനോട്. അദ്ദേഹത്തിന്‍റെ ഒരു പ്രയോഗത്തിലാണ് അടൂര്‍ ഇടതുപക്ഷമായി പോയത്. അതുവരെ കറകളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു.) ബ്രിട്ടാസിനെ നടന്‍ പ്രകാശ് രാജിന്‍റെ മുമ്പില്‍ വെച്ച് ജനം കൂവി ഇരുത്തിക്കളഞ്ഞു. എന്നിട്ടും എന്തേ അടൂരും ശങ്കര്‍ മോഹനും കടിച്ചുതൂങ്ങിക്കിടക്കുന്നു. ശങ്കര്‍ മോഹന്‍റെ കാലവധി കഴിഞ്ഞിട്ടേറെനാളായല്ലോ. രാജിക്കത്തു വലിച്ചെറിഞ്ഞ‌ിറങ്ങിപ്പോന്നൂടേ ? രണ്ടര മാസക്കാലം പൂട്ടിയിട്ടിട്ടും സര്‍ക്കാരിനനക്കമില്ല. പഴയിടം നമ്പൂതിരിയുടെ പിണക്കമകറ്റാന്‍ പോയവരാരും ഇവിടേക്കൊന്നു തിരിഞ്ഞു നോക്കിയില്ല.

ഗവര്‍മെന്‍റിനോട് പ്രത്യേകിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനോട് പറയാനുള്ളത്. കെ.ആര്‍ നാരായണന്‍റെ പേര് മാറ്റണം. അടൂരിന്‍റെ പേരു നല്‍കിയാലും വേണ്ടില്ല. അടൂരിന്‍റെയും ശങ്കറിന്‍റെയും രാജികത്ത് എഴുതി വാങ്ങണം. കക്കൂസു കഴുകിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. കള്ള വൗച്ചറെഴുതി വീട്ടുവാടക വാങ്ങിയത് അടൂരില്‍ നിന്നു തിരികെ പിടിക്കണം.

ശങ്കറിന്‍റെ പെന്‍ഷന്‍ തുക ശമ്പളത്തില്‍ കുറവു ചെയ്ത് കൂടുതല്‍ കൈപ്പറ്റിയ തുക തിരിച്ചു പിടിക്കണം. കെ.ബി ഗണേശനെയോ കോട്ടയംകാരനായ സംവിധായകന്‍ ജയരാജിനെയോ ചെയര്‍മാനാക്കണം. ഡയറക്ടറായി പി.ആര്‍.ഡിക്കാര്‍ മതി. ദേശീയ തലത്തില്‍ കേരളം ഇതിന്‍റെ പേരില്‍ ബുദ്ധിജീവികള്‍ക്കിടയില്‍ നാറിക്കൊണ്ടിരിക്കുകയാണ്. അതു തിരിച്ചറിയണം. ഞാന്‍ ഈയിടെ ഡല്‍ഹിയില്‍ പോയപ്പോള്‍ നാറ്റമടിച്ചതുകൊണ്ടു പറയുകയാ. അടൂരിന്‍റെ ദുരഭിമാനത്തിനു വിട്ടുകൊടുക്കാനുള്ളതാണോ ഈ അഭിമാന സ്ഥാപനത്തെ ?

Advertisment