ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -11 : ബംഗാൾ ക്ഷാമവും വർഗീയതയും

Friday, November 20, 2020

-സിപി കുട്ടനാടൻ

ക്വിറ്റ് ഇന്ത്യാ സമരങ്ങളിൽ ആർഎസ്എസ് പ്രവർത്തകർക്ക് പങ്കെടുക്കാം എന്ന സംഘടനാ നിലപാട് നിരവധി പ്രവർത്തകരെ സമരത്തിൻ്റെ ഭാഗമാക്കി, 1942ലെ ആര്‍എസ്എസ് പരിശീലന ക്യാമ്പില്‍ അന്നത്തെ സര്‍സംഘചാലക് ഗോള്‍വാള്‍ക്കര്‍ നടത്തിയ സമാരൊപ് ബൗദ്ധിക്കിൽ ഈ നിലപാട് എടുത്തു പറഞ്ഞിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ സമരത്തില്‍ സ്വയംസേവകര്‍ അവരുടേതായ ചുമതല വഹിക്കണമെന്നും വേണ്ടി വന്നാല്‍ ജീവന്‍ പോലും സമര്‍പ്പിക്കാന്‍ തയ്യാറാവണം എന്നും ആര്‍എസ്എസ് പ്രമേയം പാസ്സാക്കി. ബ്രിട്ടീഷുകാരെ സഹായിക്കുന്നവരെ അദ്ദേഹം വിമര്‍ശിച്ചു. ഇതൊക്കെ ചരിത്ര രേഖകളിൽ ഉള്ള സംഗതികളാണ്.

ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 1942ൽ കേരളത്തിലേക്കും മറ്റും ആർഎസ്എസ് പ്രചാരകന്മാർ കടന്നു വരികയുണ്ടായി. ദന്തോപാന്ഥ് ഠേംഗ്ഡിജി എന്ന പ്രചാരകനായിരുന്നു മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെത്തി ആർഎസ്എസിൻ്റെ മലയാള ഭാഷയിലെ ആദ്യ പ്രവര്‍ത്തനം തുടങ്ങി വച്ചത്.

ക്വിറ്റ് ഇന്ത്യ സമരകാലഘട്ടത്തില്‍ തനിക്ക് അഭയം നല്‍കിയത് ദല്‍ഹിയിലെ ആര്‍എസ്എസ് നേതാക്കളാണ് എന്ന് ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻ്റെ പതാക ഉയർത്തി അരുണ അസഫ് അലിയും, സോഷ്യലിസ്റ്റ് നേതാവായിരുന്ന അച്യുത് പട്വര്‍ദ്ധനുമൊക്കെ പറഞ്ഞത് ഇതോടൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്

ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി ബഡേശ്വറിൽ അക്രമ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഈ അക്രമങ്ങളിലൊന്നും ഭാഗമല്ലാതിരുന്ന, ക്വിറ്റ് ഇന്ത്യാ സമരത്തിൽ മാത്രം പങ്കെടുത്തിരുന്ന ശ്രീ. അടൽ ബിഹാരി വാജ്പേയിയേയും സഹോദരൻ പ്രേമിനെയും, അക്രമം നടത്തി എന്നാരോപിച്ച് ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു.

24 ദിവസം ജയിൽ വാസം അനുഷ്ടിയ്ക്കവേ അക്രമത്തെക്കുറിച്ചു അന്വേഷണത്തിനായെത്തിയ ഉദ്യോഗസ്ഥർക്ക് വാജ്‌പേയിയുടെ നിരപരാധിത്വം ബോധ്യപ്പെടുകയും, ക്വിറ്റ്ഇന്ത്യാ സമരത്തിൻ്റെ ഭാഗമായിരുന്നു എങ്കിലും, അക്രമങ്ങളിലൊന്നും തനിക്കോ സഹോദരനോ പങ്കില്ല എന്ന് എഴുതി വാങ്ങി അദ്ദേഹത്തെ ജയിൽ മോചിതനാക്കി.

രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഭാരിച്ച ചിലവുകൾക്കും സ്രോതസ്സുകൾക്കും വേണ്ടി  സായിപ്പന്മാർ അനസ്യൂതം ഭാരതത്തിൽ നടത്തിയ തീവെട്ടി കൊള്ളയുടെ ബാക്കി പത്രമായിരുന്നു 1943ൽ രാജ്യത്ത് പൊതുവെയും ബംഗാളിൽ തീവ്രമായും പിടിപെട്ട ബംഗാൾ ക്ഷാമം എന്ന പേരിൽ അറിയപ്പെടുന്ന ദുരന്ത കാലഘട്ടം.

