മദ്യപിച്ച് അമിതവേഗത്തില്‍ ഡ്രൈവിങ്; തലകുത്തനെ മറിഞ്ഞ് കാര്‍; നടുക്കും വിഡിയോ

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, November 21, 2020

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ ഞെട്ടിക്കുന്ന വാഹനാപകടമാണ് ഉണ്ടായിരിക്കുന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിൻഡോറിൽ നിന്ന് രണ്ടു പേർ തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം.

6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്, ചെറിയ പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു. അപകടത്തിന്റെ ഭീകര വിഡിയോ കണ്ടവർ ഭാഗ്യം കൊണ്ടു മാത്രമാണ് ഇവർ രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്.

സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത സംഘം മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നവർ നമ്മുടെ നാട്ടിൽ നിരവധിയാണ്. രണ്ടെണ്ണം അടിച്ചിട്ട് വണ്ടി ഓടിച്ചാൽ ഒന്നും സംഭവിക്കില്ല എന്ന മിഥ്യാധാരണയാണ് പ്രധാന പ്രശ്നം. മദ്യപിച്ചാൽ കൈകാലുകളുടെ സന്തുലനം പാടെ തകരാറിലാവുന്നു .

കൂടാതെ മറ്റു വാഹനങ്ങളുടെ വേഗം, അകലം എന്നിവ കണക്കാക്കാനുള്ള മസ്തിഷ്കത്തിൽ കഴിവും താറുമാറാകുന്നു. ഇതോടെ കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാനാവാതെ വരുന്നു.

കൂടാതെ അപകടസാധ്യതയോട് ഉടനടി പ്രതികരിക്കാൻ കഴിയാതെ വരുന്നു. മദ്യം അമിതമായാൽ കാഴ്ച്ചയ്ക്കും കാര്യമായി പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ വാഹനമോടിക്കുമ്പോള്‍ വേണ്ട ഏകാഗ്രതയ്ക്ക് കുറവുവരുത്തുകയും ചെയ്യും. ഇക്കാരണങ്ങൾ കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കരുത് എന്നു പറയുന്നത്

×