Advertisment

കേരളത്തിലെ രണ്ടു ക്രൈസ്തവരായിരുന്നു സോണിയ ഗാന്ധിയുടെ ഇഷ്ടക്കാര്‍, പാര്‍ലമെന്‍ററി നടപടിക്രമങ്ങള്‍ പഠിപ്പിച്ച പിജെ കുര്യനും ഇംഗ്ലീഷ് പഠിപ്പിച്ച തോമസ് മാഷും ! മാഷ് കോണ്‍ഗ്രസിലിരുന്നുണ്ടാക്കിയ ബന്ധങ്ങളാണ് യെച്ചുരിയുമായും നരേന്ദ്ര മോഡിയുമായൊക്കെ. അതിപ്പോള്‍ ഒരെല്ലിന്‍ കഷണത്തിന്‍റെ രൂപത്തില്‍ പിണറായിക്ക് ഉപകാരമായി. ഡല്‍ഹി ബന്ധങ്ങളില്‍ ബ്രിട്ടാസിനേക്കാള്‍ മുമ്പിലാണ് മാഷ്. പണ്ട് മോഡി ഉപരാഷ്ട്രപതി സ്ഥാനം വച്ചുനീട്ടിയിട്ട് പാർട്ടിയെ ചതിക്കാതിരുന്ന കുര്യനിപ്പോള്‍ വേദനിക്കുന്നുണ്ടാകും - നിലപാടില്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

മുന്നണികളും വ്യക്തികളും മറുകണ്ടം ചാടുമ്പോള്‍ സ്ഥിരമായി ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. എന്ത് രാഷ്ട്രീയ പ്രശ്നത്തിന്‍റെ പുറത്താണ് ഈ മാറ്റം ? മുമ്പൊക്കെ അങ്ങിനെ ഒന്ന് ഒപ്പിച്ചെടുക്കേണ്ടതുണ്ടായിരുന്നു. കാലം മാറി. കഥ മാറി.

അധികാരത്തിന്‍റെ എല്ലിന്‍ കഷണത്തിനു വേണ്ടി ആര്‍ക്കും കാലുമാറാവുന്ന സാഹചര്യമാണിപ്പോള്‍. പ്രൊഫ. കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ പ്രതിനിധിയായി നിയമിച്ചതോടെ ഇവിടുത്തെ സി.പി.എം കോണ്‍ഗ്രസിനേക്കാള്‍ കഷ്ടമായിരിക്കുന്നു.


ജനപ്രിയനായ കോണ്‍ഗ്രസുകാരന്‍ ശശി തരൂരിനെ അവിടെ അവര്‍ തട്ടിക്കളിക്കുന്നതു കാണുന്നില്ലേ ? മുഖ്യമന്ത്രി സ്ഥാനത്തേക്കു വരാതിരിക്കാനാണ് നേതാക്കളുടെ പടയോട്ടം. അതിലവര്‍ ഒറ്റക്കെട്ടാണ്. പരസ്പരം നമുക്കു മല്‍സരിക്കാം. ഒരാള്‍ക്കു ജയിക്കാം. പുറമേ നിന്നൊരു തരൂര്‍ വന്നത് കൈക്കലാക്കരുത്. അത്രേയുള്ളു.


കേഡര്‍ സ്വഭാവമുള്ളതിനാല്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ എതിര്‍ വാക്കില്ല. അതിനാല്‍ കാലുമാറുന്നവര്‍ക്കെല്ലാം അധികാരത്തിന്‍റെ അപ്പക്കഷണം റെഡി.

ഇടതുപക്ഷത്ത് നാലു വര്‍ഷം നല്ല രണ്ടു വകുപ്പുകള്‍ ഭരിച്ചു എല്ലാ നേട്ടങ്ങളും കൊയ്തശേഷം യു.ഡി.എഫിലേക്കു ചേക്കേറാന്‍ പി.ജെ ജോസഫ് പോലും ഒരു വര്‍ഷത്തെ ഇടവേള കൊടുത്തു. റബറും ഭൂമിയും ഇടുക്കിയുമൊക്കെ എടുത്തിട്ട് ചില്ലറ സമരങ്ങള്‍ നടത്തി. അതിനുശേഷമാണ് ഇപ്പുറത്തെത്തി 5 വര്‍ഷം മന്ത്രിയായത്. ആ ഉളുപ്പു പോലും തോമസ് മാഷിനില്ലാതെ പോയല്ലോ.


കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി തോമസിനെ ക്ഷണിച്ചത് അദ്ദേഹം മഹാനായ ചിന്തകനോ പ്രാസംഗികനോ ആയിരുന്നതുകൊണ്ടല്ല.


കേരളത്തിലെയും ഡല്‍ഹിയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ തനിക്ക് മല്‍സരിക്കാന്‍ വീണ്ടും സീറ്റു നല്‍കാതിരുന്നതിലുള്ള പരിഭവമായിരുന്നു അനേകം തവണ എം.പി.യും ഒരു തവണ കേന്ദ്രമന്ത്രിയും ഒരു തവണ കേരള മന്ത്രിയും ആയിരുന്ന മാഷിന്.

സി.പി.എമ്മിലായിരുന്നെങ്കില്‍ എന്നേ മാഷിനെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു നിയോഗിച്ചേനേ. അന്ന് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ്രസംഗിച്ച് പിണറായി വിജയനെ വാഴ്ത്തിയപ്പോഴേ ഇടപാടുകളൊക്കെ അന്തിമമായി തീരുമാനിച്ചുകഴിഞ്ഞു എന്നു വ്യക്തമായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കു പ്രചാരണത്തിനിറങ്ങിയപ്പോഴും മാഷ് പറഞ്ഞുകൊണ്ടിരുന്നത് ഞാന്‍ കോണ്‍ഗ്രസുകാരനെന്നാണ്.

ഡ‍ല്‍ഹിയില്‍ സ്റ്റേറ്റ് കാറില്‍ സര്‍ക്കാര്‍ ദൂതനായി കറങ്ങുമ്പോഴും മാഷ് പറയും ഞാനിപ്പോഴും യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്ന്. അതിനുള്ള മെയ്‌വഴക്കം മാഷിനുണ്ട്. രാഷ്ട്രീയക്കാരനല്ലായിരുന്ന മാഷിനെ കെ. കരുണാകരനാണു രാഷ്ട്രീയത്തിലിറക്കിയത്. കേരളം കണ്ട ഏറ്റവും മികച്ച പിരിവുകാരനായിരുന്നു മാഷ്. ആ ചാതുര്യമാണ് കരുണാകരനെ ആകര്‍ഷിച്ചതെന്നു തോന്നുന്നു. പിന്നെ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി.


സോണിയക്ക് അന്നും ഇന്നും കത്തോലിക്കരോട് ആണ് കൂടുതല്‍ ഇഷ്ടം. ഇറ്റലിയല്ലെ. മാര്‍പ്പാപ്പയല്ലേ. പ്രൊഫ. പി.ജെ കുര്യനായിരുന്നു അന്നു സോണിയയെ പാര്‍ലമെന്‍ററി നടപടി ക്രമങ്ങള്‍ പഠിപ്പിച്ചിരുന്നത്. തോമസ് മാഷ് ഇംഗ്ലീഷും. ഇതു കാരണം കുര്യനെ ആന്‍റണി സ്ഥിരമായി ഡല്‍ഹിയില്‍ തളച്ചിട്ടു. തോമസ് മാഷിനെ കരുണാകരനും.


എം.പി അല്ലാത്തപ്പോഴും അവിടെ താമസിക്കണം. ഇരുവരുടെയും ജോലി ഒന്നുതന്നെ. സോണിയയെ സ്വാധീനിക്കുക. കരുണാകരനു വേണ്ടി മാഷും ആന്‍റണിക്കു വേണ്ടി കുര്യന്‍ സാറും കിണഞ്ഞു പൊരുതി.

