ബീഹാർ തെരഞ്ഞെടുപ്പ് ; ചില യാഥാർഥ്യങ്ങൾ !

പ്രകാശ് നായര്‍ മേലില
Saturday, October 17, 2020

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകളിലെ സ്ഥിതിഗതികളുടെ യഥാർത്ഥ ചിത്രം അതിൻ്റെ നേർരൂപത്തിൽ നമുക്കുമുന്നിൽ വരാറില്ല.

അതിനുള്ള പ്രധാനകാരണം അവിടേക്കുള്ള കണക്ടിവിറ്റി തന്നെയാണ്. റോഡ്, റെയിൽ, വൈദ്യുതി, ഫോൺ തുടങ്ങിയ സൗകര്യങ്ങൾ അവിടെ ഇനിയും എത്തപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കപ്പെടുന്നു,വാഗ്‌ദാനങ്ങളും ,പ്രഖ്യാപനങ്ങളും മുറപോലെ നടക്കുന്നു. ഭരണ കർത്താക്കൾ മാറിമാറിവരുന്നു, എന്നാൽ അടിസ്ഥാനപരമായ മാറ്റം ഇനിയും അവിടുത്തെ ഗ്രാമീണ മേഖലകളിൽ പലതിലും കൈവന്നിട്ടില്ല എന്നത് യാഥാർഥ്യമാണ്.

2017 ൽ എല്ലാ ഗ്രാമീണരിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ ‘സൗഭാഗ്യ’ പദ്ധതി പ്രകാരം 2018 ൽ ബീഹാർ, സമ്പൂർണ്ണമായി (100 %) വൈദ്യുതീകരിച്ച സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

അതിൻപ്രകാരം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നിർദ്ദിഷ്ട സമയത്തിനു മുൻപ് എല്ലാ ഗ്രാമീണ ഭവനങ്ങളിലും വൈദ്യുതി എത്തിച്ചതിനുള്ള 100 കോടി രൂപയുടെ പുരസ്ക്കാരം ബീഹാർ സർക്കാറിന് ലഭിക്കുകയും അതിൽനിന്നും 50 കോടി അവിടുത്തെ വൈദ്യുതി ബോർഡിനും ലഭിക്കുകയുണ്ടായി.

എന്നാൽ വാസ്തവമെന്താണ് ? ബീഹാറിലെ എല്ലാ ഗ്രാമങ്ങളിലും എല്ലാ ഭവനങ്ങളിലും വൈദ്യുതി എത്തിയോ? ബീഹാർ സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തിയാക്കി എന്ന പ്രഖ്യാപനത്തിലെ നിജസ്ഥിതി എന്താണ്?

ബിബിസി യുടെ നേതൃത്വത്തിൽ ഒരു ടീം ഈ മാസം 28 മുതൽ നടക്കാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ ഗ്രാമീണ മേഖലകൾ സന്ദർശിക്കുകയുണ്ടായി.

ടീം ആദ്യം പോയത് ബീഹാറിൽ നിന്നും 100 കി.മീറ്റർ അകലെയുള്ള പ്രസിദ്ധമായ ഗയയുടെ അടുത്തുള്ള വിശ്വപ്രസിദ്ധനായിരുന്ന മൗണ്ടൻ മാൻ ദശരഥ് മാഞ്ചിയുടെ ഗ്രാമത്തിലേക്കാണ്. റോഡ് നിലവാരം അതിദ യനീയമായതിനാൽ 100 കി.മീറ്റർ താണ്ടാൻ 5 മണിക്കൂറിൽ കൂടുതലെടുത്തു.

