2021ല്‍ നടക്കാനിരിക്കുന്നത് കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍; വിശദാംശങ്ങള്‍ അറിയാം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്ത് ആദ്യമായി നടന്ന തിരഞ്ഞെടുപ്പ് ബിഹാറിലേതായിരുന്നു. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ മഹാസഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ അധികാരത്തിലെത്തി. നിതീഷ് കുമാര്‍ തുടര്‍ച്ചയായ നാലാം തവണയും മുഖ്യമന്ത്രിയായി.

243 സീറ്റുകളില്‍ എന്‍ഡിഎ 125 എണ്ണം നേടി. ബിജെപി 74 സീറ്റുകളില്‍ വിജയിച്ചു. ജെഡിയുവിന് 43 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 75 സീറ്റുകള്‍ നേടിയ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇനി നടക്കാനിരിക്കുന്ന വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിവിധ പാര്‍ട്ടികള്‍ ഇപ്പോഴേ ആരംഭിച്ച് കഴിഞ്ഞു. കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലുമാണ് 2021ല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളം

2021ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിലവിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധി 2021 മേയ് മാസത്തില്‍ അവസാനിക്കും. 140 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും നേടിയാണ് 2016ല്‍ ഇടതുമുന്നണി അധികാരത്തിലെത്തിയത്. 47 സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് നേടാന്‍ കഴിഞ്ഞത്.

അസം

അസം നിയമസഭ തിരഞ്ഞെടുപ്പ് 2021 ഏപ്രിലില്‍ നടക്കും. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയായിരുന്നു. 126 സീറ്റുകളിലേക്കാണ് അസമില്‍ മത്സരം നടക്കുന്നത്.

തമിഴ്‌നാട്

തമിഴ്‌നാട്ടില്‍ 234 അംഗ നിയമസഭയിലേക്കുള്ള മത്സരം 2021 മേയ് മാസത്തില്‍ നടക്കും. തമിഴ് രാഷ്ട്രീയത്തിലെ അധികായന്‍മാരായ ജെ. ജയലളിതയും കെ. കരുണാനിധിയും ഇല്ലാത്ത ആദ്യത്തെ സമ്പൂര്‍ണ നിയമസഭ തിരഞ്ഞെടുപ്പായിരിക്കും 2021-ലേത് എന്നതാണ് പ്രത്യേകത. ജയലളിത 2016ലും കരുണാനിധി 2018ലും മരിച്ചു.

പശ്ചിമ ബംഗാള്‍

ബംഗാളില്‍ 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും 2021ല്‍ നടക്കും. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് നിലവില്‍ ബംഗാള്‍ ഭരിക്കുന്നത്.

ജമ്മു കശ്മീര്‍

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പും 2021ല്‍ നടക്കും. ലഡാക്ക് ഡിവിഷന്‍ ജമ്മു കശ്മീരിന്റെ ഭാഗമല്ലാത്തതിനാല്‍ ആകെ സീറ്റുകളുടെ എണ്ണം 87ല്‍ നിന്ന് 83 ആയി കുറയും. ലേ, കാര്‍ഗില്‍, സാന്‍സ്‌കര്‍, നുബ്ര എന്നീ നാല് സീറ്റുകളാണ് ജമ്മു കശ്മീര്‍ അസംബ്ലിയുടെ ഭാഗമല്ലാതാകുന്നത്.

Advertisment