ബെയ്ജിംഗ് : ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകൾ ആവർത്തിച്ച് ചൈനീസ് സർക്കാര്‍. ടിബറ്റിലെ ആയിരക്കണക്കിന് ജനങ്ങളെ മിലിറ്ററി മോഡൽ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
/sathyam/media/post_attachments/NgtQyf3a7hObKchRZvt4.jpg)
ലേബർ ക്യാംപുകൾക്കു സമാനമാണ് ഇവയെന്നാണു വിദഗ്ധർ കരുതുന്നത്. രേഖകളും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ രാജ്യാന്തര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജെയിംസ്ടൗൺ ഫൗണ്ടേഷന്റെ പഠന റിപ്പോർട്ടുകളിലാണ് ടിബറ്റൻ ജനങ്ങളോടുള്ള അവസാനിക്കാത്ത ക്രൂരതയുടെ പുതിയ മുഖത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഷിൻജിയാങ് പ്രവിശ്യയിലെ മുസ്‍ലിം വിഭാഗമായ ഉയിഗറുകളോടു ചൈന സ്വീകരിച്ച നയത്തോട് ടിബറ്റൻ ജനത്തോടുള്ള സമീപനത്തെ റിപ്പോർട്ട് താരതമ്യപ്പെടുത്തുന്നത്.
അതേസമയം പുതിയ കണ്ടെത്തലുകളിൽ ചൈനീസ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികൾക്കു നിർബന്ധിത തൊഴിൽ പരിശീലനങ്ങൾ നല്‍കുന്നതിൽ പ്രസിഡന്റ് ഷി ചിൻ പിങ്ങിന്റെ ദാരിദ്ര്യ നിർമാർജന പ്രതിജ്ഞയുമായി ബന്ധമുണ്ടെന്നാണു കരുതുന്നത്. ചൈനയിൽ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ഈ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.