Advertisment

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്ലസ് വണ്ണിന് ആവശ്യത്തിന് സീറ്റില്ല. കണ്ണൂർ, വയനാട്, കാസർകോട് എന്നിവ ഉൾപ്പെടെ ആറ് ജില്ലകളിലായി 52758 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്. മലബാറിലെ വിദ്യാർത്ഥികളോടുള്ള അവഗണന...

author-image
nidheesh kumar
New Update

publive-image

Advertisment

മലബാറിലെ ഉപരിപഠന രംഗത്തെ പ്രതിസന്ധി ഈ വർഷവും രൂക്ഷമായി തുടരുകയാണ്. ഇത് പരിഹരിക്കാൻ അധിക ബാച്ചിനുള്ള സമരവും മുറവിളിയും എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷാ ഫലം വരുമ്പോൾ ഉയർന്ന് വരുന്നതാണ്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആവശ്യത്തിന് സീറ്റില്ല. കണ്ണൂർ, വയനാട്, കാസർകോട് എന്നിവ ഉൾപ്പെടെ ആറ് ജില്ലകളിലായി 52758 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്. സീറ്റ് ക്ഷാമം ഏറ്റവുമധികം ബാധിക്കുക മലപ്പുറം ജില്ലയിലാണ്. 77,827 പേരാണ് ഇവിടെ എസ്.എസ്.എൽ.സി വിജയിച്ചത്. പ്ലസ് വൺ സീറ്റുകൾ 53,250 മാത്രം. 24577 സീറ്റുകളുടെ കുറവ്. പോളിടെക്നിക്, ഐ.ടി.ഐ വിഭാഗത്തിലേക്ക് കുറേ പേർ മാറിയാലും ഇരുപതിനായിരത്തോളം സീറ്റിന്റെ കുറവുണ്ടാവും.

എന്നാൽ, കോട്ടയത്ത് വിജയിച്ച 18,886 പേർക്കായി 22,250 സീറ്റുകളുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കൂടുതൽ സീറ്റുകളുണ്ട്. തെക്കൻ ജില്ലകളിൽ അധികമുള്ള ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റണമെന്ന കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശവും നടപ്പിലാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം അനുവദിച്ച 81 അധിക ബാച്ചുകൾ തുടരുമെന്ന് മാത്രമാണ് മന്ത്രി പറയുന്നത്. ഈ പ്രതിസന്ധിയെ ഗൗരവപൂർവ്വം മുഖവിലക്കെടുക്കാത്ത സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയിൽ കാണുന്നത്. ഇത് ആ പദവിയിലിരിക്കുന്നവർക്ക് ചേർന്നതല്ല. ഒരു തലമുറയുടെ വിദ്യാഭ്യാസം നിഷേധിച്ച് ഒരു സർക്കാറിനും മുന്നോട്ട് പോവാനാവില്ല.

എല്ലാ അലോട്ട്മെൻ്റും കഴിഞ്ഞ്, താലൂക്ക് തല കണക്കെടുപ്പും കഴിഞ്ഞ് ബാക്കിയുള്ള സീറ്റ് നൽകി ഓരോ ക്ലാസ്സിലും രണ്ട് ബെഞ്ചും ഡസ്കും കൂടുതലിട്ടാൽ തീരുന്നതല്ല ഈ പ്രശ്നം. ഇത്ര പിന്തിരിപ്പൻമാരാവരുത് ജനാധിത്യ സർക്കാർ.

എത്ര അവഗണന തുടർന്നാലും മലബാറിലെ വിദ്യാർത്ഥികൾ പഠിക്കാൻ തന്നെയാണ് തീരുമാനം. ഓരോ വർഷവും വിജയശതമാനം വർധിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വളരുകയും ചെയ്യും.

ഇവിടത്തെ പുതുതലമുറക്ക് വിദ്യാഭ്യാസം നിഷേധിച്ച് പുറകിൽ നിർത്താനാണ് സർക്കാർ തീരുമാനമെങ്കിൽ ഈ വിദ്യാർത്ഥികൾക്ക് പഠിക്കാൻ മാത്രമല്ല പാഠം പഠിപ്പിക്കാനുമറിയുമെന്ന് തെളിയിക്കും.

Advertisment