ദശരഥ് മാഞ്ചിയെന്ന ദരിദ്രകർഷകൻ 22 കൊല്ലം കൊണ്ട് ഹാമറും ചിസിലും ഉപയോഗിച്ച് ഒരു മല പിളർന്ന് റോഡ് നിർമ്മിച്ചു പ്രസിദ്ധനായ വ്യക്തിയാണ്. ബീഹാർ സർക്കാർ അദ്ദേഹത്തെ മൗണ്ടൻ മാൻ എന്ന പദവിയും കേന്ദ്രസർക്കാർ പത്മശ്രീയും നൽകി ആദരിക്കുകയും ബോളിവുഡ് ഉൾപ്പെടെ പല ഭാഷകളിലായി അദ്ദേഹത്തിൻ്റെ ചരിത്രം സിനിമയാകുകയും ചെയ്തതാണ്.

മാഞ്ചിയുടെ ഓർമ്മയ്ക്കായി ബീഹാർ സർക്കാർ, അദ്ദേഹം നിർമ്മിച്ച റോഡിന് അദ്ദേഹത്തിൻ്റെ പേരുനൽകുകയും അവിടെ വിശാലമായ ഒരു കമാനം നിർമ്മിക്കുകയും ചെയ്തു.

2007 ൽ അദ്ദേഹത്തിൻ്റെ മരണശേഷം കേന്ദ്ര തപാൽ വകുപ്പ് താപ്പൽസ്റ്റാമ്പും പുറത്തിറക്കിയിരുന്നു. (ഇതേപ്പറ്റി വിശാലമായ ഒരു പോസ്റ്റ് ഞാൻ മുൻപ് പോസ്റ്റ് ചെയ്തിരുന്നതാണ്).

അതൊക്കെയാണെങ്കിലും ഇന്നും ആഗ്രാമത്തിന്റെ (ഗെഹ്ലോർ) ദുർദശ മാറിയിട്ടില്ല. ഗ്രാമത്തിൽ കുടിവെള്ളമില്ല, വൈദ്യുതിയില്ല, ടാറിട്ട റോഡ് പോലുമില്ല. റോഡിൽ പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന എന്ന ഒരു പഴയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് പക്ഷേ റോഡ് ഇനിയും പണിതിട്ടില്ല.

ഗ്രാമത്തിൽ കന്നുകാലികളെ വളർത്താറില്ല, കാരണം മനുഷ്യർക്കുപോലും മതിയായ അളവിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് ഗ്രാമീണർ പറയുന്നത്.

തൊഴിലില്ലാത്തതുകാരണം ഗ്രാമീണർ പലരും വീട് പൂട്ടി കുടുംബമായി മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിതേടി പലായനം ചെയ്തിരിക്കുകയാണ്. കുട്ടികളെ സ്‌കൂളിലയക്കാൻ ഗ്രാമീണർക്ക് കഴിയാത്തതിനുള്ള പ്രധാനകാരണം തൊഴിൽതേടി കുടുംബമായുള്ള ഈ പലായനങ്ങളാണ്‌..

ചൂടുകാലത്ത് ഗ്രാമത്തിലെ ആകെയുള്ള രണ്ടു ബോർവെല്ലുകളിലും വെള്ളം ലഭിക്കാറില്ല. ദൂരെയുള്ള ഗ്രാമ ത്തിൽപ്പോയാണ് വെള്ളം കൊണ്ടുവരുന്നത്. ഗ്രാമീണർ ഒട്ടുമുക്കാലും വിദ്യാഹീനരാണ്. ഗ്രാമത്തിൽ ആരോഗ്യകേന്ദ്രം ഇതുവരെ നിലവിലില്ല. ഗ്രാമമുഖ്യൻറെ ഇടപെടലും ശൂന്യമാണ്.

നേതാക്കളോ അധികാരികളെ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാറില്ല. വീടുകളിൽ വൈദ്യുതി ഇല്ലാത്തതുമൂലം ടി.വി, സ്മാർട്ട് ഫോൺ ഒക്കെ ഇവർക്ക് ഇന്നും സ്വപ്നമാണ്.

