Advertisment

കേരളത്തിന്റെ ആത്മീയ ആചാര്യനാരെന്ന കാര്യത്തിൽ മന്ത്രി എംബി രാജേഷിന് തർക്കം കണ്ടേക്കാം. മതങ്ങൾക്കുള്ളിലും ജാതികൾക്കുള്ളിലും വിള്ളലുകൾ ഉണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ അത് നടക്കില്ല. വിവരക്കേട് വിളിച്ചു പറയുന്നത് മന്ത്രിമാർക്ക് നന്നല്ല - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മന്ത്രി എം.ബി.രാജേഷിനെ ഓർത്ത് സാംസ്ക്കാരിക, ആദ്ധ്യാത്മിക കേരളം ലജ്ജിച്ച് തല താഴ്ത്തുന്ന ദൗർഭാഗ്യകരമായ പരാമർശമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. വർക്കലയിൽ ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിലാണ് മന്ത്രി മോശം പ്രസംഗം നടത്തിയത്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാരതം കണ്ട ഏറ്റവും വലിയ ദാർശനികനായ ശങ്കരാചാര്യരേയും പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനും ഋഷീശ്വരനുമായ ശ്രീ നാരായണ ഗുരുദേവനേയുമാണ് തന്റെ പ്രസംഗത്തിൽ മന്ത്രി താരതമ്യം ചെയ്ത് പ്രസംഗിച്ചത്.

കേരളത്തിന്റെ ആത്മീയ ആചാര്യൻ ആദിശങ്കരനല്ല മറിച്ച് ഗുരുദേവനാണ് എന്നാണ് മന്ത്രിപുംഗവന്റെ വാദം. തികച്ചും അബദ്ധ ജഡിലവും തെറ്റിദ്ധാരണാജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണ് ഈ പരാമർശം.

ആദിശങ്കരൻ ജീവിച്ചിരുന്നത് എട്ടാം നൂറ്റാണ്ടിലാണ്. അന്നത്തെ സാമൂഹ്യ സാഹചര്യം എന്തായിരുന്നു ?

ശങ്കരാചാര്യർ അന്ന് എന്തിന് വേണ്ടി നിലകൊണ്ടു ?

ഇതൊന്നും മന്ത്രി മനസ്സിലാക്കിയിട്ടില്ല. ഹിന്ദു മതത്തിന്റെ അകത്തുള്ള അനാചാരങ്ങൾ ഉന്മൂലനം ചെയ്ത് ഹിന്ദുമതത്തെ പരിഷ്ക്കരിക്കുകയാണ് ശങ്കരാചാര്യർ ചെയ്തത്. അന്ന് ഹൈന്ദവ മതത്തിൽ ഉപജാതികൾ ഉടലെടുത്തിരുന്നില്ല.


അദ്വൈതവേദാന്തത്തെ സമന്വയിപ്പിച്ച ദാർശനികൻ ആണ് ശങ്കരാചാര്യർ . ഗോവിന്ദ ഭഗവത് പാദർ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു.


അദ്വൈതവേദാന്ത പാരമ്പര്യത്തിൽ ശങ്കരാചാര്യർക്ക് സമാനതകൾ ഇല്ലാത്ത പദവിയാണ് ഉള്ളത്. അദ്ദേഹത്തിന്റെ തത്വചിന്തയിൽ വിവേചനമില്ലാത്ത, ജാതിയില്ലാത്ത സമൂഹത്തെ പരാമർശിക്കുന്നുണ്ട്. വേദാന്തത്തിന്റെ വികാസത്തിലെ ഒരു വഴിത്തിരിവാണ് ആദിശങ്കരന്റെ കൃതികൾ .

