Advertisment

കൊച്ചിയെ മയക്കുമരുന്നിന്‍റെ ഹബ്ബാക്കി മാറ്റിയത് മലയാള സിനിമയോ ? രണ്ടായിരത്തിനു ശേഷം മലയാള സിനിമയുടെ കേന്ദ്രബിന്ദു കൊച്ചിയാണ്; മയക്കുമരുന്നു മാഫിയയുടെയും ! ഒത്താശ ചെയ്യാന്‍ താര രാജാക്കന്മാരും. ലൊക്കേഷനില്‍ നാര്‍ക്കോട്ടിക് പരിശോധന നടക്കണം. കാരവനുകള്‍ നിരീക്ഷിക്കണം - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ യുവനടൻ ശ്രീനാഥ് ഭാസിയെ മരട് പോലീസ് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ഒരു യൂട്യൂബ് അവതാരകയുടെ പരാതിയിലാണ് പോലീസ് നടപടി. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.

ഇതേ ശ്രീനാഥ് ഭാസിയുടെ മറ്റൊരു അഭിമുഖവും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. കേട്ടാൽ അറയ്ക്കുന്ന തെറികളും വൃത്തികെട്ട ചേഷ്ടകളും ഇതിൽ കാണാം. സുബോധത്തോടെയല്ല,  മയക്കുമരുന്നിന്റെ ലഹരിയിലാണ് ഈ കോപ്രായങ്ങളെല്ലാം ശ്രീനാഥ് ഭാസി കാണിക്കുന്നത് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതറിയാന്‍ താരത്തിന്‍റെ മുടി, നഖം എന്നിവയുടെ സാമ്പിള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മയക്കുമരുന്നിടപാടിലും വിതരണത്തിലും ആരോപണ വിധേയനായ മറ്റൊരു നടനാണ് ഷൈൻ ടോം ചാക്കോ. ഇയാളുടെ വിക്രിയകൾ അടങ്ങുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ ധാരാളം. ഷൈൻ ടോം ചാക്കോ ഏതാനും വർഷങ്ങൾക്ക് മുമ്പ് മയക്ക്മരുന്നുമായി പിടിക്കപ്പെട്ടതാണ്. അന്ന് 'മുകളിൽ' നിന്നുള്ള ശക്തമായ സമ്മർദ്ദം മൂലം അയാൾ രക്ഷപെടുകയായിരുന്നു.

publive-image


മലയാളത്തിലെ പ്രമുഖ നടന്റെ പുത്രനും യുവതാരവുമായ വ്യക്തിയുടെ പേരും പ്രമുഖ സംവിധായകന്റെ പുത്രനും യുവതാരമായ മറ്റൊരു വ്യക്തിയുടെ പേരും ഇതോടൊപ്പം ഉയർന്നുവന്നിരുന്നു.


അന്ന് ഉന്നതങ്ങൾ ഇടപെട്ട് ഇവരെ രക്ഷപെടുത്തുകയായിരുന്നു. അതിന് ശേഷം ഷൈൻ ടോം ചാക്കോ ഈ താരങ്ങളുടെ പല ബിഗ് ബജറ്റ് ചിത്രങ്ങളിലും അഭിനയിച്ചതും സംശയം ഉണർത്തുന്നു. അന്ന് ചെയ്ത സേവനത്തിന്റെ പ്രതിഫലമാണോ ഈ ചിത്രങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശ്രീനാഥ് ഭാസിയുടേയും ഷൈൻ ടോം ചാക്കോയുടേയും മനോനില തെറ്റിയ നിലയിലുള്ള പ്രകടനം നാം കണ്ടു. ഇതേ പോലെ കാണാൻ ഇടവരാത്ത പ്രകടനങ്ങൾ എത്രയുണ്ടാവും. മലയാള സിനിമയിലെ യുവ തലമുറ മയക്ക്മരുന്നിന് അടിമപ്പെട്ടു കഴിഞ്ഞു എന്നത് ഞെട്ടിക്കുന്ന ഒരു സത്യമായി മാറിക്കഴിഞ്ഞോ ?

