തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം അന്വേഷിക്കുന്ന ദുരന്ത നിവാരണ സമിതി കമ്മീഷണർ എ കൗശിഗന്റെ നേതൃത്വത്തിലുള്ള സമിതിയെ സഹായിക്കാൻ നിയോഗിച്ചത് ഇടതു സംഘടനാ പ്രവർത്തകരെ. ഫയലുകളുമായി ബന്ധമുണ്ടെന്ന പേരു പറഞ്ഞാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
ഇവരിൽ ഒരാൾ മുൻ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവും മറ്റൊരാൾ തീപിടുത്തമുണ്ടായ ഓഫീസിലെ ജീവനക്കാരനുമാണ്. സർക്കാർ ഉത്തരവിന്റെ പകർപ്പ് സത്യം ഓൺലൈന് ലഭിച്ചു.
സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി എപി രാജീവൻ, സെക്ഷൻ ഓഫീസർ സുദർശൻ, അസിസ്റ്റന്റുമാരായ പരി പി നായർ, പ്രമോദ് എന്നിവരെയാണ് ഇക്കാര്യത്തിനായി അന്വേഷണ സംഘത്തിനൊപ്പം നിയോഗിച്ചത്.
തീപിടിക്കപ്പെട്ട ഓഫീസിലെ ഫിസിക്കൽ ഫയലുകൾ (പേപ്പർ ഫയലുകൾ) എണ്ണി തിട്ടപ്പെടുത്തുന്നതിനാണ് ഇവരെ ഉപയോഗിക്കുക എന്നതാണ് സർക്കാർ പുറത്തിയ ഓർഡറിലുള്ളത്. എന്നാൽ ഈ തീപിടുത്തതിൽ തന്നെ ആരോപണ വിധേയരായവരാണ് അന്വേഷണ സംഘത്തെ സഹായിക്കുന്നത് എന്നത് യാദൃശ്ചികമല്ല എന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന ആളാണ് ഫയൽ പരിശോധനയിൽ സഹായിക്കുന്ന പ്രധാനി.
ഇദ്ദേഹമടക്കമുള്ളവർ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ളവരാണെന്നു നേരത്തെ പരാതിയുയർന്നു. ഈ സംഘത്തിലെ മറ്റൊരാളാകട്ടെ നിലവിലെ തീപിടുത്തത്തിൽ തന്നെ ആരോപണ വിധേയനാണ്.
ഇദ്ദേഹത്തിന്റെ സീറ്റിനടുത്തുള്ള ഫാനിൽ നിന്നാണ് തീപിടിച്ചെതെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. സംഘത്തിലെ മറ്റു രണ്ടുപേരും സെക്രട്ടറിയേറ്റിലെ ഇടതു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട ആളുകൾ തന്നെയാണ്. ഇവരെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം.
അതിനിടെ സർക്കാരിന്റെ ഈ ഉത്തരവിലൂടെ നേരത്തെ പലരും ന്യായീകരിച്ച ചില കാര്യങ്ങൾ കൂടി പൊളിയുകയാണ്. കത്തി നശിച്ചത് മുഴുവൻ ഇ-ഫയലുകൾ മാത്രമാണെന്നായിരുന്നു പല മന്ത്രിമാരും വാദിച്ചത്. എന്നാൽ പേപ്പർ ഫയലുകളേതെന്ന് കണ്ടുപിടിക്കാൻ സംഘത്തെ നിയോഗിച്ചതോടെ നശിച്ച ഫയലുകളേറെയും പേപ്പർ ഫയലെന്നും തെളിഞ്ഞു.