Advertisment

ബന്ധു നിയമനപട്ടികയിൽ ചെന്നിത്തലയുടെ മകനും ഉമ്മൻ ചാണ്ടിയുടെ അളിയനും സിപിഎമ്മിലെ ജി സുധാകരന്റെ ഭാര്യയുമൊക്കെയുണ്ട് . അതിൽ ചെന്നിത്തലയുടെ മകനും സുധാകരന്റെ ഭാര്യയ്ക്കും അർഹതപ്പെട്ടതാണ് കിട്ടിയത്. ഉമ്മൻ ചാണ്ടിയുടെ അളിയന്റെ നിയമനം അങ്ങനെയായിരുന്നുമില്ല. ബന്ധു നിയമനമെന്നു വച്ചാല്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ക്കെന്തു നിയമനം ലഭിച്ചാലുമെന്നു തെറ്റിധരിക്കുന്നവരുണ്ട്. ഇനി കെ സുരേന്ദ്രന്റെ മകന്റെ നിയമന വിവാദം അന്വേഷിച്ചതിന്റെ യഥാർത്ഥ ഫലം പറയാം. എന്നിട്ടാകാം തല്ലുമാല - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വ്വീസില്‍ ജോലി തരപ്പെട്ടപ്പോള്‍ അതില്‍ പിന്‍വാതില്‍ കണ്ടത് സിപിഎം നേതാക്കളാണ്. അസംബന്ധമായിരുന്നു ആരോപണമെന്നു മനസിലാക്കി പിന്നവര്‍ അതിന്‍റെ വാലില്‍ തൂങ്ങിയില്ല.

സി.പി.എം മന്ത്രിയായിരുന്ന ജി. സുധാകരന്‍റെ ഭാര്യക്ക് കേരള സര്‍വ്വകലാശാലയില്‍ അവരുടെ യോഗ്യതക്കനുസരിച്ചൊരു കരാര്‍ ജോലി പെന്‍ഷന്‍ പറ്റിയതിനുശേഷം ലഭിച്ചപ്പോള്‍ നാം സൃഷ്ടിച്ച പുകിലുകള്‍ ചെറുതല്ല.


സുധാകരന്‍ അവരെക്കൊണ്ടു രാജിവയ്പ്പിച്ചു. ഭര്‍ത്താവിന്‍റെ ദേഹത്തു കറപുരളാതിരിക്കാന്‍ അര്‍ഹതപ്പെട്ടതാണ് പ്രസ്തുത റിട്ട. പ്രൊഫസര്‍ വലിച്ചെറിഞ്ഞത്.


ബന്ധു നിയമനമെന്നു വച്ചാല്‍ രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ക്കെന്തു നിയമനം ലഭിച്ചാലുമെന്നു തെറ്റിധരിച്ചിരിക്കുന്നപോലെ. നേതാക്കളുടെ ബന്ധുക്കള്‍ അര്‍ഹതയില്ലാത്ത പദവികളില്‍ പിന്‍വാതിലിലൂടെ കടന്നു കയറുമ്പോഴാണ് അത് ബന്ധു നിയമനമായി മാറുന്നത്.

publive-image

സര്‍വ്വകലാശാലകളില്‍ ബന്ധുക്കള്‍ കടന്നു കയറുന്നതിനെതിരെ കലിതുള്ളിയത് സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറാണ്. ഇന്‍റര്‍വ്യൂവിന് വാരിക്കോരി മാര്‍ക്കു നല്‍കിയാണ് അര്‍ഹതപ്പെട്ട പാവങ്ങളെ ഇക്കൂട്ടര്‍ പിന്നിലാക്കുന്നത്.

പി.എസ്.സി.യിലും ഉണ്ടായിരുന്നു ഈ ഏര്‍പ്പാട്. പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ഇന്‍റര്‍വ്യൂവിനുള്ള മാര്‍ക്ക് 20 ആയി കുറച്ചു. 80 മാര്‍ക്ക് എഴുത്തു പരീക്ഷക്ക്. എഴുത്തു പരീക്ഷ നന്നായെഴുതിയാല്‍ അങ്ങിനെ ജോലി ഉറപ്പാക്കാം. ഒരു ശിപാര്‍ശയുമില്ലാതെ തന്നെ.

ഇത് രാജു നാരായണ സ്വാമിയുടെ റാങ്ക് കഥ !

