Advertisment

തടഞ്ഞുവച്ച ഏതെങ്കിലും കലാരൂപം ഹിറ്റാകാതിരുന്നിട്ടുണ്ടോ ? കാണേണ്ടവര്‍ കാണട്ടെ. വേണ്ടതു വേര്‍തിരിച്ചെടുക്കാന്‍ മനുഷ്യര്‍ക്കറിയാം. ചിന്തകള്‍ക്കെന്തിനു കടിഞ്ഞാണിടണം. ദ്വിഗ് വിജയ് സിങ്ങിനാകാമെങ്കില്‍ അനില്‍ ആന്‍റണിക്കുമാകാം. മറ്റൊരു തുഗ്ലക്ക് മോഡലാണ് കൊളീജിയം. 'ബഞ്ചിനൊത്ത വക്കീല്‍' ഏര്‍പ്പാട് അവസാനിപ്പിക്കണം - നിലപാടില്‍ ആര്‍. അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

അസംബന്ധ നാടകങ്ങളാല്‍ നമ്മുടെ സാമൂഹിക ശരീരം ആഭാസകരവും അശ്ലീലവുമായി പോകുന്നതില്‍ പരിതപിക്കുക. മോഡിക്കെതിരെ ബി.ബി.സി. ഗുജറാത്ത് കൂട്ടക്കൊല ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് - ഡി.വൈ.എഫ്.ഐക്കാരും തടയാന്‍ ബി.ജെ.പി.ക്കാരും. സംഘര്‍ഷവും ജലപീരങ്കിയും. പ്രദര്‍ശനവും വായനയും തടഞ്ഞു നിരോധിച്ച എന്തെങ്കിലും കലാരൂപം ഹിറ്റാകാതിരുന്നിട്ടുണ്ടോ ?

സല്‍മാന്‍ റുഷ്‌ദിയുടെ സാത്താനിക് വേഴ്‌സസ്‌ പലയിടത്തും നിരോധിച്ചു, ഇന്ത്യയിലും. പക്ഷേ അതു വായിക്കാത്തവര്‍ വിരളം. സിനിമയില്‍ കട്ട് ചെയ്ത സീനുകള്‍ കാണാനാണ് ആള്‍ക്കാര്‍ക്കാവേശം, സിനിമ കണ്ടില്ലെങ്കിലും. അതിനാല്‍ ഡോക്യുമെന്‍ററി നാട്ടുകാര്‍ കാണട്ടെ. അതിനെതിരെ തടയല്‍ സമരവുമായി പോയാല്‍ ബാക്കിയുള്ളവര്‍ കൂടി തെരഞ്ഞുപിടിച്ചു കാണും. നഷ്ടം ആര്‍ക്കാ ? മോഡിക്ക്.


റഷ്യ - ക്യൂബ - ചൈന കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നടന്ന കൂട്ടക്കൊലകളൊക്കെ ചരിത്ര വസ്തുതകളായി ഇവിടെ കാണിക്കാന്‍ തുടങ്ങിയാല്‍ യുവമോര്‍ച്ചയുടെ സമരം ഡി.വൈ.എഫ്.ഐ. നടത്തും. സുവര്‍ണ ക്ഷേത്രത്തിലെ കൂട്ടക്കൊല (ഡല്‍ഹി ഉള്‍പ്പെടെ കാണിച്ചാല്‍) അതു കോണ്‍ഗ്രസും. എന്തൊരു ഹിപ്പോക്രസിയാണീ കക്ഷികള്‍ക്കൊക്കെ ?


വിദേശ രാജ്യങ്ങള്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പ്രശ്നമായാണ് ഈ ഡോക്യുമെന്‍ററിയെ എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി കണ്ടത്. യുദ്ധം വന്നപ്പോള്‍ ഇന്ദിരാഗാന്ധി (പ്രധാനമന്ത്രി) ക്കു കീജെയ് വിളിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ആ തരത്തില്‍ ചിന്തിക്കാനാണ് അനിലിനു തോന്നിയത്.

