Advertisment

ഈ യുവത്വത്തിനെന്ത് പറ്റി ? ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷും മലയാളവും അറിയില്ല. ഗാന്ധിജിയുടെ ജന്മദിനം അറിയില്ലെങ്കിലും സാനിയ ഇയ്യപ്പന്‍റെ നെഞ്ചളവ് കാണാപാഠം. മക്കളെ നേര്‍വഴിയ്ക്ക് നടത്താന്‍ ഒന്നുകില്‍ ഈശ്വര ചിന്ത, അല്ലെങ്കില്‍ രാഷട്രീയ ചിന്ത. ഈ തലമുറയ്ക്ക് അതു രണ്ടും വേണ്ട, എംഡിഎംഎ മതി. നാട്ടിലാണെങ്കില്‍ അരിവിലയല്ല പ്രശ്നം, നയന്‍താര പെറ്റതാണ്. അല്‍പജ്ഞാനത്തിന്‍റെ അപകടാവസ്ഥിയിലായ 23 കാരന്‍ കൊലപാതകം നടത്തുന്നത് ശിക്ഷ ഗൂഗിളില്‍ നോക്കി ഉറപ്പാക്കിയാണ് - 'നിലപാടി'ല്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

നമ്മുടെ യുവത്വത്തിനെന്താണു സംഭവിക്കുന്നത് ? ഒരു ചെറുപ്പക്കാരന്‍ യുവതിയെ തലയറുത്തു കൊല്ലുന്നു. അവന് ശിക്ഷാവിധിയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്. ഇപ്പോള്‍ 23 വയസ്. 14 വര്‍ഷത്തെ ചികിത്സ കഴിയുമ്പോള്‍ 39 വയസ്. അതു ഗൂഗിളാണ് അവനെ പഠിപ്പിച്ചത്. മുപ്പത്തി ഒന്‍പതു മുതലുള്ള ജീവിതം മതി. എന്നാലും ലക്ഷ്യം സാധിച്ചല്ലോ.

ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഇവനെ ആരാണ് പഠിപ്പിക്കുന്നത് ? ഗൂഗിളിനെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ ? ഇതില്‍ എവിടെയാണു രക്ഷാകര്‍ത്താക്കളുടെ സ്ഥാനം ? മക്കളെ നേര്‍വഴിക്കു നടത്താന്‍ ഇവര്‍ എന്തു ശ്രമമാണു നടത്തുന്നത് ?

ഒന്നുകില്‍ ഈശ്വര ചിന്ത, അല്ലെങ്കില്‍ രാഷ്ട്രീയ ചിന്ത. പത്രങ്ങളും പുസ്തകങ്ങളും വായിപ്പിക്കല്‍. ക്ലാസിക്കുകളും പുരാണ കഥകളും അവയിലെ ഗുണപാഠങ്ങളും അവന്‍റെ മുമ്പില്‍ തുറന്നുവെക്കല്‍ ഒക്കെ അവസാനിച്ചില്ലേ ? അമ്മൂമ്മയുടെ മുമ്പില്‍ കഥകള്‍ കേള്‍ക്കാന്‍ ആരാണ് മക്കളെ കൊണ്ട് ഇരുത്തുക ?

publive-image


കുട്ടികളുടെ മുമ്പില്‍ വച്ച് അപ്പൂപ്പനെയും അമ്മൂമ്മയെയും പരിഹസിച്ച് മിടുക്കു നടിക്കുന്ന കഴുതകളുടെ നാടായി ഇവിടം മാറിയില്ലേ ? എന്നിട്ട് അമ്മ ദിനത്തിന് 'അമ്മമഴക്കാല'മെന്ന പാട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. അച്ഛന്‍ ദിനത്തിന് അച്ഛനുറങ്ങാത്ത വീടിന്‍റെ കഥ.


ഒക്കെ നാടകങ്ങള്‍. അഭിനയങ്ങള്‍. സ്വന്തം അമ്മമാരെ നടതള്ളി സ്വന്തം മക്കള്‍ക്കു സ്വത്തുണ്ടാക്കാന്‍ വ്യഗ്രത കാട്ടുന്നതാണീ ലോകം.

ഒരു എഫ്.ബി പോസ്റ്റ് കഴിഞ്ഞ ദിവസം കണ്ടു. അരിക്കു (കിലോ) വില 62 രൂപയാക്കി. അതാരും അറിഞ്ഞില്ല. നമ്മുടെ ശ്രദ്ധ നയന്‍താര പെറ്റതിലും മീനാക്ഷി സാരി ഉടുത്തതിലും ദുല്‍ഖര്‍ വാങ്ങിയ പുതിയ കാറിലുമാണ്. എത്ര അര്‍ത്ഥവത്തായിരിക്കുന്നു. മലയാളത്തില്‍ സ്വന്തം പേരെഴുതിയാല്‍ അക്ഷര തെറ്റുവരുത്തുന്നവന്‍ സ്മാര്‍ട്ട് ഫോണിന്‍റെ അന്ത്യം കണ്ടവന്‍.

