ഒക്ടോബര്‍ മാസത്തില്‍ കാബേജ് (മൊട്ടക്കൂസ്) കൃഷി ആരംഭിച്ചാലോ

സത്യം ഡെസ്ക്
Saturday, August 22, 2020

കേരളത്തില്‍ ശീതകാല പച്ചക്കറി വിളയായി ഒക്ടോബര്‍ മാസത്തില്‍ കാബേജ് (മൊട്ടക്കൂസ്) കൃഷി ആരംഭിക്കാം. താപനില കുറച്ചു കൂടിയ പ്രദേശത്തും കൃഷി ചെയ്യാവുന്ന ഇനങ്ങളും ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കൃഷി രീതി

കാബേജിന്റെ വിത്ത് കടുക് മണിയുടെയത്രയും വലിപ്പമേ ഉള്ളതു കൊണ്ട് കൃഷി സ്ഥലത്ത് നേരിട്ട് പാകുന്നതിലും നല്ലത് പോട്രേയില്‍ അണുവിമുക്തമാക്കിയതിനു ശേഷം പാകി കിളിര്‍പ്പിക്കുന്നതാണ്. പോട്രേയിലെ മാദ്ധ്യമവും അണുവിമുക്തമായതാണെങ്കില്‍ വളര്‍ന്നു വരുന്ന തൈകള്‍ക്ക് രോഗങ്ങള്‍ വരാനുള്ള സാദ്ധ്യതകള്‍ കുറയുകയും നല്ല ആരോഗ്യത്തോടു കൂടി വളരുകയും ചെയ്യും. നല്ല നീര്‍വാഴ്ചയും ധാരാളം സൂര്യ പ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് കാബേജ് കൃഷിക്ക് ഏറ്റവും അനുയോജ്യമായത്.

കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം ആഴത്തില്‍ കിളച്ച് ഒന്നരയടി വീതിയിലും അരയടി പൊക്കത്തിലും ആവശ്യത്തിനു നീളത്തിലും തടം കോരി ഒരു സെന്റിന് നൂറ് കിലോ എന്ന കണക്കിനു ജൈവവളം ഇളക്കി ചേര്‍ക്കുക. ഇതിലേക്ക് സ്യൂഡോമോണോസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതിലോ, കോപ്പര്‍ ഓക്‌സിക്ലോറൈഡ് എന്ന കുമിള്‍ നാശിനിയോ ഒഴിച്ച് ഭൂമിയും അണുവിമുക്തമാക്കുക.

ഈ പ്രക്രിയ പൂര്‍ത്തിയാക്കിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് 20 – 25 ദിവസമായ തൈകള്‍ പറിച്ച് നടാം. രാസവളമുപയോഗിച്ചുള്ള കൃഷിയാണെങ്കില്‍ സെന്റ് ഒന്നിന് 650 ഗ്രാം യൂറിയായും, 2 കിലോ മസൂറി ഫോസും, 450 ഗ്രാം പൊട്ടാഷും ജൈവ വളത്തിന്റെ കൂടെ തടത്തില്‍ ചേര്‍ക്കേണ്ടതാണ്.

തൈകള്‍ നട്ട് ഒരു മാസത്തിനു ശേഷം 350 ഗ്രാം യൂറിയായും, 450 ഗ്രാം പൊട്ടാഷും ആദ്യവളപ്രയോഗമായി നല്‍കണം. തൈകള്‍ നട്ടതിനു ശേഷം രണ്ടാമാസത്തില്‍ 350 ഗ്രാം യൂറിയാ കൂടി ചേര്‍ത്ത് മണ്ണ് സ്വല്പം കൂട്ടി കൊടുക്കണം. മഴയുടെ തോതനുസരിച്ച് ജലസേചനം ക്രമീകരിക്കണം. മഴയില്ലെങ്കില്‍ ദിവസവും നനച്ചു കൊടുക്കണം.

×