നമ്മുടെയൊക്കെ അപ്പൂപ്പന്മാർ പണ്ടുകാലത്ത് ആഹാരമില്ലായിരുന്നു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാവും, അങ്ങനെയൊരു പ്രതിസന്ധിയുടെ സമാരംഭം കുറിച്ചത് ഈ കാലഘട്ടത്തിൽ ആയിരുന്നു. പണിയെടുത്താലും പണം നൽകിയാലും ആഹാരം കിട്ടുന്നില്ലെങ്കിൽ പിന്നെ പണത്തിനെന്തുവില. മനുഷ്യത്വത്തിനെ പോലും ആരെങ്കിലും വിലവയ്ക്കുമോ..? ഈ ബ്രിട്ടീഷ് നിർമ്മിത ക്ഷാമത്തിൽ പട്ടിണിമൂലം 3 ദശലക്ഷത്തോളം ഇന്ത്യക്കാർ മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്.

ഇങ്ങനെ നിർമ്മിത ക്ഷാമമുണ്ടാക്കിയ എല്ലാ കോളനികളിലും ആപത് ബാന്ധവരെപ്പോലെ ക്രിസ്ത്യൻ മിഷനറിമാർ അവതരിയ്ക്കുകയും ബ്രിട്ടീഷ് സാമ്രാജ്യം നൽകിയ ഭക്ഷണം നൽകുകയും, അങ്ങനെ ആതുര സേവനത്തിൻ്റെ പേരിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനങ്ങൾ നടക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് ഇവാഞ്ചലിസം കൽക്കട്ടയിൽ ശക്തി പ്രാപിച്ചതെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

വിശക്കുന്ന വയറുകൾക്ക് എന്ത് മതം..? അവർക്ക് ആര് ഭക്ഷണം നൽകിയോ അവർക്കൊപ്പം ആട്ടിൻ പറ്റങ്ങളെപ്പോലെ പോയി ജ്ഞാനസ്നാനം ചെയ്യപ്പെട്ടു ഹിന്ദുസ്ഥാനികൾ. ഇത്തരം പ്രവൃത്തികളിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭരണപരമായ ഇടപെടലും മറ്റും മൂടിവയ്ക്കുവാനും ചർച്ച ചെയ്യപ്പെടാതിരിയ്ക്കുവാനുമായി സഭയുടെ സ്‌കൂളുകളിൽ, ഹെൽമിന്തോ‌സ്പോറിയം ഒറൈസ എന്ന ഫംഗസ് പരത്തുന്ന ബ്രൗൺ സ്പോട്ട് രോഗം നെൽകൃഷിയെ ബാധിച്ചതാണ് ബംഗാൾ ക്ഷാമത്തിൻ്റെ പ്രധാന കാരണമെന്ന് പഠിപ്പിയ്ക്കുവാൻ തുടങ്ങി.

ചർമത്തിൻ്റെ നിറം ഇരുണ്ട, കണ്ഠകൗപീനം ധരിച്ച അഭിനവ ഇന്ത്യൻ സായിപ്പന്മാർ പലരും, ഇക്കാര്യം പഠിച്ചിറങ്ങിയവരും, ഇതിലൂടെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടവരുമാണെന്ന് ഈ വിഷയത്തിലെ അവരുടെ അഭിപ്രായങ്ങൾ കേട്ടാൽ മനസ്സിലാകും. സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഇന്ത്യ ഒരു ബാദ്ധ്യതയാകാൻ തുടങ്ങി എന്നതിൻ്റെ ലക്ഷണങ്ങൾ ബംഗാൾ ക്ഷാമത്തിൻ്റെ മൂല കാരണങ്ങളെ മൂടിവയ്ക്കാൻ ബ്രിട്ടീഷുകാർ കാട്ടിയ ഇത്തരം കൗശലങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.

ഈ ക്ഷാമ കാലഘട്ടം ഇന്ത്യയുടെ രാഷ്ട്രീയ ഗതിവിഗതികളെ വളരെ ആഴത്തിൽ സ്പർശിച്ച സംഗതിയായിരുന്നു. വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ നമ്മൾ കേൾക്കുന്ന “ഈ പദ്ധതികൊണ്ട് പട്ടിണി മാറുമോ..?” എന്നുള്ള ചോദ്യത്തിന് ബംഗാൾ ക്ഷാമം ബീജാവാപം നൽകിയിട്ടുണ്ടെന്ന് ചരിത്രം വിശകലനം ചെയ്താൽ മനസ്സിലാകും.

മദർ തെരേസയെ പോലുള്ള വിശിഷ്ട വ്യക്തികൾക്ക് ഭാരതത്തെ ജ്ഞാനസ്നാനം ചെയ്യിക്കാനുള്ള അവസരം വീണു കിട്ടിയതിലും ഇന്ത്യയിലെ ക്രിസ്തുമത പരിവർത്തനത്തെയും കുരിശു കൃഷിയെയും ത്വരിതപ്പെടുത്തിയതിലും ബ്രിട്ടീഷുകാരുണ്ടാക്കിയ ബംഗാൾ ക്ഷാമം പങ്കുവഹിച്ചിട്ടുണ്ട്.

