സ്വന്തം പേരിലെ ഇഖാമയിൽ അജ്ഞാതർ സിംകാർഡുകൾ എടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി. കേസില്‍ കുടുങ്ങിയ മലയാളിക്ക് മോചനം.

ജയന്‍ കൊടുങ്ങല്ലൂര്‍
Wednesday, September 16, 2020

റിയാദ് – സ്വന്തം ഇഖാമയിൽ അജ്ഞാതർ സിംകാർഡുകൾ എടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി കേസിലകപ്പെട്ട മലയാളിക്ക് സാമൂഹിക പ്രവർത്തകന്റെ ഇടപെടലിൽ മോചനം. ജിദ്ദയിൽ സൂപ്പർമാർക്കറ്റിൽ ഒമ്പത് വർഷമായി ജോലി ചെയ്യുന്ന മലപ്പുറം മങ്കട സ്വദേശി അണ്ണൻ തൊടി അബ്ദുറഹ്മാൻ ആണ് റിയാദിലെ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽനിന്ന് കഴിഞ്ഞ ദിവസം മോചിതനായി.

സൈൻ മൊബൈല്‍ കമ്പനിയുടെ  സിം കാർഡ് വർഷങ്ങൾക്ക് മുമ്പാണ് അബ്ദുറഹ്മാൻ സ്വന്തം ഇഖാമ കോപ്പി നൽകി തന്റെ പേരിൽ എടുത്തത്. നാലു മാസം മുമ്പാണ് സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ റിയാദിലെ ഖാലിദിയ പോലീസിൽനിന്ന് വിളി വന്നു. താൻ പലരെയും ഫോണിൽ വിളിച്ച് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർത്തിയെന്നും സ്‌റ്റേഷനിൽ ഹാജരാകണമെന്നുമായിരുന്നു സന്ദേശം. എന്നാൽ വല്ല തട്ടിപ്പുസംഘവുമായിരിക്കുമെന്ന് കരുതി അത് ഗൗരവത്തിലെടുത്തില്ല. അതിനിടെയാണ് ഇഖാമ പുതുക്കുന്നതിന് ശ്രമിച്ചപ്പോൾ ഇഖാമയും ബാങ്ക് അക്കൗണ്ടുമെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ജിദ്ദ പോലീസിൽ ബന്ധപ്പെട്ടപ്പോൾ കേസ് റിയാദിലാണെന്ന് വ്യക്തമായി.

ഇതേ തുടർന്ന് ഇദ്ദേഹം ഗൾഫ് പ്രവാസി മലയാളി ഫെഡറേഷൻ സാമൂഹിക പ്രവർത്തകനായ റാഫി പാങ്ങോടിനെ ബന്ധപ്പെടുകയായിരുന്നു. റാഫി ഖാലിദിയ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതായി അറിഞ്ഞത്. കൂടുതൽ പരിശോധിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ഇഖാമ നമ്പറിൽ ധാരാളം മൊബൈൽ സിമ്മുകൾ എടുത്തതായി കണ്ടെത്തി. ഉടൻ തന്നെ ഇദ്ദേഹത്തെ റിയാദിലെത്തിച്ച് പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കി. നിരപരാധിയാണെന്ന് വ്യക്തമായതോടെ പോലീസ് കേസ് റദ്ദാക്കുകയായിരുന്നുവെന്ന്  റാഫി പാങ്ങോട് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട് അതുകൊണ്ടുതന്നെ  തങ്ങളുടെ പേരിൽ അജ്ഞാത മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് എല്ലാവരും പരിശോധിക്കണമെന്നും അങ്ങനെയുണ്ടെങ്കിൽ അത് റദ്ദാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റാഫി പാങ്ങോട് ആവശ്യപ്പെട്ടു.

×