Advertisment

എല്ലാവരും നോക്കി നിൽക്കെ, മിനി ടീച്ചർ ഓടിയടുത്തു; പാചക തീ പറ പറന്നു ......

author-image
സുനില്‍ പാലാ
New Update

" ഇതാ പാചക വാതകക്കുറ്റിയിൽ നിന്ന് തീയാളുന്നു.... ഞങ്ങൾ കാണിച്ചു തന്ന പോലെ ഇതു കെടുത്താൻ ധൈര്യമുള്ള ടീച്ചർമാരുണ്ടെങ്കിൽ ഉടൻ വേദിയിലേക്ക് വരിക ...." പാചകവാതകം തുറന്ന് വിട്ട് തീ കൊളുത്തിക്കൊണ്ട് പാലാ ഫയർസ്റ്റേഷൻ എഫ്. ആർ. ഒ. അനീഷ് കുമാർ വിളിച്ചു പറഞ്ഞു.

Advertisment

publive-image

പുലിയന്നൂർ തെക്കുംമുറി ഗായത്രി സെൻട്രൽ സ്കൂൾ ആൻറ് ജൂനിയർ കോളജിൽ പാലാ അഗ്നിശമന സേന അവതരിപ്പിച്ച പാചക വാതകക്കുറ്റിക്കു തീപ്പിടിച്ചാൽ എന്തു ചെയ്യണം എന്നതിന്റെ ഡെമോൺസ്ട്രേഷൻ ക്ലാസ്സായിരുന്നൂ വേദി.

വേദിയിലേക്ക് ആരു ചെല്ലും, ആരു ചെല്ലുമെന്ന് ടീച്ചർമാർ മുഖത്തോടു മുഖം നോക്കി നിൽക്കെ, മറ്റൊന്നും ഗൗനിക്കാതെ സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി കൂടിയായ, മിനി ടീച്ചർ വേദിയിലേക്ക് ഓടിക്കയറിച്ചെല്ലുകയായിരുന്നു.

ടീച്ചറിന്റെ ധൈര്യവും ഉത്സാഹവും കണ്ടപ്പോൾ കുട്ടികൾക്കൊപ്പം സഹ അധ്യാപകരും നിലയ്ക്കാതെ കയ്യടിച്ചു.

publive-image

സ്കൂൾ മാനേജർ അഞ്ജലി ഗണേഷ് കുമാറിന്റേയും പ്രിൻസിപ്പൽ ഷാനിൽ സാറിന്റെയും പ്രോത്സാഹനം കൂടി ആയപ്പോൾ മിനി ടീച്ചർ പിന്നെ ഒന്നും നോക്കിയില്ല ;

അടുത്തു ബക്കറ്റിലെ വെള്ളത്തിലിട്ടിരുന്ന ചെറിയ പുതപ്പെടുത്ത് ടീച്ചർ തീ തുപ്പുന്ന പാചക വാതകക്കുറ്റി അപ്പാടെയങ്ങ് മൂടി. ഒപ്പം കുറ്റിയുടെ വാൽവ് ഓഫാക്കുകയും ചെയ്തു ; ഞൊടിയിടയിൽ തീ കെട്ടു !

തങ്ങൾ കാണിച്ചു കൊടുത്തത് അപ്പാടെ മനസ്സിലാക്കി വിദഗ്ധമായി മിനി ടീച്ചർ തീ കെടുത്തിയത് കണ്ടപ്പോൾ അഗ്നിശമന സേനാംഗങ്ങൾക്കും അതിശയം. വിദഗ്ധമായി തീ കെടുത്തിയ അധ്യാപിക മിനി രാജന് നല്ലൊരു കയ്യടി കൊടുക്കാമെന്ന അഗ്നിശമന സേനാംഗങ്ങളുടെ ആഹ്വാനം കൂട്ടികളും അധ്യാപകരും ഏറ്റെടുത്തതോടെ കയ്യടിയുടെ പൂരപ്പറമ്പിലൂടെ മിനി ടീച്ചർ സദസ്സിലേക്ക് മടങ്ങി.

publive-image

ബഹുനില മന്ദിരങ്ങളിൽ തീപ്പിടിച്ചാൽ മുകൾ നിലയിൽ കുടുങ്ങുന്നവരെ സാഹസികമായി കയറിൽ കുടുക്കി ഇറക്കുന്ന വിധവും സേനാംഗങ്ങൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. സ്കൂൾ മന്ദിരത്തിന്റെ രണ്ടാം നിലയിൽ നിന്നും അഗ്നി ശമന സേനാംഗം കൂടിയായ പി. എം. നിസ്സാമുദ്ദീനാണ് കാണികൾ ശ്വാസമടക്കിപ്പിടിച്ചു നോക്കി നിൽക്കെ കയർ കുടുക്കു വഴി താഴെ സ്കൂൾ മുറ്റത്തേക്ക് ഊർന്നിറങ്ങിയത്. മുകൾനിലയിൽ കുടുക്കിട്ട കയറിന്റെ രണ്ടറ്റത്തായി പാലാ അഗ്നിശമന സേനാ അസി. ഓഫീസർ കെ.എസ്. ബിജുവും, കേരളകൗമുദി പ്രതിനിധികളായ സുനിൽ പാലായും, റോണി ബാബുവും വലിച്ചു പിടിച്ചു. ഇവർ കയർ അയച്ചയച്ചു കൊടുത്തതോടെ നിസ്സാമുദ്ദീന് ഊർന്നിറങ്ങൽ എളുപ്പമായി.

അര മണിക്കൂർ നേരത്തേ വിദഗ്ധ പരിശിലീനം കിട്ടിയാൽ അത്യാവശ്യ ഘട്ടങ്ങളിൽ ആർക്കും മുകൾ നിലകളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു അഗ്നി ശമന സേനാംഗങ്ങൾ.

പാലാ ഫയർഫോഴ്സ് സംഘടിപ്പിച്ച അഗ്നി സുരക്ഷാ ബോധവത്ക്കരണ സെമിനാർ പാലാ ഫയർ സ്റ്റേഷൻ അസി. ഓഫീസർ കെ. എസ്. ബിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഞ്ജലി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ .ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഷാനിൽ വി.പി. സ്വാഗതവും, വൈസ് പ്രിൻസിപ്പൽ തനൂജാ നായർ നന്ദിയും പറഞ്ഞു.

ലഘു തീ കെടുത്തൽ പരിശീലന പരിപാടികളിൽ സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും നേരിട്ട് പങ്കെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് സേനാംഗങ്ങൾ വിശദമായ മറുപടി നൽകി.

പരിപാടികൾക്ക് പാലാ അഗ്നിശമന സേന അസി. ഓഫീസർ കെ.എസ്. ബിജു, സേനാംഗങ്ങളായ ടി.ബി. അനീഷ് കുമാർ, നിസ്സാമുദ്ദീൻ, ഗായത്രി സ്കൂൾ പ്രതിനിധികളായ പ്രിൻസിപ്പൽ ഷാനിൽ വി.പി, മാനേജർ അഞ്ജലി ഗണേഷ് കുമാർ, വൈസ് പ്രിൻസിപ്പൽ തനൂജാ. പി. നായർ, അധ്യാപകരായ പഞ്ചമി . എസ്. കുറുപ്പ് , മിനി രാജൻ, ശശികല വി.എസ്.തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment