മക്കളേ മാപ്പ്

എബ്രഹാം സിറിയക്
Saturday, June 27, 2020

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഉപേക്ഷിച്ചു. ഓരോ രക്ഷിതാക്കള്‍ക്കും അഭിമാനിക്കാം പുതിയ ഒരു വിദ്യാഭ്യാസ യുഗത്തിനാണ് ഇതിലൂടെ സി.ബി.എസ്.ഇ തുടക്കമിട്ടിരിക്കുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ നാട്ടിലെ പല സ്‌കൂളുകളും അമ്പരന്നുപോയി.

പരീക്ഷയുടെ പേര് പറഞ്ഞു വിദ്യാര്‍ത്ഥികളെ പേടിപ്പിച്ചിരുന്നവരെല്ലാം ഇപ്പോള്‍ തലകുനിക്കുകയാണ്. ഇതിനോടകം പരീക്ഷയുടെ പേരില്‍ പീഡിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത ലക്ഷകണക്കിന് വിദ്യാത്ഥികള്‍ ഭാവിയുടെ വാഗ്ദാനങ്ങളായ പ്രതിഭകള്‍ ആകേണ്ടിയിരുന്നു. വിദ്യാഭ്യാസം എന്നത് കേവലം പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് മാത്രമല്ല, ഒരിക്കലും കുട്ടികളെ പരീക്ഷയുടെ പേര് പറഞ്ഞ് മാനസിക സംഘര്‍ഷം ഉള്ളവരാക്കി മാറ്റരുത് എന്ന് മനസ്സിലാക്കുവാന്‍ ഈ കൊറോണ കാലം വരെ നമുക്ക് കാത്തിരിക്കേണ്ടിവന്നു എന്നതാണ് യാഥാര്‍ഥ്യം.

പരീക്ഷയിലെ മാര്‍ക്കിന് അടിസ്ഥാനമാക്കി മറ്റു കുട്ടികളുമായി അനാവശ്യതാരതമ്യം ചെയ്യുന്ന മാതാപിതാക്കള്‍ക്കും ഈ തീരുമാനം ഒരു തിരിച്ചടി തന്നെയാണ്. കുട്ടികളുടെ മറ്റ് കഴിവുകള്‍ കാണാതെ കേവലം മൂന്ന് മണിക്കൂര്‍ ഉള്ള പരീക്ഷയിലെ മാര്‍ക്കിനെ അടിസ്ഥാനമാക്കി അവരെ തരം തിരിച്ചുകൊണ്ട് കുട്ടികളുടെ ആത്മവിശ്വാസവും നശിപ്പിച്ചു അവരെ നിരാശരാക്കുകയാണ് പല സ്‌കൂളുകളും, രക്ഷിതാക്കളും ചെയ്തുവന്നിരുന്നത്.

പ്രമുഖ മാധ്യമങ്ങളില്‍ മുന്‍ പേജ് വാര്‍ത്തകളുമായി തിളങ്ങിയ റാങ്കുകാര്‍ എവിടെ എത്തി എന്ന് അന്വേഷിച്ചു നോക്കുക. ആഗോള വിദ്യാഭ്യാസ നിലവാരം അളക്കുന്ന ‘പിസ’ ടെസ്റ്റുകള്‍ നമ്മുടെ രാജ്യത്ത് ഇപ്പോളും നടപ്പാക്കാന്‍ ആയിട്ടില്ല. പൊള്ളയായ വര്‍ഷ അവസാന പരീക്ഷകളില്‍ നിന്ന് ആത്മാവ് ഉള്ള ക്ലാസ് മുറികളിലെ ‘ഫോര്‍മേറ്റീവ് അസ്സെസ്സ്മേന്റ്’-നാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. വികസിത രാജ്യങ്ങളിലെ മികച്ച പരീക്ഷ സംവിധനങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നമുക്കു മനസിലാക്കാവുന്നതല്ലേ ഉള്ളൂ? അതിന് വിദേശ പഠനയാത്രയോ, വിദഗ്ദ്ധ സമിതിയുടെ ബുദ്ധിയോ, പണച്ചിലവുമോ ആവശ്യമില്ലലോ.

ജീവിത വിജയത്തിന് ആവശ്യം പരാജയങ്ങളെ നേരിടാന്‍ ഉള്ള ചങ്കുറപ്പും , അവ്യക്തമായ ഭാവിയെ ക്രിയാത്മകമായി നേരിടാനുള്ള ബുദ്ധിയുമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസം ‘കോളാബറേഷന്‍- കമ്മ്യൂണിക്കേഷന്‍-ക്രീയേറ്റിവിറ്റി’ എന്നീ മൂന്നു ‘സി’ കളെ ഉള്‍പ്പെടുത്തിയാകണം.

×