ബഹു. മുഖ്യമന്ത്രി, ആ ചെക്ക് പോസ്റ്റുകളിൽ കാത്തിരിക്കുന്നവരോട് അൽപ്പം കരുതലാകാം ! അവരുടെ അനുസരണക്കേട് നിർവാഹമില്ലായ്മകൊണ്ടാണ് ! അങ്ങല്ലാതെ വേറാരാണ് അത് ക്ഷമിക്കുക !

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Saturday, May 9, 2020

എഡിറ്റോറിയൽ/ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ കേരളത്തിലേക്കുള്ള ചെക്ക് പോസ്റ്റുകളിൽ കേരളത്തിലേക്കുള്ള പ്രവേശനവും കാത്തിരിക്കുന്ന മലയാളികളുടെ സ്ഥിതി ദയനീയമാണ്.

മെയ് മാസത്തിലെ കടുത്ത ചൂടിൽ ഒരു തണലില്ലാതെ ഡിവൈഡറുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന അരയ്‌ക്കൊപ്പം പൊക്കമുള്ള ചെടികളുടെ തണൽ കിട്ടാൻ കൊച്ചുകുട്ടികളെയുമായി കുത്തിയിരിക്കുന്ന മനുഷ്യരുടെ സ്ഥിതി പരമ ദയനീയമാണ്.

ഇവർക്ക് കുടിക്കാനോ കഴിക്കാനോ ഒന്നുമില്ല. പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ പോലുമില്ല. വിദ്യാർത്ഥികൾ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ, വിവിധ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്ത് ആഴ്ചകളായി അവിടെ കുടുങ്ങി കിട്ടുന്നവർ എന്നിവരാണ് ജനിച്ച മണ്ണിൽ കാലുകുത്താൻ അവസരം കാത്ത് കിടക്കുന്നത്.

ഒന്നും രണ്ടും വയസായ കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. അനുമതിയെന്ന സാങ്കേതികതയാണ് ഇവരുടെ പ്രവേശനത്തിന് തടസം.

സംസ്ഥാനം കടക്കാൻ പാസ് വേണമെന്ന നിർദ്ദേശം സർക്കാർ കൃത്യമായി നൽകിയിരുന്നതാണ്. ആദ്യ ദിവസങ്ങളിൽ പാസുകളുടെ കാര്യത്തിൽ ചില അവ്യക്തതകളുണ്ടായിരുന്നു. ചിലർ നിലവിൽ താമസിക്കുന്ന കർണ്ണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ പാസ് മാത്രമായിട്ടാണ് വന്നത്.

എന്നാൽ പ്രവേശിക്കുന്ന സംസ്ഥാനത്തെ പാസ് വേണമെന്ന് അവർക്കറിയില്ലായിരുന്നു. അത്തരക്കാരെ സർക്കാർ ഇടപെട്ട് കഴിഞ്ഞ ദിവസം കടത്തി വിട്ടിരുന്നു. ഇനി അങ്ങനെ വരുന്നവരെ പാസ് ഇല്ലെങ്കിൽ സ്വീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നതാണ്.

പക്ഷെ വീണ്ടും ആളുകൾ വരികയാണ്. അതവരുടെ സാഹചര്യങ്ങൾ കൊണ്ടാണ്. പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നുമില്ലാതെ രണ്ടോ മൂന്നോ ദിവസത്തെ ആവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളിലെത്തിയ നൂറുകണക്കിനാളുകളാണ് ഒന്നര മാസത്തോളമായി അവിടെ കുടുങ്ങി കിടന്നത്.

പെട്ടെന്നൊരു ദിവസം രാത്രി 8 മണിക്ക് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ‘നിങ്ങൾ ഇപ്പോൾ എവിടെ നിൽക്കുന്നുവോ… അവിടെ തന്നെ തുടരാൻ …’ പറഞ്ഞതുകേട്ട് അനുസരിച്ചവരാണവർ.

മാസം ഒന്നര കഴിഞ്ഞു. കയ്യിൽ പണമോ താമസിക്കാൻ സൗകര്യമോ ഒന്നുമില്ല. അതൊന്നും പ്രധാനമന്ത്രിയുടെ സംബോധനയിലില്ല. ഒന്നോ രണ്ടോ ദിവസങ്ങളല്ലെന്നോർക്കണം.

സർക്കാർ അരുതെന്നു പറഞ്ഞിട്ടും അൽപ്പം അനുസരണക്കേട് അവർ കാണിക്കുന്നുണ്ടെങ്കിൽ അത് നിർവാഹമില്ലാത്തതുകൊണ്ടാണ്. അത് മനസിലാക്കി ക്ഷമിക്കാനും സ്വീകരിക്കാനുമുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണ്. അവിടെ കാത്തിരിക്കുന്നത് നമ്മുടെ സഹോദരങ്ങളാണ്. അവരോട് അൽപ്പം കരുതലൊക്കെ ആകാം.

– എഡിറ്റർ.

×