കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഏകപക്ഷീയമായി മുന്നണിയിൽ നിന്ന് പുറത്താക്കിയത്- ക്രൈസ്തവ രാഷ്ട്രീയത്തെ ബോധപൂർവ്വം തമസ്കരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം: കാത്തലിക് ഫോറം

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, June 30, 2020

കോട്ടയം: ക്രൈസ്തവ രാഷ്ട്രീയത്തെ ബോധപൂർവ്വം തമസ്കരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഏകപക്ഷീയമായി മുന്നണിയിൽ നിന്ന് പുറത്താക്കിയതിനു പിന്നിലെന്ന് കാത്തലിക് ഫോറം.

കേരള രാഷ്ട്രീയത്തിൽ നിർണായക ശക്തിയായിരുന്ന- ക്രൈസ്തവ രാഷ്ട്രീയത്തിന്റെ, തണലും, പ്രതീകവുമായിരുന്നു കേരളകോൺഗ്രസുകൾ.
കേരള കോൺഗ്രസ്, ജോസ്- ജോസഫ് വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ജോസ് വിഭാഗത്തെ പുറത്താക്കിയതിനു പിന്നിൽ ക്രൈസ്തവന്യുനപക്ഷ രാഷ്ട്രീയം, ഇല്ലായ്മ ചെയ്യാനും അതുവഴി ന്യൂനപക്ഷ തീവ്രവാദ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് യുഡിഫ് രാഷ്ട്രീയ ത്തിനു ഭൂഷണമല്ലെന്നും കാത്തലിക് ഫോറം അഭിപ്രായപ്പെട്ടു.

താമസിയാതെ ഇത് ജോസഫ് പക്ഷത്തിനും സംഭവിച്ചേക്കാമെന്നും അത് അപകടകരവുമാണെന്നും കാത്തലിക് ഫോറം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കുകയും- അതെ സമയം പുറം വാതിലിൽ കൂടി വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തി യുഡിഫ് ന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുവെന്നതും ദുരൂഹമാണ്. തിരുവിതാംകൂറിന്റെ രാഷ്ട്രീയ മനസ്സിനെ തീവ്രവാദ രാഷ്ട്രീയത്തെ കൂട്ടുപിടിച്ചുകൊണ്ട് മലീമസം ആക്കാനുള്ള യുഡിഫ് നിലപാട് ഭയപ്പെടുത്തുന്നതും, ഇത്തരം നിലപാട് ആശങ്കയുളവാക്കുന്നതുമാണ്. ഈ നിലപാട് ഭാവി കേരളത്തിനു ഒട്ടും ഭൂഷണമല്ലെന്നും കാത്തലിക് ഫോറം കുറ്റപ്പെടുത്തി.

യുഡിഎഫിന്റെ ഈ നിലപാട് കഴിഞ്ഞകാല നേതാക്കന്മാർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിപരീതവും ഇപ്പോഴത്തെ നേതൃത്വത്തിന്റെ പാപ്പരത്തവും, കഴിവുകേടുമാണ് വെളിപ്പെടുത്തുന്നതെന്നും കാത്തോലിക് ഫോറം പ്രസിഡന്റ്‌.ബിനു ചാക്കോയും ജനറൽ സെക്രട്ടറി. അഡ്വ. ഡാൽബി ഇമ്മാനുവേലും അഭിപ്രായപ്പെട്ടു.

×