Advertisment

ഭാരതമാകെ അഭിമാന ഓളമുയർത്തി ഇന്ന് ടോക്യോ ഒളിമ്പിക്സിലെ നീന്തൽ കുളത്തിൽ കുതിക്കാനൊരുങ്ങുന്ന സജൻ പ്രകാശ് ഇന്നലെ അമ്മ ഷാൻ്റി മോളെ വിളിച്ചു; "അമ്മേ, പാലായിൽ തോപ്പിലെ ജോയി സാറിനെ അമ്മ പോയിക്കാണണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയണം". മകൻ്റെ വാക്കു കേട്ട അമ്മ നെയ്‌വേലിയിൽ നിന്നും ഇന്നലെ വൈകിട്ട് പാലാ വെള്ളിയേപ്പള്ളിലെ തോപ്പിലെത്തി. മകൻ്റെ ആദരവായി ഗുരുവിന് മധുരം സമ്മാനിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: ഭാരതത്തിന് ടോക്യോയിൽ നിന്ന് മെഡൽ പ്രതീക്ഷയേകി ഇന്ന് 200 മീറ്റർ ബട്ടർഫ്ലൈയിൽ മത്സരിക്കാൻ നീന്തൽകുളത്തിലിറങ്ങുന്ന സജനെ അഞ്ചാം വയസ്സിൽ ആദ്യമായി കൈ പിടിച്ച് കുളത്തിലിറക്കിയത് നീന്തൽ തറവാടായ തോപ്പിലെ ജോയി ജോസഫാണ്. മുൻ ദേശീയ നീന്തൽ താരവും പ്രമുഖ നീന്തൽ കോച്ചുമായ ജോയിയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് സജൻ്റെ അമ്മയും മുൻ കായിക താരവും കൂടിയായ ഷാൻ്റി മോൾ എത്തിയത്.

1990-2000 കാലഘട്ടത്തിൽ നെയ്‌വേലി ലിഗ് നൈറ്റ് കോർപ്പറേഷനിലെ നീന്തൽ കോച്ചായിരുന്നു, ജോയി. അക്കാലത്താണ് അന്ന് അഞ്ചു വയസ്സുകാരനായ സജൻ ആദ്യമായി നീന്തിത്തുടങ്ങുന്നത്.

ജോയിയുടെ കീഴിൽ നീന്തലിൻ്റെ ബാലപാഠങ്ങൾ പഠിച്ച സജൻ അഞ്ചു വർഷത്തോളം ഇതു തുടർന്നു. പിന്നീട് ഒരുപാട് കിരീടങ്ങൾ നീന്തി നേടിയ സജൻ ഓരോ മത്സരത്തിനു മുമ്പും നേരിട്ടും ഫോണിലും ആദ്യ ഗുരുവിൻ്റെ അനുഗ്രഹങ്ങൾ തേടിപ്പോന്നു. ടോക്യോയ്ക്ക് തിരിക്കും മുമ്പും ജോയിയെ വിളിച്ചിരുന്നു.

ഇന്നലെ വെള്ളിയേപ്പള്ളിലെ തോപ്പിൽ നീന്തൽകുളക്കടവിലെത്തിയ സജൻ്റെ അമ്മ ഷാൻ്റിമോൾക്ക്, ജില്ലാ അക്വാട്ടിക് അസോസിയേഷൻ്റേയും തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയുടേയും നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണവുമൊരുക്കി.

എല്ലാവരും സജൻ്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച ഷാൻ്റി മോൾ, മകൻ്റെ ഗുരു ജോയി ജോസഫിന് കേക്ക് സമ്മാനിച്ചു. ജില്ലാ അക്വാട്ടിക് അസോസിയേഷൻ്റേയും തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയുടെയും വകയായ ഉപഹാരങ്ങൾ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ് ഷാൻ്റി മോൾക്ക് സമ്മാനിച്ചു.

ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ബിനു പുളിക്കക്കണ്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സി.ആർ.പി. എഫ്. മുൻ ഡി. ഐ. ജി.യും നീന്തൽ താരവുമായ ടി.ജെ. ജേക്കബ്ബ്, നീന്തൽ കോച്ച് മാത്യു തോപ്പിൽ, മുൻ നീന്തൽ താരം പി.ടി. തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

pala news
Advertisment