ഒരു റാങ്കിന്‍റെ കഥകൂടി പറഞ്ഞിട്ട് വിഷയത്തിലേക്കു തിരിക്കാം. ഗവര്‍മെന്‍റ് സെക്രട്ടറിയും റബര്‍ ബോര്‍ഡ് ചെയര്‍ പേഴ്സണുമായിരുന്ന (ഇപ്പോഴത്തെ ഭരണ പരിഷ്കാര കമ്മീഷന്‍ സെക്രട്ടറി) ഷീലാ തോമസ് പറഞ്ഞതാണീ സംഭവം. രാജു നാരായണ സ്വാമി ഐ.എ.എസ് അഭിമുഖത്തിനെത്തി.


പണ്ഡിതന്‍മാര്‍ക്ക് സ്വാമിയുടെ പാണ്ഡിത്യം വിളമ്പല്‍ അത്ര സുഖിച്ചില്ല. സ്വാമിയാണെങ്കില്‍ ശരീരം മുഴുവന്‍ ബുദ്ധിയും തല മുഴുവന്‍ അറിവും ഉള്ളയാള്‍. ഇന്‍റര്‍വ്യൂവിനവര്‍ സ്വാമിയെ തറപറ്റിച്ചു. കൊടുക്കാവുന്നതില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക്.


സ്വാമി പൊട്ടിത്തകര്‍ന്നെന്നു ചിന്തിച്ച് ഇന്‍റര്‍വ്യൂ നടത്തിയവര്‍ ഊറിച്ചിരിച്ചു. ഫലം വന്നപ്പോള്‍ സ്വാമിക്ക് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക്. എഴുത്തു പരീക്ഷ മാത്രം വച്ചാണ് സ്വാമി റാങ്കടിച്ചത്. അപ്പോൾ സ്വാമിയുടെ എഴുത്ത് എന്തൊരെഴുത്തായിരിക്കുമെന്ന് ഊഹിക്കൂ.

ഇനി സുരേന്ദ്രൻ്റെ മകന്റെ ഫലം പറയാം 

ഇത്രയും പറഞ്ഞത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണനെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമിച്ചതിലെ ബന്ധു നിയമനം അന്വേഷിച്ചതിന്‍റെ ഫലം പറയാനാണ്.

തൊഴിലില്ലാത്ത യൂത്തു കോണ്‍ഗ്രസുകാരുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാന്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ഥാപിച്ചതാണീ സെന്‍റര്‍.

publive-image

വരുമാനമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രം നടത്തി തെണ്ടിതിരിഞ്ഞു നയാപൈസയുടെ ഗതിയില്ലാത്തവരായിരുന്നു അന്നത്തെ ഐ ഗ്രൂപ്പു യൂത്തു കോണ്‍ഗ്രസുകാര്‍.

ജി. കാര്‍ത്തികേയനെന്ന ചെയര്‍മാന്‍ തിരുത്തല്‍ വാദം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ കരുണാകരന്‍ സ്ഥാപനം ഒന്നാകെ സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിച്ചു. കരുണാകരനാണല്ലൊ അന്നത്തെ സര്‍ക്കാര്‍. പിന്നീട് സ്ഥാപനം തളിര്‍ത്തു പൂത്തു. തുടർന്ന് കേന്ദ്രം ഏറ്റെടുത്തു. കേന്ദ്ര സര്‍ക്കാരിലെ ബയോ ടെക്നോളജി വകുപ്പിന്‍റെ കീഴില്‍.


ടെക്നിക്കല്‍ ഓഫീസര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചത് ദേശീയാടി സ്ഥാനത്തില്‍. 45 പേര്‍ അപേക്ഷിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയ ആകെ ചെയ്തത് ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്‌നോ). 27 പേര്‍ ക്വാളിഫൈഡ് ആയി. ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നില്ല. എല്ലാം എഴുത്തു പരീക്ഷകള്‍. കമ്പ്യൂട്ടര്‍ മൂല്യനിര്‍ണയം.


മൂന്നു ഘട്ടം പരീക്ഷ. ആദ്യത്തേത് ചോദ്യങ്ങള്‍ക്കുത്തരം എഴുതണം. രണ്ടാമത്തേത് ഒബ്ജക്ടീവ് ടൈപ്പ്. കോളങ്ങള്‍ മഷികൊണ്ട് അടയാളപ്പെടുത്തണം. മൂന്നാമത്തേത് പൊതുവിജ്ഞാനം. അതും എഴുത്തു പരീക്ഷ. ഒപ്പം സ്കില്‍ ടെസ്റ്റും. എല്ലാറ്റിനും പേപ്പറും ഉത്തരങ്ങളും മാര്‍ക്ക് ഇടീലും എല്ലാം രേഖാമൂലം.

