പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ ‘സ്വിച്ച് ഓഫ്’; അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചതായി കാണിക്കാതെ പുതിയ രീതിയിലുളള എടിഎം തട്ടിപ്പ്, സൂക്ഷിക്കുക !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ രീതിയിലുളള എടിഎം തട്ടിപ്പ്. പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് എടിഎം മെഷീന്‍ സ്വിച്ച് ഓഫ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചതായി കാണിക്കാതെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് സ്വകാര്യ ബാങ്ക് മാനേജര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അഹമ്മദാബാദിലാണ് സംഭവം. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയുളള കാലയളവില്‍ ഇത്തരത്തില്‍ സംശയകരമായ 24 ഇടപാടുകളാണ് നടന്നത്. പണം പിന്‍വലിച്ചെങ്കിലും അക്കൗണ്ടില്‍ തുക ഡെബിറ്റ് ചെയ്തതായി കാണിക്കാതെയാണ് തട്ടിപ്പ്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടുപിടിച്ചത്.

മൂന്ന് ആളുകളാണ് ഇതിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. രണ്ടുപേര്‍ എടിഎമ്മിനുളളില്‍ കയറിയാണ് തട്ടിപ്പ് നടത്തുന്നത്. ഈസമയത്ത് ഒരാള്‍ എടിഎമ്മിന് പുറത്ത് നില്‍ക്കും. രണ്ടുപേര്‍ ഇടപാടുകള്‍ നടത്തുന്ന സമയത്താണ് മെഷീന്‍ സ്വിച്ച് ഓഫ് ചെയ്യുന്നത്.

പണം പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പ് പുറത്ത് നില്‍ക്കുന്നയാള്‍ മെഷീന്‍ സ്വിച്ച് ഓഫ് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്കിന്റെ പരാതിയില്‍ പറയുന്നു.

×