പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബലാത്സംഗം ചെയ്തത് 40ലേറെ സ്ത്രീകളെ; 35 കാരന്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, September 24, 2020

ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥനായി വേഷം കെട്ടി 40 ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത 35 കാരന്‍ പിടിയില്‍.  പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ പണവും മൊബൈലും കവര്‍ന്നു എന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.

ചെന്നൈയിലെ പുഴല്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച യുവതിയുടെ പരാതിയാണ് സംഭവങ്ങളിലേക്ക് വെളിച്ചം വീശിയത്.  പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് സ്ത്രീകളെ വലയിലാക്കി ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ലോറി ഡ്രൈവറാണ് പിടിയിലായത്.

പ്രതി പിച്ചൈമണിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍  സ്ത്രീകളുടെ സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയത്.

കാമുകന്‍ കൂടെയുളളപ്പോള്‍ തന്റെ കയ്യില്‍ നിന്ന് 15,000 രൂപയും മൊബൈല്‍ ഫോണും പിടിച്ചുപറിച്ചു എന്ന യുവതിയുടെ പരാതിയാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. പൊലീസ് ഉദ്യോഗസ്ഥനാണ് പണം കവര്‍ന്നതെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.

കാമുകനുമായുളള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് തന്നെ പീഡിപ്പിച്ചതായും അന്വേഷണത്തിനിടെ യുവതി പൊലീസിന് മൊഴി നല്‍കി. ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പണവും മൊബൈലും കവര്‍ന്ന് കടന്നുകളഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

രണ്ടു ദിവസം നീണ്ട ഊര്‍ജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. മറ്റു സ്ത്രീകളെയും സമാനമായ രീതിയില്‍ പീഡിപ്പിച്ചതായി 35കാരന്‍ കുറ്റസമ്മതം നടത്തി. ഇരുചക്രവാഹനത്തില്‍ കാക്കി ഷര്‍ട്ടും ട്രൗസറും ധരിച്ച് പൊലീസുകാരനാണ് എന്ന തോന്നല്‍ സൃഷ്ടിച്ചായിരുന്നു സ്ത്രീകളെ വലയിലാക്കിയതെന്നും ഇയാള്‍ പറഞ്ഞു.

×