മൾഗറും മൈദയും ഇന്ത്യക്കാരൻ്റെ ഭക്ഷണ മെനുവിൽ സ്ഥാനം പിടിച്ചത് ബംഗാൾ ക്ഷാമത്തിൻ്റെ പരിണിതിയായ ഭക്ഷണ സംസ്കാരത്തിൻ്റെ ബാക്കി പത്രമായിരുന്നു. പാതിരിമാർക്ക് (വിശിഷ്യാ പ്രൊട്ടസ്റ്റണ്ടുകൾക്ക്) വളരെയധികം മാന്യത ഇന്ത്യൻ സമൂഹത്തിൽ ലഭിച്ചതിലൊരു കാരണം ഈ ക്ഷാമകാലത്ത് വിശന്നിരുന്ന ഇന്ത്യക്കാരൻ്റെ വയറ്റിലെ ശൂന്യത നികത്തിയതിനാലായിരുന്നു.

രാജ്യത്ത് പൊതുവേയുണ്ടായ ഈ ക്ഷാമ കാലഘട്ടത്തിൽ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനായ സവർക്കറുടെ ആരോഗ്യസ്ഥിതി വളരെ മോശമാവുകയും അദ്ദേഹം സംഘടനയുടെ നേതൃത്വത്തിൽ നിന്നും ഒഴിയുകയും ഡോ. ശ്യാമപ്രസാദ് മുഖർജി ഹിന്ദുമഹാസഭയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. 1943ല്‍ ബംഗാള്‍ പട്ടിണിയില്‍ അമര്‍ന്നപ്പോള്‍ അരലക്ഷം സമൂഹ അടുക്കളകളാണ് ഡോ.മുഖര്‍ജിയും കൂട്ടരും കൂടി സൃഷ്ടിച്ചത്. എന്നാൽ ഇതൊന്നും പര്യാപ്തമായിരുന്നില്ല.

സവർക്കറുടെ പ്രഭാവം ഇതോടെ അവസാനിച്ചു എന്നതാണ് സത്യം. കാര്യമായ തുടർ പ്രവർത്തങ്ങളൊന്നും ചെയ്യാൻ അദ്ദേഹത്തെ തൻ്റെ വഷളായ ആരോഗ്യസ്ഥിതി അനുവദിച്ചില്ല. എന്നാലും മഹാരാഷ്ട്രയിലെ സ്വാതന്ത്ര്യ സമര പ്രമുഖൻ എന്ന പേര് വിഡി സവർക്കർക്ക് ലഭിച്ചിരുന്നു.

സ്വാതന്ത്ര്യസമര ചരിത്രം നോക്കുകയാണങ്കില്‍ മഹാത്മ ഗാന്ധിജി ആയിരുന്നു ദേശീയ നേതാവ്. ചെമ്പകരാമന്‍പിള്ള (എംഡൻ വൈസ് ക്യാപ്റ്റൻ), സുബ്ര്യമണ്യ ഭാരതി തുടങ്ങിയവര്‍ തമിഴ്നാട്ടിലെ സ്വാതന്ത്ര്യ സമര നേതാക്കള്‍ ആയിരുന്നു. അതു പോലെ കെ കേളപ്പന്‍, മയ്യഴി ഗാന്ധി തുടങ്ങിയവര്‍ കേരളത്തിലാണ് പ്രവര്‍ത്തിച്ചത്. ഇവര്‍ക്കെല്ലാം ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയിരുന്നത് അവരവരുടെ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതു പോലെ മഹാരാഷ്ട്രയുടെ സ്വാതന്ത്ര്യ സമര ചരിത്രം നോക്കിയാല്‍ സവര്‍ക്കര്‍ തന്നെയായിരുന്നു മഹാരാഷ്ട്രയുടെ നേതാവ് എന്നു കാണാം.

ചരിത്രം എത്ര രസകരമായാണ് വസ്തുതകളെ കോർത്തെടുക്കുന്നതെന്ന് ഇതൊക്കെ പരിശോധിയ്ക്കുമ്പോൾ മനസ്സിലാകും. ചരിത്രം എന്നത് ഭാവിയുടെ പൂർവ ചിത്രമാണ് എന്ന് പറയുന്നത് ഇതൊക്കെക്കൊണ്ടാണ്. ഇതേ സമയത്ത് മറ്റൊരു സാഹസ സമര പ്രവർത്തനം നടക്കുന്നുണ്ടായിരുന്നു, നേതാജി സുഭാഷ് ചന്ദ്ര ബോസ്ജിയുടെ നേതൃത്വത്തിൽ.

തുടരും…

×