Advertisment

ഹിന്ദുവും മുസ്ലീമും കേരളത്തിൽ ഒന്നിച്ച് പോകാൻ പാടില്ല, ഒന്നിച്ച് വേദി പങ്കിടാൻ പാടില്ല... എന്നൊക്കെ ആർക്കാണ് ഇത്ര നിർബന്ധം. കോഴിക്കോട് മുജാഹിദിൻ സമ്മേളനത്തിലെ വേദിയും അവിടെ ഉയർന്ന ചോദ്യവും പ്രസക്തമാണ്. ജനം തമ്മിലടിച്ചാലും വോട്ട് മാത്രം മതിയെന്ന് ചിലർ കരുതിയാൽ നാടെവിടെ നിൽക്കും - പ്രതികരണത്തിൽ തിരുമേനി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കേരളത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തൊരുമയോടെ ജീവിക്കരുതെന്ന് ആർക്കെങ്കിലും ഉദ്ദേശമുണ്ടോ ? ഉണ്ട് എന്ന് തോന്നും ചിലരുടെ പ്രസംഗം കേട്ടാൽ.

കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന മുജാഹിദിൻ സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയ ഒരു രാജ്യസഭാംഗം വേദിയിൽ ഉണ്ടായിരുന്ന ആർ.എസ്.എസുകാരെ കണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു.

നിങ്ങൾ എന്തിനാണ് ഈ യോഗത്തിലേക്ക് ആർ.എസ്.എസു കാരെ വിളിച്ചത് എന്നായിരുന്നു രാജ്യസഭാംഗത്തിന്റെ ചോദ്യം. ഇന്ത്യൻ പാർലമെന്റിലെ ഒരംഗമാണ് ഇത് ചോദിക്കുന്നത് എന്ന് ഓർമ്മിക്കണം. ഇദ്ദേഹത്തിന് ഇത് ചോദിക്കാൻ എന്തവകാശം?

സമ്മേളനം നടത്തുന്നവരല്ലേ ആരെ വിളിക്കണമെന്ന് തീരുമാനിക്കുന്നത്. ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസംഗിക്കാതെ പോകാമായിരുന്നില്ലേ ?


അതായത് ഹിന്ദുവും മുസ്ലീമും കേരളത്തിൽ ഒന്നിച്ച് പോകാൻ പാടില്ല. അതാണോ ഇത്തരക്കാർ ഉദ്ദേശിക്കുന്നത്.  കുറെ നാളുകളായി കേരളത്തിലെ ഒരു  മുന്നണി അനുവർത്തിക്കുന്ന വിഭജന തന്ത്രത്തിന്റെ രാഷ്ട്രീയമാണോ ഇത്.


കേരളത്തിൽ ഇന്ന് സി.പി.എമ്മിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളാണ്. അവരെ നിലനിർത്തിക്കൊണ്ട് മുസ്ലീങ്ങളെ തമ്മിലടിപ്പിച്ച് ഒരു കൂട്ടരെ ഒപ്പം നിർത്തുക. ആർ.എസ്.എസിൽ നിന്നും മുസ്ലീങ്ങളെ രക്ഷിക്കുന്ന രക്ഷകന്റെ വേഷമാണ് പിണറായി വിജയൻ അവർക്ക് മുമ്പിൽ അണിയുന്നത്.

നക്കാപ്പിച്ച എറിഞ്ഞ് കൊടുത്ത് ചിലരെ കൈയ്യിലെടുത്ത് തമ്മിൽ തല്ലിക്കുക. ഇത് തന്നെയാണ് വഖഫ് ബോർഡ് നിയമന കാര്യത്തിലും നടന്നത്. പിണറായിക്ക് നന്നായറിയാം വഖഫ് ബോർഡ് നിയമനം ഒരിക്കലും പി.എസ്.സിക്ക് വിടാൻ പറ്റില്ല എന്ന്.


മന്ത്രിസഭ തീരുമാനമെടുത്തതു മുതൽ സമസ്തയുൾപ്പടെയുള്ള മുസ്ലീം സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നു. പിന്നീട് സമസ്ത പറഞ്ഞതിന്റെ പേരിൽ തീരുമാനം മാറ്റി. ചുരുക്കത്തിൽ സമസ്ത പിണറായിക്കൊപ്പമായി. മേൽ പറഞ്ഞ യോഗത്തിൽ പിന്നീട് പ്രസംഗിച്ച പിണറായി എന്താണ് പറഞ്ഞത് ?


