കഥ തുടരുകയാണ്… നാട്ടുനായകന്റെ കഥ…

Wednesday, October 21, 2020

സി. ജെ. തൊടുപുഴ

ഒരു നാട്. അങ്ങ് കിഴക്കാണ്. ഈറനടിക്കുന്ന ഈറ്റക്കാടുകളും, ചൂളമടിക്കുന്ന വനാന്തരങ്ങളും, മഞ്ഞുപെയ്യുന്ന മലമടക്കുകളുമുള്ള മനോഹരമായ നാട്.

അവിടെ ഒരു നാട്ടുകൂട്ട സമിതി ഉണ്ട്. ആ നാട്ടിൽ സമിതിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടന്നു. പലരും ജയിച്ച കൂട്ടത്തിൽ ഒരു കുടുംബത്തിലെ ചേട്ടനും അനിയനും ജയിച്ചു. അധികവും ഈ കുടുംബക്കാർ തന്നെയാണ് ഈ നാട്ടുകൂട്ട സമിതിയിൽ ജയിക്കാറ്. നാട്ടുകൂട്ട സമിതി തങ്ങളുടെ നാട്ടുനായകനെ തെരഞ്ഞെടുക്കാൻ ഒരുങ്ങി.

നാടിന് ഇഷ്ടം ചേട്ടനെയാണ്. കുടുംബത്തിലെ ഭൂരിപക്ഷം ആളുകളും ചേട്ടനോടൊപ്പമാണ്. പക്ഷേ അനിയന്റെ കൂടെ കുടുംബത്തിലെ കാരണവരും, ചില ശിങ്കിടികളും ഉണ്ട്. പലരും പറഞ്ഞു നോക്കി, നായക പദവി കുറച്ച് കാലമെങ്കിലും ചേട്ടനു കൊടുക്കണമെന്ന്. അനിയൻ ആള് ശുദ്ധനാണെങ്കിലും നായക പദവി ഇല്ലാതെ ഉറക്കം വരില്ല എന്ന് ശഠിച്ചു.

ചേട്ടൻ ആകെ വിഷമത്തിലായി. അചഞ്ചലമായ ആത്മവിശ്വാസം ഒന്ന് മാത്രമാണ് ചേട്ടന്റെ കൈമുതലായുള്ളത്. നാട്ടുനായക തെരഞ്ഞെടുപ്പിന്റെ ദിനം സമാഗതമായി. അനിയനും കുടുംബത്തിലെ ചിലയാളുകളും ചേട്ടന്റെ കുടിയിലെത്തി ഒരു വാറോല പതിപ്പിച്ചു. ഒരു ചിത്രകാരൻ ഇതെല്ലാം വരച്ചെടുത്തു.

തെരഞ്ഞെടുപ്പു നടക്കുകയാണ്. എല്ലാവരും കരുതി, അനിയൻ നിഷ്പ്രയാസം ജയിക്കുമെന്ന്. എന്നാൽ അപ്രതീക്ഷിതമായി അയൽ കുടുംബങ്ങളിൽ നിന്നും നാട്ടുക്കൂട്ട സമിതിയിൽ ജയിച്ച ആളുകൾ ചേട്ടനെ പിന്തുണച്ചു. ചേട്ടനും അനിയനും തുല്യ പിന്തുണ. ഭാഗ്യം ചേട്ടനെ തുണച്ചു. ചേട്ടൻ നാട്ടുനായകൻ ആയി.

അനിയൻ അസ്വസ്ഥനായി. വീട്ടിലെത്തി ഒരു വാറോല പതിപ്പിച്ച കാര്യം നാട്ടുക്കൂട്ട സമിതിയുടെ ചുമതലയുള്ള അധികാരിയെ അറിയിച്ചു. വാറോല പതിപ്പിച്ച ചിത്രം വരച്ചത്, തെരഞ്ഞെടുപ്പ് നാളിൽ ആണെങ്കിലും, കുറച്ച് ദിവസം മുന്നേ ഇത് ചെയ്തു എന്ന് ചിത്രകാരൻ ഭാവന മെനഞ്ഞു. വാറോലയെ കുറിച്ച് കേട്ടപ്പോഴെ അധികാരി കോപാകുലനായി. അധികാരിയുണ്ടൊ അറിയുന്നു, വാറോല പതിച്ചത് ശരിയായ സമയത്ത് അല്ല എന്ന്.

