Advertisment

ചന്ദ്രയാൻ 3: എല്ലാം സജ്ജമെന്ന് ഐഎസ്ആർഒ, കാത്തിരിപ്പോടെ ലോകം

പേടകത്തിലുള്ള ക്യാമറകളും സെൻസറുകളും ലാൻഡിംഗ് ദൗത്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

author-image
shafeek cm
New Update
chandrayan three landing

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ദൗത്യം അതിന്റെ ഏറ്റവും നിർണ്ണായക ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ രാജ്യം മുഴുവൻ ആ ശുഭ വാർത്തയ്ക്കായുള്ള കാത്തിരിപ്പിലാണ്. ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. 

ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് ആരംഭിക്കാനുള്ളതെല്ലാം സജ്ജമായി കഴിഞ്ഞു. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ എത്തുന്നതിനുള്ള കാത്തിരിപ്പ് 5.44 ന് തന്നെ തുടങ്ങുമെന്നും ബഹിരാകാശ കേന്ദ്രം വ്യക്തമാക്കി. ദൗത്യസംഘം കമാൻഡുകളുടെ തുടർച്ചയായ നിർവ്വഹണം സ്ഥിരീകരിക്കുന്നത് തുടരുമെന്നും ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തു.

5.20 ന് തന്നെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും. ബെംഗളൂരു പീനിയയിലെ ഐ എസ് ആർ ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽനിന്നാണ് ലാൻഡറിനുള്ള നിർദേശങ്ങൾ നൽകുന്നത്. വൈകീട് 6.04 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

പേടകത്തിലുള്ള ക്യാമറകളും സെൻസറുകളും ലാൻഡിംഗ് ദൗത്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. പേടകത്തിന്റെ സ്ഥാനം, സഞ്ചാരം എല്ലാം ഇവയുടെ പ്രവർത്തനത്തെ ആശ്രയിച്ചാണുള്ളത്. ആദ്യ പത്ത് മിനിറ്റിൽ ചന്ദ്രോപരിതലത്തിൽ നിന്നുള്ള ഉയരം 30 കിലോമീറ്ററിൽ നിന്നും 7.42 ആയി താഴ്ത്തുക ഈ സെൻസറുകളുടെ സഹായത്തോടെയാണ്. ഏറ്റവും ഒടുവിൽ പേടകം സുരക്ഷിതമായി ചന്ദ്രനിൽ ഇറങ്ങിയെന്ന് സ്ഥിരീകരിക്കുക ലാൻഡറിന്റെ കാലുകളിലെ സെൻസറുകൾ നൽകുന്ന സിഗ്നൽ അനുസരിച്ചാണ്. 

അതേസമയം സെൻസറുകൾ തകരാറിലായാലും ലാൻഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ചന്ദ്രയാൻ 3 രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമാധി മണിക്കൂറിൽ 10.8 കിമീ വേഗത്തിൽ പേടകത്തിന് ചന്ദ്രോപരിതലത്തിൽ വന്നിറങ്ങാനാവും. ഭൂമിയിൽനിന്ന് ഒരു നിയന്ത്രണവുമില്ലാതെ ലാൻഡർ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്ങിലെ ഓരോ ഘട്ടവും.

ലാൻഡിങ് സൈറ്റിന് 150 മീറ്റർ മുകളിൽവച്ച് എടുക്കുന്ന ഫോട്ടോകൾ ലാൻഡർ പേടകത്തിലെ സെൻസറുകൾ പരിശോധിക്കുകയും ലാൻഡിങ്ങിന് യോഗ്യമെങ്കിൽ സിഗ്‌നൽ നൽകുകയും ചെയ്യും. ഇതോടെ പേടകം സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റർ ഉയരത്തിൽ വരെ എത്തും. ഇവിടെ നിന്ന് അടുത്ത ഒൻപതാമത്തെ സെക്കൻഡിൽ വിക്രം ലാൻഡർ ചന്ദ്രന്റെ മണ്ണിലേക്ക് പതിക്കും. ഇത് വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

 

chandrayan three
Advertisment