നേതാക്കളുടെ പരിലാളനയില്‍ എന്നും വിവാദങ്ങളുടെ തോഴന്‍. വിവാദ വ്യവസായിയുടെ കമ്പനിയിലെ വൈസ്പ്രസിഡന്റ് പദവിക്ക് പിന്നിലും ഉന്നത സ്വാധീനം. അറബിയെ പറ്റിച്ച പരാതിയുയര്‍ന്നപ്പോ കടലില്‍ കുളിക്കുന്നവനെ പേടിപ്പിക്കേണ്ടെന്ന് വിശദീകരണം. ഒടുവില്‍ ഇഡിക്ക് മുന്നില്‍ അടിതെറ്റി കോടിയേരി പുത്രന്‍. മക്കള്‍ കാരണം കോടിയേരി ബാലകൃഷ്ണന്റെ പാര്‍ട്ടി സെക്രട്ടറി പദവി തുലാസിലോ ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 29, 2020

തിരുവനന്തപുരം: സിനിമാനടന്‍, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് താരം, യുവവ്യവസായി… ബിനീഷ് കോടിയേരിയുടെ വിശേഷങ്ങളൊക്കെ ഇങ്ങനെയൊക്കെയുണ്ടെങ്കിലും എന്നും വിവാദങ്ങളോട് ചേര്‍ന്നു നടന്ന പാരമ്പര്യമാണ് ബിനീഷ് കോടിയേരിയെന്ന പ്രമുഖ സിപിഎം നേതാവിന്റെ മകന് എന്നും താല്‍പ്പര്യം.

സപിഎം എന്നൊക്കെ അധികാരത്തിലിരുന്നോ അന്നൊക്കെ കോടിയേരി ബാലകൃഷ്ണനെയും സിപിഎമ്മിനെയും ബിനീഷ് വിവാദത്തിലാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയ ബിനിഷിന്റെ ചെയ്തികളില്‍ എന്നും പ്രതിക്കൂട്ടിലായത് കോടിയേരി ബാലകൃഷ്ണന്‍ തന്നെയായിരുന്നു.

ബിനീഷിനെയും സഹോദരനെയും എന്നും സിപിഎം വഴിവിട്ട് സഹായിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ബിനീഷിന് പാസ്‌പോര്‍ട്ട് എടുക്കാന്‍ പോലും ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍ വളഞ്ഞവഴിയിലൂടെ നടത്തിയ നീക്കങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇതെല്ലാം കോടിയേരി ബാലകൃഷ്ണനെയും സിപിഎമ്മിനെയും അപകീര്‍ത്തിപെടുത്താന്‍ ബോധപൂര്‍വം രാഷട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളാണെന്നാണ് അന്ന് സിപിഎം നേതൃത്വം പ്രതികരിച്ചത്.

മലയാളിയായ പ്രവാസി വ്യവസായിയുടെ കമ്പിനിയില്‍ കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതിരുന്ന ബിനീഷ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയതും വിവാദമായിരുന്നു.

ഇതിനു പിന്നില്‍ കോടിയേരിയുടെയും വ്യവസായിയുടേയും വഴി വിട്ട ബന്ധമായിരുന്നുവെന്നായിരുന്നു ആരോപണം. പിന്നീട് ഈ ജോലി ബിനീഷ് ഉപേക്ഷിച്ചെങ്കിലും കണ്ണടച്ച് തുറക്കുന്ന സമയം വേണ്ടി വന്നില്ല ബിനീഷിന്റെ വ്യാപാര ബന്ധങ്ങള്‍ വളരാന്‍. എല്ലാം ദുരൂഹമായി തന്നെ.

സഹോദരന്‍ ബിനോയിക്കെതിരേ ദുബായില്‍ സാമ്പത്തിക തട്ടിപ്പിന് കേസ് വന്നപ്പോള്‍ കടലില്‍ കുളിക്കുന്നവനെ കുളത്തിലെ വെള്ളം കാണിച്ച് പേടിപ്പിക്കരുതെന്നായിരുന്നു ബിനീഷ് പറഞ്ഞത്. അന്നു ബിനീഷിനും ബിനോയിക്കും പിന്തുണയുമായി എത്തിയതും ആഘോഷിച്ചതും സിപിഎം സൈബര്‍ സഖാക്കളായിരുന്നു.

വിവാദങ്ങളില്‍ നിന്ന് കുറച്ചുനാളായി അകന്ന് നില്‍ക്കുന്നവെന്ന തോന്നലിനിടെയാണ് ബംഗളുരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് ഉയര്‍ന്ന് വന്നത്.

പക്ഷെ ബിനീഷിനെ എല്ലാ വിവാദങ്ങളില്‍ നിന്നും പിന്തുണയ്ക്കുന്ന സിപിഎം മയക്കുമരുന്നുകേസില്‍ കൈവിടുകയാണ് ചെയ്തത്.

ബിനീഷുണ്ടാക്കുന്ന വിവാദം തുടര്‍ച്ചയായി മുന്നണിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതികളുയര്‍ന്നതോടെയാണ് ഈ നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.

ഗുരുതരമായ കുറ്റകൃത്യത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അകപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ ആരു ശ്രമിച്ചാരും ഇക്കുറി രക്ഷപെടാന്‍ ബിനീഷ് കോടിയേരിക്ക് പറ്റിയെന്നു വരില്ല. മക്കള്‍ കാരണം ബുദ്ധിമുട്ടിലായ ഒരു രാഷ്ട്രീയക്കാരന്‍ കോടിയേരി ബാലകൃഷ്ണനെപ്പോലെ മറ്റൊരാളുണ്ടാകില്ല.

×