അതുകൊണ്ടുതന്നെ പുറം ലോകവുമായുള്ള ബന്ധവും അറിവുകളും ഇവർക്ക് ചുരുക്കമാണ്. ഓൺലൈൻ ക്ലാസ്സുകളെപ്പറ്റി ഇവർക്ക് കേട്ടറിവു മാത്രം.

പുറത്തു ജോലിക്കു പോയിവന്നവർ പട്ടണത്തിൽ നിന്നും ചെറിയ സോളാർ പ്ലേറ്റുകൾ 1800 രൂപയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് അവരുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാറുണ്ട്. ഗ്രാമത്തിലെ രണ്ടു വീടുകളിൽ സൗര റാന്തൽ വിളക്കുണ്ട്.

സർക്കാർ പ്രഖ്യാപനങ്ങളുടെ യഥാർത്ഥ ചിത്രം ഇവിടെ കാണാവുന്നതാണ്. കോവിഡ് കാലത്ത് കേന്ദ്രസർ ക്കാർ പ്രഖ്യാപിച്ച 500 രൂപ വീതം ചില കുടുംബങ്ങൾക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ പലർക്കും അത് ലഭിച്ചിട്ടില്ല.

അതുപോലെയാണ് റേഷനും. കൃത്യമായി റേഷൻ പലർക്കും ലഭിക്കുന്നില്ല. 2016 നുശേഷം തൊഴിലുറപ്പു പദ്ധതി ഗ്രാമത്തിൽ നടന്നിട്ടില്ല.

അതിശയകരമായ കാര്യം എന്തെന്നാൽ ഗ്രാമത്തിൽ ഒരു വീട്ടിലും ശൗചാലയമില്ല എന്ന വസ്തുതയാണ്. ഓർക്കുക ബീഹാർ സംസ്ഥാനം സമ്പൂർണ്ണ വെളിമ്പ്രദേശ മലവിസർജ്ജനരഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

സർക്കാർ പ്രഖ്യാപനങ്ങളും യാഥാർഥ്യങ്ങളും തമ്മിൽ ഒരു പൊരുത്തവുമില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദശരഥ് മാഞ്ചിയുടെ ഈ ഗ്രാമം. പദ്ധതികളൊന്നും ജനങ്ങളിലേക്കെത്തുന്നില്ല എന്നത് ആർക്കും നേരിൽക്കണ്ട് ബോദ്ധ്യപ്പെടുത്താവുന്നതാണ്.

ബിബിസി ടീം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അവിടുത്തെ സർപഞ്ചുമായി (ഗ്രാമമുഖ്യൻ) ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ബിഡിഒയെ നേരിൽക്കണ്ടപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ വിലക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹവും ഉൾവലിഞ്ഞു.

വൈദ്യുതി വിഭാഗത്തിന്റെ ജൂനിയർ എഞ്ചിനീയർക്ക് ഫോൺ ചെയ്തപ്പോൾ “ഞങ്ങൾ നാളെത്തന്നെ ലൈൻ വലിച്ച് ഗ്രാമത്തിൽ വൈദ്യുതി എത്തിക്കുമെന്നറിയിച്ചു” ഫോൺ കട്ട് ചെയ്തു.

ദളിത് വിഭാഗങ്ങൾ അധിവസിക്കുന്ന ഈ ഗ്രാമം പോലെ എത്രയോ ഗ്രാമങ്ങൾ ഇനിയും മുഖ്യധാരയിൽനിന്ന് ഇതേരീതിയിൽ ഒറ്റപ്പെട്ട് കഴിയുന്നു എന്നത് എത്രകാലം മറച്ചുവയ്ക്കാൻ നമുക്ക് കഴിയും ?

ബിബിസി ടീം പകർത്തിയ ആ ഗ്രാമീണ ചിത്രങ്ങൾ കാണുക. ടീം ഇപ്പോൾ ബീഹാറിലെ മറ്റു ഗ്രാമീണ മേഖലകൾ സന്ദർശിച്ചുവരുകയാണ്.

×