publive-image

ഇവരൊക്കെ മയക്ക്മരുന്ന് ബിസിനസിലും പങ്കാളികളാണ് എന്നാണ് ഇന്റലിജൻസിൽ നിന്ന് ലഭിക്കുന്ന വിവരം. സിനിമ അഭിനയിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി പണം ഇവർ മയക്ക്മരുന്ന് ബിസിനസിലൂടെ ഉണ്ടാക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. സിനിമയുടെ ആവരണം ഇവർ മയക്കു മരുന്ന് മാഫിയയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുകയാണ് എന്നതാണ് സത്യം.


പിടിക്കപ്പെട്ടാൽ മലയാള സിനിമയിലെ മേലാളൻമാർ രക്ഷയ്ക്കെത്തും എന്ന് ഇവർക്ക് ഉറപ്പുണ്ട്. കൊച്ചിയെ മയക്കുമരുന്നിന്റെ ഹബ് ആക്കി മാറ്റിയത് മലയാള സിനിമയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി മലയാള സിനിമയുടെ കേന്ദ്രബിന്ദു കൊച്ചിയാണ്. സിനിമയോടൊപ്പമോ സിനിമയേക്കാളേറെയോ മയക്ക്മരുന്ന് വ്യവസായം കൊച്ചിയിൽ തഴച്ച് വളർന്നിരിക്കുന്നു.


എന്തുകൊണ്ടാണ് സിനിമാ ലൊക്കേഷനിൽ പരിശോധന നടത്താത്തത് ? പോലീസും ആന്റി നാർക്കോട്ടിക്സും ആരെയാണ് ഭയപ്പെടുന്നത് ?

ഷൂട്ടിങ് ലൊക്കേഷനിൽ കാരവൻ ഉൾപ്പടെ ശക്തമായ പരിശോധനക്ക് വിധേയമാക്കണം. ഇക്കാര്യത്തിലൊന്നും നിർമ്മാതാവിന്റേയും അഭിനേതാവിന്റേയും സംവിധായകന്റേയും അനുമതിയുടെ ആവശ്യമില്ല.

മറ്റുള്ള സ്ഥലങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നതുപോലെ സിനിമാ ലൊക്കേഷനും പരിശോധനക്ക് വിധേയമാക്കണം. ആരെങ്കിലും തടഞ്ഞാൽ നിയമപരമായി നടപടി എടുക്കണം.

സാംസ്ക്കാരിക വകുപ്പ് മന്ത്രി സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി സംസാരിച്ച് അടിയന്തിര നടപടി എടുക്കണം.


മയക്കുമരുന്ന് സംബന്ധിച്ച പോലീസ് പരിശോധനയ്ക്ക് ആരും സമ്മതിക്കാതിരിക്കേണ്ട ആവശ്യമില്ല. സ്വന്തം സെറ്റിൽ മയക്ക്മരുന്ന് ഉപയോഗം ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് സംവിധായകന്റേയും നിർമ്മാതാവിന്റേയും ചുമതലയാണ്.


താര രാജാക്കൻമാരേയും സംവിധായകതമ്പുരാൻമാരേയും കാണുമ്പോൾ ഓച്ഛാനിച്ച് നിൽക്കുന്ന സർക്കാർ ആണെങ്കിൽ ഇങ്ങിനെയൊക്കെയേ സംഭവിക്കൂ.

പിണറായി സർക്കാരിനും മന്ത്രി വാസവനും ആർജവമുണ്ടെങ്കിൽ ശക്തമായ നടപടി ഉടൻ തുടങ്ങി വയ്ക്കണം. അല്ലെങ്കിൽ മലയാള സിനിമയിലെ യുവതാരനിര കേരള സമൂഹത്തെ മയക്ക്മരുന്നിൽ മുക്കിക്കൊല്ലും.

Advertisment