ശ്രീചിത്രയിലെ വിദഗ്ദ്ധരെയും ഇഗ്‌നോ ഉപയോഗിച്ചു. 4 പേര്‍ അവസാന കടമ്പ കടന്നു. അതിലൊരാളാണ് കെ. സുരേന്ദ്രന്‍റെ മകന്‍ ഹരികൃഷ്ണന്‍. രണ്ടു വര്‍ഷം മുമ്പാണ് അപേക്ഷ ക്ഷണിച്ചത്.


തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ കാര്‍ ഒരു വിവരവും അറിഞ്ഞുകൂടിയില്ല. കാരണം എല്ലാം നടപടിക്രമം അനുസരിച്ചായിരുന്നു. ഇത്രയും നടപടികളിലൂടെ നടന്ന ഒരു നിയമനത്തെ സ്വാധീനിക്കുവാന്‍ പ്രധാനമന്ത്രി വിചാരിച്ചാലും നടക്കില്ല.


കാരണം എവിടെയെങ്കിലും ലീക്കാവും. അവസാന പട്ടിക വരികയും ഹരികൃഷ്ണന്‍ സുരേന്ദ്രന്‍റെ മകനാണെന്ന് ഗവേഷകര്‍ കണ്ടെത്തുകയും ചെയ്യുന്നതു വരെ ഒന്നും രഹസ്യമായി വെക്കാനാവില്ല എന്നതു തന്നെ.

ഇതുപോലെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥത്തില്‍ നടക്കുന്ന ക്രമക്കേടുകൾ പോലും ന്യായീകരിക്കപ്പെടുന്നു. ആരോപണ കര്‍ത്താക്കള്‍ക്കു വേണ്ടതും അതായിരിക്കാം.

സുരേന്ദ്രനെ വെള്ളപൂശാനല്ലീ കുറിപ്പ്. നന്നായി പഠിച്ച് ടെസ്റ്റ് എഴുതി ജോലി നേടുന്ന രാഷ്ട്രീയക്കാരുടെ മക്കള്‍ ക്രൂശിക്കപ്പെടരുതെന്ന ആഗ്രഹത്തോടെയാണ്.


ബാക്കിയുള്ള മാനദണ്ഡങ്ങളില്‍ സ്കോര്‍ പിന്നില്‍ പോവുകയും നേതാക്കളുടെ ഭാര്യമാര്‍ ഇന്‍റര്‍വ്യൂ എന്ന ഊര്‍ജ കുളത്തില്‍ മുങ്ങിയെഴുന്നേറ്റപ്പോള്‍ ഒന്നാം റാങ്കിലേയ്ക്കെത്തുകയും ചെയ്ത മാന്ത്രിക വിദ്യയെയാണ് പൊതുസമൂഹം എതിര്‍ക്കുന്നത്.


സി.പി.എം. നേതാക്കളുടെ മക്കളെ കോര്‍പ്പറേഷനുകളുടെയും സര്‍ക്കാര്‍ കമ്പനികളുടെയും തലപ്പത്ത് പ്രതിഷ്ഠിച്ചപ്പോള്‍ ആരും എതിര്‍ത്തില്ലല്ലോ. അതാണ് രാഷ്ട്രീയ നിയമനം.

publive-image

കോണ്‍ഗ്രസിന് അതിനെ എതിര്‍ക്കാനും കഴിയില്ല. കാരണം ഉമ്മന്‍ ചാണ്ടി ഒടുവില്‍ മുഖ്യമന്ത്രിയായപ്പോള്‍ ആരോടും ആലോചിക്കാതെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍റെ ചെയര്‍മാനാക്കിയത് സ്വന്തം അളിയനെയാണ്. അതും നിയമന മാനദണ്ഡങ്ങൾ പോലും തിരുത്തി. ബിജെപിയും ഒട്ടും പിന്നിലല്ല.

അഥവാ ഹരികൃഷ്ണനെ നിയമിച്ചത് ബന്ധു നിയമനമാണെന്നതിന് തെളിവുണ്ടോ ? പുറത്തു വിടൂ. എന്നിട്ടാകാം തല്ലുമാല

Advertisment