സ്വര്‍ണക്കടത്ത് കേസ് ദേശീയതലത്തില്‍ ഉന്നയിച്ച് ബിജെപി; മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധം; മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് വി. മുരളീധരന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 16, 2020

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ദേശീയതലത്തില്‍ ഉന്നയിച്ച് ബിജെപി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനു കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. അന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അടിക്കടി നിലപാട് മാറ്റുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം മുഖ്യമന്ത്രി പറഞ്ഞത് സ്വപ്നയെ അറിയില്ലെന്നാണ്. പിന്നീട് പറഞ്ഞു കോൺസുൽ ജനറലിനൊപ്പം സ്വപ്ന ഓഫിസിൽ വന്നിട്ടുണ്ടെന്ന്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വാർത്ത സമ്മേളനം നടത്തിയാണ് മുരളീധരന്റെ പരാമർശം.

കേസിലെ പ്രതികളുടെ ഉന്നത ബന്ധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ സംഭവങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്‍സി എന്ന് വ്യക്തമാക്കിയിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടവര്‍ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

×