Advertisment

'മണ്ഡലത്തിലൊതുങ്ങുന്ന നേതാവല്ല, തരൂര്‍ സംസ്ഥാന നേതാവ്'; കേരളത്തിലെങ്ങും പ്രസക്തിയെന്ന് സാദിഖലി തങ്ങള്‍

New Update

publive-image

Advertisment

മലപ്പുറം: കോണ്‍ഗ്രസ് എംപി ശശി തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തരൂര്‍ ഇപ്പോള്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ്. മണ്ഡലത്തില്‍ ഒതുങ്ങുന്ന നേതാവല്ല, തരൂര്‍ സംസ്ഥാന നേതാവാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂരെന്നും ആ ബന്ധത്തിന്റെ തുടര്‍ച്ചയാണ് പാണക്കാട് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തരൂരിന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെയായിരുന്നു തരൂര്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ചത്. പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം തരൂരും പ്രതികരിച്ചു. പാണക്കാട്ടേക്കുള്ള യാത്ര സാധാരണമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം പോകാറുണ്ട്. കോണ്‍ഗ്രസിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയുമാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'രണ്ട് യുഡിഎഫ് എംപിമാര്‍ യുഡിഎഫിന്റെ ഒരു ഘടകകക്ഷിയെ കണ്ട് സംസാരിച്ചതില്‍ ഇത്ര വാര്‍ത്തയെന്താണെന്ന് മനസിലായില്ല. ചിലര്‍ പറയുന്നു ഇത് വിഭാഗീയതയുടെ കാര്യമാണ് ഗ്രൂപ്പ് ഉണ്ടാക്കലാണ് എന്നൊക്കെ. എന്നാല്‍ ഒരു ഗ്രൂപ്പുണ്ടാക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല, അതിന് ഒരു സാധ്യതയുമില്ല. കോണ്‍ഗ്രസിനകത്ത് എയും ഐയും തന്നെ കൂടുതലാണ്, ഇനി ഒയും ഇയും ഒന്നും വേണ്ട. ഇനി ഒരക്ഷരം വേണമെങ്കില്‍ യു ആകാം, യുണൈറ്റഡ് കോണ്‍ഗ്രസ്, അതാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്', തരൂര്‍ പറഞ്ഞു.

രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരെയും കൂട്ടിയോചിപ്പിച്ചുള്ള രാഷ്ട്രീയമാണ് അത്യാവശ്യം. ഇന്‍ക്ലൂസീവ് ഇന്ത്യയാണ് തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിന്റെ സന്ദര്‍ശനങ്ങളെ ആരാണ് ഭയക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമായിരുന്നു തരൂരിന്റെ മറുപടി.

Advertisment