ബെന്നുവിന്റെ ഉപരിതലത്തിൽ ഒസിരിസ് ചുംബിച്ചു ! ബെന്നുവിനോട് എന്നെന്നേയ്ക്കുമായി വിടപറഞ്ഞ് 2023ല്‍ ഒസിരിസ് ഭൂമിയിലെത്തും !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 22, 2020

ഭൂമിയിൽ നിന്ന് 32കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹമായ ബെന്നുവിനെ നാസ വിക്ഷേപിച്ച ഒസിരിസ്-റെക്സ് പേടകം കൈനീട്ടി ചുംബിച്ചപ്പോൾ ചരിത്രത്തിൽ രേഖപ്പെടുത്താൻ ഒരു അപൂർവ നിമിഷമായി. ഇതുവരെയുള്ള റിപ്പോർട്ടുകളനുസരിച്ച് ഒസിരിസ്-റെക്സ് സംഘത്തിന്റെ പദ്ധതികളെല്ലാം കിറുകൃത്യമാണ്.

എന്നാലും ഇനിയും അത് സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പദ്ധതിക്ക് നേതൃത്വം നൽകുന്ന അരിസോണ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡാന്റെ ലൗറേറ്റ പ്രതികരിച്ചത്. എന്നാൽ ബെന്നുവിന്റെ ഉപരിതലത്തിൽ ഒസിരിസ് ചുംബിച്ചുവെന്നാണ് മിഷന്റെ ഡെപ്യൂട്ടി സയന്റിസ്റ്റ് ആയ ഹേതർ ഏനൊസ് പറഞ്ഞത്.

2016ൽ വിക്ഷേപിച്ചതു മുതൽ ഒസിരിസ്-റെക്സ് പേടകം ബെന്നുവിനെ ചുറ്റി നടക്കുകയാണ്. എന്നിരുന്നാലും ഇവർ പരസ്പരം തൊട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അത് തിരുത്തിക്കുറിച്ചു വെന്നാണ് ശാസ്ത്രലോകം നൽകുന്ന റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒസിരിക്സ്-റെക്സ് അതിന്റെ പ്രധാന ദൗത്യം നടത്തിയിരിക്കുന്നു.

ബെന്നുവിനെ തൊട്ട് ബെന്നുവിൽനിന്ന് കുറച്ച് ആദിമപദാർത്ഥങ്ങൾ ശേഖരിക്കുക, ടച്ച് ആന്റ് ഗോ ((Touch-And-Go) എന്നായിരുന്നു ഈ ഇവന്റിന്റെ പേര്. ഉപരിതലത്തിൽ ഉറച്ച യന്ത്രക്കൈയിൽനിന്ന് നൈട്രജൻ വാതകം ശക്തിയിൽ ബെന്നുവിലേക്കു ചീറ്റി അതിന്റെ ശക്തിയിൽ ഉയരുന്ന പൊടിപടലങ്ങളും ചെറിയ പാറക്കഷണങ്ങളുമാണ് യന്ത്രക്കൈയിലെ തന്നെ സാമ്പിൾ കളക്ഷൻ ഹെഡ് ശേഖരിക്കുന്നത്.

കാര്യങ്ങൾ ശരിയായ രീതിയിൽ നടന്നാൽ ഇനി ഒസിരിസ്-റെക്സ് (OSIRIS-REx) എന്നെന്നേയ്ക്കുമായി ബെന്നുവിനോടു വിടപറയും. എന്നിട്ട് ശേഖരിച്ച പദാർത്ഥങ്ങളുമായി ഭൂമിയിലേക്ക് തിരിച്ചുപോരും. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് 2023ൽ പേടകം ഭൂമിയിലെത്തും.

ദൗത്യം പൂർണ്ണമായും വിജയകരമായി പൂർത്തിയായോ എന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. വിജയകരമല്ലെങ്കിൽ വരുന്ന ജനുവരിയിൽ ഒരിക്കൽക്കൂടി ഒസിരിക്സ്-റെക്സ് ബെനുവിനെ തൊടും. എന്തായാലും 2021 മാർച്ചിൽ ബെന്നു തിരികെ പോരും. ഇതുവരെയുള്ള ഡാറ്റ സൂചിപ്പിക്കുന്നത് എല്ലാം പ്രതീക്ഷിച്ചപോലെ തന്നെ നടന്നു എന്നാണ്.

×