മഴുവുമായി നിൽക്കുന്നവന്റെ മുമ്പിൽ കഴുത്ത് നീട്ടിക്കൊടുക്കരുത് എന്ന്. പോപ്പുലർ ഫ്രണ്ടിന്റെ ഉന്മൂലന രാഷ്ട്രീയത്തിന് തേനും പാലും നൽകി ഊട്ടിവളർത്തിയവരാരാണ്.

ഇപ്പോൾ കേരളത്തിൽ സി.പി.എം. പയറ്റുന്ന തന്ത്രമിതാണ്. ഭവന സന്ദർശനവും പിൻവാതിൽ നിയമനവുമൊക്കെയായി സി.പി.എം. വോട്ട് ബാങ്ക് ചോരാതെ നിലനിർത്തുക.

എസ്.എൻ.ഡി.പി. കൂടെയുണ്ട്. കാരണം വെള്ളാപ്പള്ളിയുടെ തല പിണറായിയുടെ കക്ഷത്തിലാണ്. അടുത്തത് പിന്നോക്കക്കാരെ മുന്നോക്കക്കാരിൽ നിന്നും അകറ്റുക. അതിനായി ആധുനിക നവോത്ഥാന നായകന്റെ വേഷം പിണറായി സ്വയം എടുത്തണിയുന്നു.

മുസ്ലീം വിഭാഗത്തിലെ തീവ്രസ്വഭാവമുള്ളവരെ കണ്ട് പിടിച്ച് പാലൂട്ടി വളർത്തി ലീഗിനെ പരമാവധി ദൂർബ്ബലപ്പെടുത്തുക. മുന്നോക്കക്കാരെ പിണറായിക്ക് പഥ്യമല്ല.


'ഗുരുർ ബ്രഹ്മ: ഗുരുർ വിഷ്ണോ' പാടിയാൽ എണീക്കാത്ത ചില നേതാക്കൾ വാങ്ക് വിളി കേട്ടാൽ ചാടിയെണീക്കും. ഈ രാഷ്ട്രീയം തികച്ചും അപകടകരമാണ്. ഇതേ പ്രീണനം എഴുപത് വർഷം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏകദേശം ഷെഡ്ഡിലായി. യഥാർത്ഥത്തിൽ ഇന്ത്യയിൽ ബി.ജെ.പിയെ വളർത്തിയത് കോൺഗ്രസാണ്.


വികസന പ്രവർത്തനങ്ങളിലോ ജനക്ഷേമ പ്രവർത്തനത്തിലോ സർക്കാരിന് ഒരു താൽപര്യവുമില്ല ? സർവകലാശാലകളിലും സർക്കാർ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടത്തി മുഴുവൻ സി.പി.എം പ്രവർത്തകരേയും അകത്താക്കി. ഇത് ചോദിക്കാൻ ഇവിടെ ആരുമില്ല. ആർക്കും ഒന്നും ചോദിക്കണ്ട.

എന്ത് തോന്നിവാസവും നടത്താം.  ഈ ദൂർഭരണത്തിൽ കേരളം മുടിയുകയാണ്. കൃഷിയില്ല , വ്യവസായമില്ല ഒന്നുമില്ല. ധൂർത്തിന്റെ പര്യായമാണ് പിണറായി ഭരണം .

എന്ത് തന്നെ നടന്നാലും ഇല്ലെങ്കിലും ഹിന്ദുവും മുസ്ലീമും ഒന്നിച്ച് നടക്കാൻ പാടില്ല, ഒന്നിച്ച് വേദി പങ്കിടാൻ പാടില്ല.

ഗൗരവം നടിച്ച് നിന്നാൽ ആരോടും ഒന്നും പറയണ്ട എന്നതാണ് പിണറായി തന്ത്രം. അതായത് കേരളത്തിൽ വർഗീയത നിലനിന്നാൽ മാത്രമേ ഇടത് മുന്നണിക്ക് സാധ്യതയുള്ളൂ'. പിണറായിയുടെ മനസ്സിലെ ഈ ചിന്തകളാണ് രാജ്യസഭാംഗത്തിലൂടെ വെളിയിൽ വന്നത്.

Advertisment