ചേട്ടൻ ഒരു സാധുവാണ്. അനിയന്റെ തെറ്റുകൾ പൊറുത്തു. വാറോലയിലെ കള്ളക്കളി ചേട്ടന് അറിയാമെങ്കിലും കണ്ടില്ലെന്നു നടിച്ചു. വാറോല പതിച്ചത്, ചിത്രരൂപത്തിൽ ദിവസം തെറ്റിച്ച് അടയാളപ്പെടുത്തി അധികാരിയെ കള്ളത്തരം ബോധിപ്പിച്ച ആളുകളെ നാട്ടു കാവൽ ചെയ്യുന്നവരെ കൊണ്ട് തുറങ്കലിൽ അടയ്ക്കാമെന്ന് ചേട്ടന് ചിലർ പറഞ്ഞു കൊടുത്തെങ്കിലും അതും ചേട്ടൻ ക്ഷമിച്ചു.

ചേട്ടന്റെ നാട്ടുനായകൻ സ്ഥാനം ഇല്ലാതാക്കാൻ അനിയൻ ആവതും ശ്രമിക്കുകയാണ്. ഒന്നും നടക്കുന്നില്ല. ചേട്ടൻ ന്യായം മാത്രമേ അധികാരിയിൽ നിന്നും ആവശ്യപ്പെടുന്നുള്ളു. ചേട്ടന്റെ ചില ആവശ്യങ്ങൾ അധികാരി പരിഗണിക്കണമെന്ന് ചേട്ടൻ ആവശ്യപ്പെട്ടു. അനിയൻ എതിർത്തു. അധികാരി ചേട്ടന്റെ ഭാഗത്ത് നിന്നും കൂടുതൽ കേൾക്കണ്ട എന്ന് പറഞ്ഞപ്പോൾ, ചേട്ടൻ നീതി മണ്ഡലത്തെ സമീപിച്ചു.

അങ്ങനെ ചേട്ടൻ നീതി മണ്ഡലത്തിൽ പരാതിക്കാരൻ ആയി. അധികാരിയും, അനിയനും അവിടെ പോകേണ്ടി വന്നു. അധികാരിയുടെ വാദം നീതി മണ്ഡലം തടഞ്ഞു. അപ്പോഴേക്കും നാട്ടിൽ മുഴുവൻ ഒരു രോഗം വന്നു. നീതി മണ്ഡലം നാട്ടിലെ രോഗംംമൂലം വാദം വച്ച് താമസിപ്പിക്കുന്നു എന്ന് ഒരു തോന്നൽ അനിയനുണ്ടായി.

അനിയൻ നീതി മണ്ഡലത്തെ തേടി ചെന്നു ആവശ്യങ്ങൾ പറഞ്ഞു. ചേട്ടനെ ഇനി മൽസരിപ്പിക്കരതു, അധികാരിയോട് ഇത്ര ദിവസത്തിനകം വാദം തീർക്കാൻ പറയണം, ചേട്ടന്റെ കൂടുതൽ കാര്യങ്ങൾ കേൾക്കേണ്ട തുടങ്ങി അനവധി നിരവധി ആവശ്യങ്ങൾ.ഇതെല്ലാം കേട്ട നീതി മണ്ഡലം അനിയന്റെ എല്ലാ ആവശ്യങ്ങളും തള്ളി, ചേട്ടൻ പറഞ്ഞ ആവശ്യം അംഗീകരിച്ചു, അധികാരിയോട് ചേട്ടന്റെ ആവശ്യങ്ങൾ ഉചിതമായി കേൾക്കാൻ ആവശ്യപ്പെട്ടു.

അധികാരിയുടെ മുന്നിലാണ് കാര്യങ്ങളുടെ കിടപ്പ്. ചേട്ടൻ നാട്ടുനായകനായി തുടരുകയാണ്. കഥയും തുടരുകയാണ്…

×