Advertisment

പാലായില്‍ കള്ളന്മാര്‍ക്കിപ്പോള്‍ ഏറ്റവും പ്രിയം സി.സി.ടി.വി ക്യാമറകള്‍. നഗരത്തില്‍ മോഷണം നടന്നത് തുടര്‍ച്ചയായി നാലാംതവണ. 2 കടകളിലെ ക്യാമറകളും പൊക്കി !

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : അഞ്ചുദിവസത്തിനിടെ പാലായില്‍ തുടര്‍ച്ചയായി നാലാംതവണയും മോഷണം അരങ്ങേറി . വെള്ളിയാഴ്ച രാത്രി പാലാ വെള്ളാപ്പാട് എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസിന് എതിര്‍വശത്തുള്ള കല്ലറയ്ക്കല്‍ ലേഡീസ് കളക്ഷന്‍, ഇതിനു മുകള്‍ നിലയിലുള്ള ടാലി കമ്പ്യൂട്ടര്‍ അക്കാദമി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കല്ലറക്കല്‍ ലേഡീസ് കളക്ഷനില്‍ നിന്നും 45000 രൂപയോളം വിലവരുന്ന രണ്ട് സി.സി.ടി.വി ക്യാമറകളും ടാലി അക്കാദമിയില്‍ നിന്നും ഇതേ വിലയുള്ള സി.സി.ടി.വി ക്യാമറയും മോഷ്ടിക്കപ്പെട്ടു.

കല്ലറയ്ക്കല്‍ ലേഡീസ് കളക്ഷനില്‍ നിന്നും വിലക്കൂടിയ പെര്‍ഫ്യൂമുകളും വാച്ചുകള്‍, സോപ്പുകള്‍, പേയ്സ്റ്റുകള്‍ എന്നിവയും അയ്യാരത്തോളം രൂപയും കവര്‍ന്നു. ടാലി അക്കാദമിയില്‍ന്ന് 500 രൂപയോളം നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് കടയില്‍ മോഷണം നടന്ന വിവരം ആദ്യമറിഞ്ഞത്. തുടര്‍ന്ന് കടയുടമ കല്ലറയ്ക്കല്‍ അനില്‍കുമാര്‍ പാലാ പോലീസില്‍ പരാതി നല്കുകയായിരുന്നു.

പുലര്‍ച്ചെ നാലുമണിയോടെ കല്ലറയ്ക്കല്‍ ഫാന്‍സി കളക്ഷന്‍സിന്റെ മുന്‍വശം റോഡില്‍ ഒരു കാര്‍ വന്നു നിന്നതായും ഈ കാറിലേക്ക് ഒരാള്‍ ഒരു പൊതിയെടുത്തുവയ്ക്കുന്നതായും അടുത്ത കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ തെളിഞ്ഞു. എന്നാല്‍ ഈ വീഡിയോ അത്രയ്ക്ക് വ്യക്തമല്ല.

മോഷണവുമായി ഈ വാഹനത്തിലെത്തിയവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. മോഷണം നടന്ന കടകളുടെ ഇരുനൂറ് മീറ്ററിനപ്പുറം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മൂന്നരയോടെ പാലാ പോലീസ് വാഹനപരിശോധന നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇവരുടെപോലും ശ്രദ്ധയില്‍പ്പെടാതെ മോഷ്ടാക്കള്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പാലായില്‍ നടക്കുന്ന നാലാമത്തെ മോഷണമാണിത്. ഇരുചക്ര വാഹനങ്ങളും സ്വര്‍ണ്ണവും പണവുമുള്‍പ്പെടെയുള്ളവര്‍ അഞ്ചുദിവസം മുമ്പ് പാലാ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മോഷണം പോയിരുന്നു.

വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവരെത്തി ഈ കേസില്‍ തുടരന്വേഷണങ്ങള്‍ നടത്തവെയാണ് പോലീസിനെ ഞെട്ടിച്ചുകൊണ്ട് മൂക്കിനുമുന്നില്‍ വീണ്ടും മോഷണം നടന്നിട്ടുള്ളത്.

ഇന്നലെ മോഷണം നടന്ന കടകളില്‍ പാലാ ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ്, സി.ഐ. രാജന്‍ കെ. അരമന, എസ്.ഐ. ബിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരുമെത്തിയിരുന്നു.

പാലായിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായതിനാല്‍ പോലീസ് രാത്രികാല പട്രോളിംഗ് ഊര്‍ജ്ജിതമാക്കണമെന്ന് വ്യാപാരികളും നഗരവാസികളും ആവശ്യപ്പെടുന്നു.നഗരത്തിൽ നടക്കുന്ന വ്യാപകമോഷണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കവീക്കുന്ന് വികസന സമിതി കൺവീനർ എബി.ജെ.ജോസ് സംസ്ഥാന ഡി.ജി.പി, കോട്ടയം ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് പരാതി അയച്ചു.✍ സുനിൽ

pala news
Advertisment