ബ്രഹ്മസൂത്രഭാഷ്യം, പത്ത് ഉപനിഷത്തുക്കളുടെ വ്യാഖ്യാനങ്ങൾ, ഭഗവദ് ഗീതയെക്കുറിച്ചുള്ള വ്യാഖ്യാനം ഇവയെല്ലാം ശ്രീ ശങ്കരന്റെ അമൂല്യ രചനകളായി കണക്കാക്കപ്പെടുന്നു. ഹിന്ദു മതത്തിലെ യോഗ സ്ക്കൂളിന്റെ സ്വാധീനം റിയലിസത്തിൽ നിന്നും ആദർശവാദത്തിലേക്കുള്ള ഒരു വഴിത്തിരിവായി അദ്ദേഹം വിലയിരുത്തി.

അദ്ദേഹത്തിന്റെ തീമാറ്റിക് ഫോക്കസ് മെറ്റഫിസിക്സിൽ ആയിരുന്നു. ഒരു മനുഷ്യന് നിരവധി വസ്തുതകൾ അറിയേണ്ടതുണ്ടെന്നും പരിമിതമായ സമയവും ഊർജവും മാത്രം ഉള്ളതിനാൽ ആ വസ്തുതകളുടേയും സത്യങ്ങളുടേയും ഒരു ഭാഗം മാത്രമേ അവന് നേരിട്ട് പഠിക്കാൻ കഴിയൂ എന്നും അതിനാൽ വേദങ്ങളിലേയും ഉപനിഷത്തുക്കളിലേയും പഠിപ്പിക്കലുകൾ ആപ്തവചനമായും വിജ്ഞാനത്തിന്റെ സാധുവായ ഉറവിടമായും ശങ്കരൻ കണക്കാക്കി.

സ്‌റ്റെർബാസ് കി , സിർകാർ , അനന്താനന്ദ് റമ്പാച്ചൻ , കോമൻസ് എന്നിവർ ആദിശങ്കരന്റെ കൃതികളെക്കുറിച്ച് നടത്തിയ പഠനം വായിച്ചാൽ ശങ്കരാചാര്യരുടെ പാണ്ഡിത്യത്തെക്കുറിച്ച് ബോധ്യമാകും.

എട്ടാം നൂറ്റാണ്ടിൽ അദ്വൈത വേദാന്തത്തിന്റെ അടിത്തറ ചിട്ടപ്പെടുത്തിയ ആദിശങ്കരൻ ഇതിഹാസ രചയിതാക്കൾക്ക്‌ ശേഷം ഭാരതം കണ്ട ഏറ്റവും വലിയ ആദ്ധ്യാത്മിക ദാർശനികനും ആത്മീയ ആചാര്യനുമായിരുന്നു.


ശ്രീ നാരായണ ഗുരുദേവൻ ജീവിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക വ്യവസ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ആറാട്ടുപുഴ വേലായുധപണിക്കരെപ്പോലെയുള്ള സാമൂഹ്യ പരിഷ്ക്കർത്താക്കൾ ഒരുക്കി വച്ചിരുന്ന ഒരു നിലപാട് തറയിൽ നിന്നുകൊണ്ടാണ് ഗുരുദേവൻ നവോത്ഥാനത്തിന്റെ വിത്ത് പാകിയത്.


അപ്പോഴേക്കും ഹിന്ദു മതത്തിൽ ഉപജാതികൾ ഉടലെടുത്തിരുന്നു. അതോടൊപ്പം സ്ത്രീകൾക്ക് മാറ് മറക്കാൻ സാധിച്ചിരുന്നു. ജാതി വിവേചനം ഇല്ലാതാക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്. തത്വചിന്തകൻ, ആത്മീയ നേതാവ് , സാമൂഹിക പരിഷ്ക്കർത്താവ് എന്ന നിലയിലാണ് ഗുരുദേവൻ അറിയപ്പെടുന്നത്.

ആത്മീയ പ്രബുദ്ധതയും സാമൂഹികസമത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിലെ ജാതി - അധിഷ്ഠിത സമൂഹത്തിലെ അനീതിക്കെതിരെ ഒരു നവീകരണ പ്രസ്ഥാനം അദ്ദേഹം തുടങ്ങി വച്ചു. അരുവിപ്പുറത്ത് ഗുരുദേവൻ പ്രതിഷ്ഠിച്ച അതേ ശിവനെയായിരുന്നു ശങ്കരാചാര്യരും ഭജിച്ചിരുന്നത്.

അനുകമ്പയുടേയും മതസഹിഷ്ണതയുടേയും ആദർശങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു.

ഗുരുദേവന്റെ ശ്രദ്ധേയ കൃതിയായ അനുകമ്പാദശകം ആദിശങ്കരനെ പ്രകീർത്തിക്കുന്നു. സാമൂഹിക സമത്വത്തിന്റേയും സാർവത്രിക സാഹോദര്യത്തിന്റേയും സങ്കൽപങ്ങൾ ചേർത്ത് കൊണ്ട് ശങ്കരാചാര്യരുടെ അദ്വൈതം ഗുരുദേവൻ പ്രയോഗത്തിൽ വരുത്തി.

1923 ൽ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ ഒരു സർവമതസമ്മേളനം ആരംഭിച്ചു.


വസ്തുതകൾ ഇങ്ങനെയിരിക്കെ ഭാരതം കണ്ട രണ്ട് വലിയ ആത്മീയ ആചാര്യന്മാരെ കേരളത്തിലേക്ക് ഒതുക്കിയത് മന്ത്രിയുടെ ശുദ്ധ വിവരക്കേടാണ് . അല്ലെങ്കിൽ ഹിന്ദു മതത്തിലെ ജാതി വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച ഗുരുദേവനെ നിന്ദിച്ച്, പരിഹസിച്ച് ജാതികൾക്കിടയിൽ പുതിയ വിള്ളൽ ഉണ്ടാക്കാൻ മന്ത്രി ശ്രമിക്കുകയാണ്.


മൂന്നാം വട്ടം ഭരണത്തിൽ കേറാൻ മതങ്ങൾക്കുള്ളിലും ജാതികൾക്കുള്ളിലും വിള്ളലുകൾ ഉണ്ടാക്കുകയാണ് ഇപ്പോൾ ഇടത് മുന്നണി. ഇതേ തന്ത്രമാണ് പിണറായി മുജാഹിദ്ദിൻ സമ്മേളനത്തിലും പുറത്തെടുത്തത്. എന്തായാലും ലീഗ് ഇടത് മുന്നണിയിൽ വരില്ല എന്ന് ഉറപ്പാണ്. എന്നാൽ അവിടെ പരമാവധി വിള്ളൽ ഉണ്ടാക്കുക. ഭരിക്കാൻ നേരമില്ലല്ലോ.

എം.ബി.രാജേഷിന്റെ പ്രസംഗം ഹൈന്ദവർക്കിടയിൽ ഒരു വിള്ളലും ഉണ്ടാക്കാൻ പോകുന്നില്ല. ശങ്കരാചാര്യരുടെ കൃതിയായ സൗന്ദര്യ ലഹരിക്ക് ഇന്ന് അനവധി വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ട്. ലക്ഷക്കണക്കിന് ഭക്തരുള്ള ഈ ഗ്രൂപ്പുകളിൽ എല്ലാ ജാതിക്കാരും ഉണ്ട് മന്ത്രീ.

മേൽപത്തൂർ നാരായണ ഭട്ടതിരി എഴുതിയ നാരായണീയത്തിനും അനവധി ഗ്രൂപ്പുകൾ ഉണ്ട്. ഇതിലും എല്ലാ ജാതിക്കാരും ഉണ്ട്. ഇത് ഒരു അവിചാരിത സംഭവമെന്ന് കരുതാൻ വയ്യ. ഇത് ഇടത് തന്ത്രമാണ്. മതങ്ങളെ ഭിന്നിപ്പിക്കുക.

മതങ്ങൾക്കകത്ത് ജാതികളെ ഭിന്നിപ്പിക്കുക. ജാതികൾക്കകത്ത് ഉപജാതികളെ ഭിന്നിപ്പിക്കുക. ഇടത് മുന്നണി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് എന്ന് മാത്രം അറിയുക

Advertisment