അതിന്‍റെ പേരില്‍ അനിലിന്‍റെ രക്തം കുടിക്കാനിറങ്ങിയിട്ടുണ്ട് കുറേ രക്ഷസുകള്‍. ചിന്തകള്‍ക്കെന്തിനു കടിഞ്ഞാണിടണം ? എതിര്‍ത്താല്‍ പോരേ ? സ്വീകരിക്കാതിരുന്നാല്‍ പോരേ ? കുത്തക പിന്തിരിപ്പന്‍ നാടായ ഇംഗ്ലണ്ടില്‍ ഭരണകക്ഷികള്‍ക്കും പ്രധാനമന്ത്രിക്കെതിരെ പറയാം, വോട്ടും ചെയ്യാം.

ഇവിടെ വിപ്പെന്ന ചങ്ങല കൊണ്ടുവന്ന് മറ്റുള്ളവരെ നിശബ്ദമാക്കി ഏകാധിപതികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയല്ലേ ? ഒരു പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ചു ജയിച്ചാല്‍ അഞ്ചു വര്‍ഷം അടിമയായി കിടന്നോളണം. ഫലമോ ബി.ജെ.പി.ക്ക് പണ നഷ്ടം. പാര്‍ട്ടികളെ മൊത്തമായി തന്നെ വിലക്കെടുത്തേ പറ്റൂ എന്നതായി അവസ്ഥ.

യൂട്യൂബില്‍ ആരൊക്കെ എന്തൊക്കെയോ പറയുന്നു. ഒക്കെ ഒരു നയനസുഖം അഥവാ കാതു കുളിര്‍പ്പിക്കല്‍ ഒക്കെയായേ ആളുകള്‍ കാണുന്നുള്ളു. വേണ്ടത് വേര്‍തിരിച്ചെടുക്കാന്‍ മനുഷ്യര്‍ക്കറിയാം. എന്തു കാണണം എന്തു തിന്നണം എന്നൊന്നും ആരും പറയാന്‍ പോകേണ്ട. നിര്‍ബന്ധിച്ചു കാണിക്കാനും തീറ്റാനും പോകേണ്ട. അതാണല്ലോ സ്വാതന്ത്ര്യം.

പാകിസ്ഥാനില്‍ ബോംബിട്ടതിന്‍റെ തെളിവു വേണമെന്നു ദ്വിഗ്‌ വിജയ് സിംഗ് പറഞ്ഞപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നു രാഹുല്‍ ഗാന്ധിക്കു പറയാമെങ്കില്‍ അനില്‍ ആന്‍റണിക്കു സ്വന്തം അഭിപ്രായം പറഞ്ഞുകൂടേ ? അതിരിക്കട്ടെ, സിംഗിനെ തിരുത്താന്‍ രാഹുല്‍ ആരാണ് ? പാര്‍ട്ടിയിലെന്താ പദവി ? അപ്പോള്‍ കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയെന്നു പറയുന്നവരെ എന്തു ജനാധിപത്യ അളവുകോല്‍ കൊണ്ടാണ് പ്രതിരോധിക്കുക ? ഒക്കെ അസംബന്ധ നാടകങ്ങള്‍ അല്ലേ ?

'ബെഞ്ചിനൊത്ത വക്കീല്‍' എന്തിന് ?


മറ്റൊരു തുഗ്ലക്ക് മോഡലാണ് കൊളീജിയം. ജഡ്ജിമാരെ അവര്‍തന്നെ നിയമിക്കുക. സ്വന്തം വര്‍ഗത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുക. മൃഗങ്ങളായിരുന്നെങ്കില്‍ പ്രകൃതിനിയമത്തിന്‍റെ ഗണത്തില്‍ പെടുത്താമായിരുന്നു.


ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ പ്രസംഗിച്ചതിങ്ങനെ: കേന്ദ്രവും സുപ്രീംകോടതിയും നിയമനത്തില്‍ ബാര്‍ട്ടര്‍ സിസ്റ്റം നടത്തുന്നു. (കൊടുക്കല്‍ വാങ്ങല്‍). കൊളീജിയം നിയമനങ്ങളിലൂടെ രാജവംശ ഭരണമാണ് കോടതികളില്‍. അതില്‍നിന്നിഷ്ടമുള്ളവരെ നിയമിക്കുകയാണ് കേന്ദ്രം. കൊളീജിയം നിയമനത്തിനു ശിപാര്‍ശ ചെയ്യുന്നവരില്‍ നല്ലൊരു പങ്കും നിലവിലുള്ളവരോ ഉണ്ടായിരുന്നവരോ ആയ ജഡ്ജിമാരുടെ ബന്ധുക്കളാണ്. ഇങ്ങിനെ പോയി ബ്രിട്ടാസിന്‍റെ വിമര്‍ശനങ്ങള്‍.

കൊളീജിയത്തിനെതിരെ കേന്ദ്രം നിലപാടു കടുപ്പിച്ചിരിക്കുകയാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഈ ഏര്‍പ്പാടില്ലായിരുന്നു. സീനിയോരിറ്റി മറികടന്ന് അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ നിയമിക്കുകയും തഴയപ്പെട്ടവര്‍ രാജിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷം കോടതികള്‍ തന്നെ ഏര്‍പ്പെടുത്തിയതാണീ സംവിധാനം. ജുഡീഷ്യല്‍ കമ്മീഷന്‍ വേണം നിയമനത്തിന്, അതാണ് നീതി. പാര്‍ലമെന്‍റ് പാസാക്കിയിട്ടും ഭരണഘടന വിരുദ്ധമെന്നു പറഞ്ഞ് അതിനെ ഇല്ലാതാക്കരുത്.


തങ്ങള്‍ക്കിഷ്ടമുള്ള വിധികളൊക്കെ ഗംഭീരമെന്നും എതിരായതൊക്കെ പിന്തിരിപ്പന്‍ എന്നും പറഞ്ഞു കാണിക്കുന്ന കുരുട്ടുബുദ്ധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണം.


ജുഡീഷ്യറി അഴിമതിരഹിതമല്ലെന്ന് കേരള ഹൈക്കോടതിയില്‍ തന്നെ തെളിഞ്ഞില്ലേ ? ജഡ്ജിക്കുവേണ്ടി എന്നു പറഞ്ഞു കോഴ വാങ്ങിയ അഭിഭാഷക കേസരിക്കെതിരെ കേസെടുത്തതു ഹൈക്കോടതി പറഞ്ഞിട്ടാണല്ലോ ? കോടതി പറയാതെ തന്നെ കേസെടുക്കാന്‍ കഴിയുന്നിടത്താണ് യഥാര്‍ത്ഥ നീതി.

ഒരു കേസ് പിടിക്കപ്പെടുമ്പോള്‍ ചിന്തിച്ചുകൊള്ളണം ഇതേപോലെയുള്ള എത്രയോ കേസുകള്‍ പിടിക്കപ്പെടാതെ പോകുന്നുണ്ടെന്ന്. പരാതിക്കാരനെ സ്വാധീനിച്ചാല്‍ മതി. ഒറ്റയടിക്കു പ്രശ്നം തീര്‍ക്കാം. അതിന് കിടങ്ങൂര്‍ വക്കീല്‍ ശ്രമിച്ചുകാണാതിരിക്കില്ല. എവിടെയോ പാളിപ്പോയി. അഥവാ വാങ്ങി.. വാങ്ങി തളിര്‍ത്തു പൂത്തപ്പോള്‍ എവിടെയോ കാലൊന്നിടറി. എത്രയോ പേര്‍ക്കു വേണ്ടി എത്രയോ പേര്‍ പണം വാങ്ങുന്നുണ്ടാകാം. അതാണല്ലോ 'ബഞ്ചിനൊത്ത വക്കീല്‍' എന്ന ആപ്ത വാക്യം.

Advertisment