Advertisment

ആഗോള കീടനാശിനി നിർമാണ ഭീമൻ ബെയറിന് വേണ്ടി കോടതി വിധി മറികടന്ന് ട്രംപ് ഭരണകൂടത്തിന്റെ നിയമ നിർമാണം !

New Update

publive-image

Advertisment

ഡൈകാംബ (Dicamba-3,6-dichloro-2-methoxybenzoic acid) എന്ന രാസസംയുക്തം അടിസ്ഥാനമാക്കി ബെയർ, BASF എന്നീ കീടനാശിനി കമ്പനികൾ പുറത്തിറക്കുന്ന കളനാശിനികൾ അടുത്ത അഞ്ചു വർഷത്തേയ്ക്ക് കൂടി ഉപയോഗിക്കാൻ അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി അനുമതി നൽകി.

ഈ വര്ഷം ജൂണിൽ അമേരിക്കൻ അപ്പീൽ കോടതി ബെയർ നിർമിക്കുന്ന സെന്റി മാക്സ് (XtendiMax) BASF നിർമിക്കുന്ന എൻജിനിയ (Engenia) എന്നീ കളനാശിനികളുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചിരുന്നു.

ഡൈകാംബ അടിസ്ഥാനമായ ഈ രണ്ടു കളനാശിനികളും ഉപയോഗിക്കുന്നത് വഴി 2017 ലും 2018 ലും ഏകദേശം 1 .5 മില്യൺ ഹെക്ടർ സ്ഥലത്തെ സോയാബീൻ കൃഷി നശിച്ചു എന്ന കർഷകരുടെ പരാതിയെ തുടർന്ന് ആയിരുന്നു കോടതിയുടെ ഈ നടപടി. ഈ വിധിയെയാണ് ട്രംപ് ഭരണകൂടത്തിന് കീഴിൽ ഉള്ള പരിസ്ഥിതി സംരക്ഷണ ഏജൻസി മറികടന്നിരിക്കുന്നത്.

2018 ൽ അമേരിക്കൻ കീടനാശിനി നിർമാണ കമ്പനി ആയിരുന്ന മൊൺസാന്റോയെ ഏറ്റെടുക്കുക വഴി വൻ ബാധ്യതയിലായ ജർമൻ കമ്പനി ബെയറിനെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ ഈ നടപടി എന്ന് വിലയിരുത്തപ്പെടുന്നു.

മൊൺസാന്റോയുടെ ഉൽപ്പന്നം ആയിരുന്ന റൗണ്ട് ആപ്പ് ഉപയോഗിച്ചത് വഴി ക്യാൻസർ മുതലായ ആരോഗ്യ പ്രശ്നങ്ങൾ വന്ന ആയിരക്കണക്കിന് പേരാണ് വിവിധ അമേരിക്കൻ കോടതികളെ സമീപിച്ചിരിക്കുന്നത്. ഈ കേസുകൾ മൂലം ബെയറിന് 20 ബില്യൺ ഡോളർ ബാധ്യത ഉണ്ടാകും എന്നാണ് കണക്കു കൂട്ടപ്പെടുന്നത്.

റൗണ്ട് അപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലൈഫോസ്‌ഫേറ്റ് നേക്കാൾ അപകടകാരിയായ രാസസംയുക്തം ആണ് ഡൈകാംബ എന്ന് വിദഗർ പറയുന്നു. ബെയർ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഡൈകാംബ പ്രതിരോധ ശേഷിയുള്ള ജനിതകമാറ്റം വരുത്തിയ സോയാബീൻ ചെടികൾക്ക് ഇടയിലാണ് സാധാരണയായി കർഷകർ ഇത് ഉപയോഗിക്കാറ്.

എന്നാൽ ബെയർ നിർമിക്കുന്ന സെന്റിമാക്സ് താപനില കൂടുമ്പോൾ പെട്ടെന്ന് ബാഷ്പീകരിച്ചു മറ്റു തോട്ടങ്ങളിൽ എത്തി സാധാരണ സോയാബീൻ ചെടികളെയും മറ്റു വിളകളെയും നശിപ്പിക്കുന്നു.

ഡൈകാംബ ചെടികൾക്ക് റൗണ്ട് ആപ്പിൽ ഉള്ള ഗ്ലൈഫോസ്ഫറ്റിനെ ക്കാൾ 75 മുതൽ 300 ശതമാനം വരെ അപകടകാരി ആണ് എന്ന് 2004 ൽ കാലിഫോർണിയ പെസ്റ്റിസൈഡ് റെഗുലേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലെ മൊത്തം സോയാബീൻ കൃഷിയുടെ 4 ശതമാനത്തോളം ഈ കളനാശിനികൾ നശിപ്പിച്ചിട്ടുണ്ട് എന്ന് മിസ്സോറി യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ആയ കെവിൻ ബ്രാഡ്‌ലി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.