അതിനെ ഉപജാപമെന്നും ഏഷണിയെന്നുമൊക്കെ ശത്രുക്കള്‍ പറയുന്നുണ്ടായിരുന്നു. കുര്യനെ കടത്തിവെട്ടാനാണ് മാഷ് 'തിരുത'യെ രംഗത്തിറക്കിയത്. അതോടെ സോണിയയും പിള്ളേരും വീണു. അത്രക്കായിരുന്നത്രെ തിരുതയുടെ രുചി.

അതൊക്കെ പഴയ കാലം. മാഷിനെ അവഗണിച്ചെന്ന തിരിച്ചറിവിലാണ് അദ്ദേഹം വിമതനായത്. കോണ്‍ഗ്രസില്‍ നിന്നു സി.പി.എമ്മിലേക്കാണല്ലോ പോയതെന്നാശ്വസിക്കാം.


ഇതറിയുമ്പോള്‍ കുര്യന്‍ സാറായിരിക്കും ഏറെ വേദനിക്കുക. നരേന്ദ്ര മോഡി കുര്യന്‍ സാറിന് ഉപരാഷ്ട്രപതി സ്ഥാനം വച്ചു കാത്തിരുന്നതാണ്. കുര്യന്‍ സാറ് ആ ചൂണ്ടയില്‍ കൊത്തിയില്ല. കേരളത്തില്‍ കോണ്‍ഗ്രസ് സീറ്റും കൊടുത്തില്ല. അവസരം വന്നപ്പോള്‍ 'കാക്കക്കു വായ്പ്പുണ്ണെന്നു' പറഞ്ഞപോലെയായി.


തോമസ് മാഷും കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധത്തിലാണ്. നരേന്ദ്ര മോഡിയുമായി ഹോട് ലൈനുണ്ട്. അതിനാല്‍ ഇനി മോഡിക്കും പിണറായിക്കും ഇടയിലെ പാലമായിരിക്കും മാഷ് എന്നു ശത്രുക്കള്‍ പറയുന്നുണ്ട്.

പാലമായാലും ഇല്ലെങ്കിലും വികസനമാണു പ്രശ്നം. ഇവിടുത്തെ ബി.ജെ.പിക്കാരെ കാര്യമായെടുക്കേണ്ട. കാരണം ഇവര്‍ക്കെതിരെ നിരന്തരം രഹസ്യ റിപ്പോര്‍ട്ടു നല്‍കിയ സി.വി ആനന്ദബോസാണിപ്പോള്‍ ബംഗാള്‍ ഗവര്‍ണര്‍.


പിണറായിക്കൊരു താങ്ങും തണലുമായിരിക്കും മാഷ്. കാരണം എന്തിനും ഏതിനും ബ്രിട്ടാസിനെ ആശ്രയിക്കുന്നതൊഴിവാക്കാം. ബ്രിട്ടാസിനേക്കാള്‍ പിടിപാടുണ്ട് മാഷിന് ഡല്‍ഹിയില്‍. പിന്നെ കടുത്ത വിശ്വസ്തന്‍. സമ്മതിക്കേണ്ടത് പിണറായിയെയാണ്. മാഷിനെയും ശോഭനാ ജോര്‍ജിനെയും തന്‍റെ കുടക്കീഴില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലേ.


വ്യാജരേഖയുണ്ടാക്കി മാഷിനെ മന്ത്രിപദം തെറിപ്പിക്കാന്‍ നോക്കിയെന്ന കുറ്റത്തിനാണ് ശോഭനയെ എ.കെ ആന്‍റണി പിടിച്ചു ജയിലിലിട്ടത്. അന്ന് കുറെ പിരാകിയതാണു ശോഭന മാഷിനെ. കുറെ ഏറ്റുകാണും. അതായിരുന്നല്ലോ കാനന വാസം. എന്തായാലും മാഷും ശോഭനയും പിണറായിയുടെ ഇരു വശത്തും ഇരിക്കുന്നതു കാണാന്‍ കണ്ണുകള്‍ കൊതിക്കുന്നുണ്ട്.

Advertisment