മലയാളം സംസാരിച്ചാല്‍ കര്‍ത്താവിലും കര്‍മ്മത്തിലും കൂടിക്കുഴയും. പക്ഷേ സൈബര്‍ ഭാഷയും നിയമങ്ങളും അവനു കാണാപാഠം. ഇതിന്‍റെ അര്‍ത്ഥം ഇംഗ്ലീഷ് നന്നായി അറിയാമെന്നല്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ച് നാം പിള്ളേരെ ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാത്തവരാക്കിക്കളഞ്ഞു.

publive-image

മഹാത്മാഗാന്ധിയുടെ ജനനതീയതി അറിയാത്തവന്‍ സാനിയ ഇയ്യപ്പന്‍റെ നെഞ്ചളവുവരെ കാണാപഠം. സ്വന്തം അച്ഛന്‍റെ പിറന്നാളറിയാത്തവന് പ്രണവ് മോഹന്‍ ലാലിന്‍റെയും കല്യാണി പ്രിയദര്‍ശന്‍റെയും ആദ്യ സിനിമ ഷൂട്ടിംഗ് തീയതികള്‍ നിശ്ചയം. നയന്‍താരയുടെ പ്രസവമായിരുന്നല്ലോ കുറെനാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഗര്‍ഭപാത്രം വാടകക്കെടുത്തു കുഞ്ഞുങ്ങളെ സൃഷ്ടിച്ചതില്‍ ഇവിടുത്തെ അനുജന്‍മാര്‍ക്കും കിളവന്‍മാര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. നയന്‍താരയുടെ ആലില അളിപുളിയായില്ലല്ലോ എന്നതായിരുന്നു ചര്‍ച്ചാ വിഷയം.


ട്രെയിനില്‍ കള്ള ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഫ്രീക്കുകള്‍ക്കു ദുര്‍ഖര്‍ വാങ്ങിയ പുതിയ കാറിന്‍റെ വിലവരെ കാണാപാഠം. പണി പെയിന്‍റടിയാണെങ്കിലും കൊത്തനാണെങ്കിലും യോയോ തന്നെ. കാശില്ലാതാകുമ്പോള്‍ എം.ഡി.എം.എ ശരണം. വില്‍പ്പന. കരിയര്‍. ഉദ്യോഗങ്ങള്‍ ഏറെ. അകത്തായാല്‍ എന്നെങ്കിലും പുറത്തു വരുമല്ലോ എന്ന ആശ്വാസം.


നമ്മുടെ കക്ഷികളാണെങ്കില്‍ ഹാളില്‍ സ്വാമിമാരെ വിളിച്ചിരുത്തി ചര്‍ച്ച നടത്തും. സ്കൂളില്‍ പോകുന്ന വീട്ടിലെ കുട്ടികളുട ബാഗ് പരിശോധിക്കില്ല. അവന്‍റെ തെറിവിളി കേള്‍ക്കേണ്ടല്ലോ. അല്ലെങ്കില്‍ കൈകോര്‍ത്തു നില്‍ക്കാം. ഭയന്ന് എം.‍ഡി.എം.എ മാളത്തിലൊളിക്കും.

എക്സൈസ്-പോലീസ് വിഢ്യാന്‍മാരാണതിലും കേമന്‍മാര്‍. എം.ഡി.എം.എ കച്ചവടക്കാരനെ പിടിച്ചു. 15 ഗ്രാം പിടിച്ചെടുത്തു. ഉപയോഗിക്കുന്ന 250 കുട്ടികളുടെ ലിസ്റ്റ് കിട്ടിയത്രെ. അതില്‍ പെണ്‍കുട്ടികളും പെടും. പിന്നെന്തുവേണം. സംഗതി കുശാല്‍. രക്ഷാകര്‍ത്താക്കള്‍ പണവുമായെത്തും. പുറത്തറിയാതിരിക്കാന്‍.

പണവും വാങ്ങി രക്ഷകന്‍ ചമഞ്ഞ് രസിക്കും. അല്ലാതെ ആ കുട്ടികളുടെ ഭാവി നശിക്കാതെ പുറത്തറിയാതെ കൗണ്‍സിലിംഗ് നടത്തി ജീവിതങ്ങളെ രക്ഷിക്കുക. ഹേയ്. അത് നിയമവിരുദ്ധം.. എല്ലാറ്റിനും കേസ് ചാര്‍ജ് ചെയ്യണ്ടേ ? അതല്ലേ നിയമം ? അങ്ങിനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയില്ലേ ഞങ്ങള്‍ ശപ്പന്‍മാരെന്ന്.

സോഷ്യല്‍ മീഡിയക്കേറെ ഗുണങ്ങളുണ്ട് - പക്ഷേ അവ നമ്മുടെ വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും നശിപ്പിക്കുന്നു. അല്‍പ ജ്ഞാനത്തിന്‍റെ അപകടാവസ്ഥയിലാണവര്‍. എന്താണു പരിഹാരം ? ബോധവല്‍ക്കരണ ക്ലാസുകള്‍ ഇതൊന്നും ഉപയോഗിക്കാത്തവര്‍ക്കായി നടത്തി നമുക്ക് അരങ്ങു തകര്‍ക്കാം. അതാണ് കേരളം. അതായിക്കൊണ്ടേയിരിക്കുന്നു.

Advertisment