Advertisment

"പപ്പാ, കയർ വേണ്ട പപ്പാ... എന്നെ കൊല്ലല്ലേ പപ്പാ... എനിക്ക് പപ്പയെ ഒരു പാട് ഇഷ്ടമാ പപ്പാ"; 'സഫലം മാനസം' എന്ന പോയകാല സർവ്വീസ് അനുഭവ വിവരണപരിപാടിയിൽ റിട്ട. എസ്.പി അലക്സ് എം വർക്കിയുടെ വിവരണം കേട്ടിരുന്നവരുടെ മിഴികള്‍ ഈറനണിയിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: സ്വന്തം അച്ഛനു മുന്നിൽ ജീവനു വേണ്ടി യാചിക്കുന്ന പത്തു വയസ്സുകാരൻ്റെ വാക്കുകൾ ഓർത്തെടുക്കവേ, മുൻ ഇടുക്കി പോലീസ് ചീഫ് അലക്സ്. എം. വർക്കിയുടെ വാക്കുകൾ ഇടറി, കേട്ടിരുന്നവരുടെ ഇടനെഞ്ചു വിങ്ങി, മിഴികൾ നിറഞ്ഞു.

പാലാ സഫലം 55 പ്ലസിന്‍റെ നേതൃത്വത്തിൽ നടത്തിയ "സഫലം മാനസം '' എന്നു പേരിട്ട, പോയ കാല സർവ്വീസ് അനുഭവ വിവരണ പരിപാടിയിൽ പങ്കെടുക്കവേയാണ് റിട്ട. എസ്.പി.അലക്സ് എം. വർക്കി ഇടുക്കിയെ നടുക്കിയ ആ കൊലപാതകത്തിൻ്റെ പിന്നാമ്പുറകഥകൾ കേൾക്കവിക്കാരിൽ ആകാക്ഷയുണർത്തുന്ന കുറ്റാന്വേഷകനെപ്പോലെ വിവരിച്ചത്.

"2014-ൽ ഞാൻ ഇടുക്കി എസ്.പി. ആയിരിക്കുന്ന കാലം. രാജക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഏലക്കാടിനോടു ചേർന്ന് ഒരു ജീപ്പിൽ ഒരാൾ വെടിയേറ്റ് മരിച്ചതറിഞ്ഞ് എത്തി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുന്നതിനിടെ ഏലക്കാട്ടിൽ മറ്റൊരു വെടിയൊച്ച കേട്ടു . അവിടേയ്ക്ക് പാഞ്ഞെത്തിയപ്പോൾ മറ്റൊരാൾ വെടിയേറ്റ് കിടക്കുന്നു. അടുത്തൊരു നാടൻ തോക്കുമുണ്ടായിരുന്നു. ആദ്യം വെടിയേറ്റ് മരിച്ചയാളുടെ അടുത്ത സുഹൃത്തായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവറാണ് വെടിയുതിർത്ത് ആത്മഹത്യ ചെയ്ത രണ്ടാമൻ.

സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നൂ ഓട്ടോ ഡ്രൈവർ. കൂടുതൽ അന്വേഷിച്ചപ്പോൾ ഓട്ടോ ഡ്രൈവറുടെ ഭാര്യയേയും 10 വയസ്സുള്ള മകനേയും രണ്ടു ദിവസമായി കാണാനില്ലെന്ന വിവരം കിട്ടി. ഇവരുടെ 4 വയസ്സുകാരൻ ഇളയ മകനെ ഓട്ടോക്കാരൻ 2 ദിവസം മുമ്പേ ഭാര്യയുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു.

ഓട്ടോ ഡ്രൈവറുടെ വീടും തൊടിയിലും പോലീസും നാട്ടുകാരും ചേർന്ന് അരിച്ചുപെറുക്കവേ വീടിനു പിന്നിലെ പടുതാക്കുളത്തിനു സമീപം മണ്ണിളകി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആ മണ്ണ് നീക്കിയപ്പോൾ എല്ലാവരും ഞെട്ടി; ഓട്ടോ ഡ്രൈവറുടെ ഭാര്യയുടെയും മകൻ്റെയും ജഡങ്ങൾ. അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലായിരുന്നു മകൻ !!!

പോലീസിൻ്റെ വിശദമായ പരിശോധനയിൽ ഓട്ടോറിക്ഷയിലെ ചെറിയ പെട്ടിയിൽ നിന്നും മൂന്നു കൊലപാതകങ്ങളുടെയും ആത്മഹത്യയുടെയും വിവരണങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ കത്തു കിട്ടി.

തൻ്റെ ഭാര്യയുമായി സുഹൃത്തിന് അവിഹിത ബന്ധമുണ്ടെന്നും മൂത്ത കുട്ടി തൻ്റേതല്ലെന്നും സംശയിച്ച ഓട്ടോ ഡ്രൈവർ ഭാര്യയേയും മകനേയും കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് വ്യക്തമായി.

ഭാര്യയേയും മകനേയും കഴുത്തിൽ പ്ലാസ്റ്റിക് കയർ ചുറ്റി കൊലപ്പെടുത്തിയ "വിശദമായ വിവരം" അയാൾ ആത്മഹത്യക്കുറിപ്പിൽ ഒട്ടും കൂസലില്ലാതെ കുറിച്ചു വെച്ചിരുന്നു. അമ്മയെ അടിച്ചുവീഴ്ത്തി കഴുത്തിൽ കയർ മുറുക്കി കൊല്ലുന്നത് നേരിൽ കണ്ട പത്തു വയസ്സുകാരൻ പേടിച്ചു വിറച്ചു.

അമ്മ മരിച്ചു എന്നുറപ്പാക്കി, ക്രൂരമുഖവുമായി അച്ഛൻ കയറുമായി തന്നെ സമീപിക്കുന്നതു കണ്ട് തൊഴുകൈകളോടെ ആ മകൻ കേണു; "പപ്പാ... എന്നെ കൊല്ലല്ലേ പപ്പാ... കയർ വേണ്ട പപ്പാ... എനിക്ക് പപ്പായെ ഇഷ്ടമാ പപ്പാ... " മനസ്സിൽ ചെകുത്താൻ കയറിയ അയാൾക്ക് മുന്നിൽ ആ ദീനരോദനം അലിഞ്ഞു പോയി. ആ മകൻ്റെ ജീവനും...

ഇപ്പോഴും ഇതോർക്കുമ്പോൾ എൻ്റെ മനസ്സിൽ വല്ലാത്തൊരു നൊമ്പരമാണ്"' - ഇടറിയ വാക്കുകളോടെ അലക്സ്. എം. വർക്കി പറഞ്ഞു നിർത്തി. ഭാര്യയുടേയും മകൻ്റേയും സുഹൃത്തിൻ്റെയും അന്ത്യനിമിഷങ്ങളുടെ വിവരണം യാതൊരു കൂസലുമില്ലാതെ ആ ഓട്ടോ ഡ്രൈവർ കുറിക്കുകയായിരുന്നു.

സഫലം പ്രസിഡൻ്റ് ജോർജ്. സി. കാപ്പൻ "സഫലം മാനസം" പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുള്ളാ ഖാൻ ആമുഖപ്രസംഗം നടത്തി.

pala news
Advertisment