മയക്കുമരുന്ന് കേസില്‍ താരദമ്പതികളെ ചോദ്യം ചെയ്യും; അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

ബെംഗളൂരു: കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടൻ ദിഗന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെ ചോദ്യംചെയ്യും. ഇരുവരും ബുധനാഴ്ച രാവിലെ 11 മണിക്ക് മുൻപ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ക്രൈംബ്രാഞ്ച് ബ്യൂറോ (സിസിബി) സമൻസ് അയച്ചു.

Advertisment

അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങിയ താരങ്ങളുടെ അറസ്റ്റിന് പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി കന്നഡ സിനിമയിൽ സജീവമാണ് ദിഗന്ത്. ഭാര്യ ഐന്ദ്രിത റേ 30-ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2018-ലാണ് ഇരുവരും വിവാഹിതരായത്.

കേസിൽ ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആൽവയുടെ ബെംഗളൂരുവിലെ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ബ്യൂറോ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആരോപണം ഉയർന്നതുമുതൽ ആദിത്യ ആൽവ ഒളിവിലാണെന്നാണ് വിവരം.

നടി സഞ്ജനയുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് എംഎൽഎ സമീർ ഖാനെതിരെ ആരോപണം ഉന്നയിച്ച സിനിമ നിർമാതാവ് പ്രശാന്ത് സമ്പർഗിയെ 18നു വീണ്ടും ചോദ്യം ചെയ്യും. സമീർ അഹമ്മദ് സഞ്ജനയ്ക്കൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ചെലവിട്ടെന്ന് സമ്പർഗി ആരോപിച്ചിരുന്നു.

സീരിയൽ നടി അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) പിടികൂടിയതിന് പിന്നാലെയാണ് കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം നീണ്ടത്.

Advertisment