ഡൈകാംബ സംയുക്തങ്ങൾ മണ്ണിലെ ചില സൂക്ഷ്മ ജീവികളെ നശിപ്പിക്കുകയും അത് വഴി മണ്ണിന്റെ ഗുണമേന്മ നശിപ്പിക്കുകയും ചെയ്യുന്നു. ഡൈകാംബ കളനാശിനികൾ ഉപയോഗിച്ച സ്ഥലങ്ങളിൽ തേനീച്ചകളുടെ എണ്ണം 50 ശതമാനത്തോളം കുറഞ്ഞതായി നാഷണൽ പബ്ലിക് റേഡിയോ ന്യൂസ് 2017 ഇൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കയിൽ ഉപയോഗത്തിലുള്ള കളനാശിനികളിൽ മണ്ണിലും വെള്ളത്തിലും ഏറ്റവും വേഗത്തിൽ കലർന്ന് അവയെ മലിനമാക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ളത് ഡൈകാംബ കളനാശിനികൾക്കു ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ അമേരിക്കൻ ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനങ്ങൾ പ്രകാരം ഡൈകാംബ കളനാശിനികളുമായി നിരന്തര സമ്പർക്കത്തിൽ വരുന്ന കർഷകർക്ക് ക്യാൻസർ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു ഇരട്ടി ആണ് എന്ന് ചൂണ്ടിക്കാട്ടുന്നു.

മിക്ക ഡൈകാംബ അധിഷ്ഠിത കളനാശിനികളും നിർമാതാക്കൾ വ്യാപാര രഹസ്യങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ചില രാസ സംയുക്തങ്ങൾ ചേർക്കുന്നുണ്ട്.

അവർ നിഷ്ക്രിയ സംയുതകങ്ങൾ (Inert compounds) എന്ന് വിശേഷിപ്പിക്കുന്നു എങ്കിലും ഈ ചേരുവകൾ ജൈവശാസ്ത്രപരമായും രാസപരമായും നിനിഷ്ക്രിയമല്ല എന്നതാണ് സത്യം.

കളനാശിനികളും കീടനാശിനികളും രജിസ്റ്റർ ചെയ്യുന്ന സമയത്ത് നടത്തുന്ന ആഘാത പഠനങ്ങൾ (ടോക്സിക്കോളജി, പരിസ്ഥിതി ആഘാത പരിശോധന മുതലായവ ) മിക്കതും അതിലെ പ്രധാനപ്പെട്ട രാസ സംയുക്തം ( ഉദാ: ഡൈകാംമ്പ, ഗ്ലൈഫോസ്‌ഫേറ്റ്) ഉപയോഗിച്ചാണ് നടത്താറ്.

അതിനാൽ തന്നെ ഒരു ബ്രാൻഡഡ് കളനാശിനി അതിന്റെ പൂർണ രൂപത്തിൽ പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് ഒരു കൃത്യമായ വിലയിരുത്തൽ ഒരിക്കലും നടക്കാറില്ല.

കീടനാശിനി നിർമാണ ഭീമന്മാർ ഒരിക്കലും തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന രാസ സംയുക്തങ്ങൾ വെളിപ്പെടുത്താറില്ല, എന്ന് തന്നെയല്ല മിക്ക രാജ്യങ്ങളിലും അത് രഹസ്യമായി സൂക്ഷിക്കാൻ നിയമം അവരെ അനുവദിക്കുകയും ചെയ്യുന്നു.

അമേരിക്കയിൽ നിലവിൽ ഉള്ള സോയാബീൻ കൃഷിയിൽ 60 ശതമാനം ബെയറിന്റെ ഡൈകാംബ പ്രതിരോധശേഷിയുള്ള ജനിതകമാറ്റം വരുത്തിയ സോയാബീൻ ഇനങ്ങൾ ആണ്.

അതായത് നിലവിലെ അവസ്ഥ അനുസരിച്ചു വൻതോതിൽ കളനാശിനികൾ ഉപയോഗിക്കുന്ന തോട്ടങ്ങളുടെ പരിസരത്തു സാധാരണ സോയാബീൻ കൃഷി ചെയ്‌താൽ അവയെയും കളനാശിനികൾ നശിപ്പിക്കും.

ബെയർ, BASF കമ്പനികളുടെ അഭിപ്രായ പ്രകാരം കർഷകർ മുൻപ് ഉപയോഗിച്ചിരുന്ന ഗ്ലൈഫോസ്‌ഫേറ്റ് അധിഷ്ഠിത കളനാശിനികളോട് മിക്ക കളകളും പ്രതിരോധ ശേഷി കൈവരിച്ചിരിക്കുന്നു.

അതിനാൽ തീവ്രത കൂടിയ ഡൈകാംബ കളനാശിനികൾ ഉപയോഗിച്ചാൽ മാത്രമേ കൃത്യമായ ഫലം കിട്ടൂ. ഇത് ഇത്തരം കമ്പനികൾ എങ്ങനെയാണ് കർഷകരെ തങ്ങളുടെ ആശ്രിതർ ആക്കി മാറ്റുന്നത് എന്നതിന് കൃത്യമായ ഉദാഹരണമാണ്.

-ജേക്കബ് ജോസ്

 

 

us news
Advertisment