‘ഇനി ഇന്ത്യ കടലിലും അജയ്യര്‍’; യുദ്ധക്കപ്പലില്‍ നിന്നുളള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

ഡല്‍ഹി: യുദ്ധക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.

അറബി കടലിലെ ലക്ഷ്യ സ്ഥാനത്തേക്കാണ് മിസൈല്‍ തൊടുത്തത്. മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അറിയിച്ചു. ലക്ഷ്യത്തില്‍ നിന്ന് അല്‍പ്പം പോലും മാറാതെ കൃത്യമായി പരീക്ഷണം നടന്നതായും ഡിആര്‍ഡിഒ വ്യക്തമാക്കി.

കരയിലെ പോലെ കടലിലുമുളള ശത്രുക്കളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ക്കാനുളള ശേഷി കൈവരിക്കുന്നതില്‍ ബ്രഹ്മോസ് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

ഡിആര്‍ഡിഒയേയും ഇന്ത്യന്‍ നാവിക സേനയേയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ഇന്ത്യന്‍ സായുധ സേനയില്‍ പല തരത്തില്‍ ബ്രഹ്മോസ് ഉപയോഗിക്കാനുളള സാധ്യതയാണ് പരീക്ഷണത്തിലൂടെ വ്യക്തമായതെന്നും രാജ്‌നാഥ് സിങ്  പറഞ്ഞു. സെപ്റ്റംബര്‍ 30ന് ഒഡീഷ തീരത്തും ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു.

×