മാലാഖാ വിളികളൊക്കെ കൈയ്യിൽ വയ്ക്കുക ! സ്ത്രീകളാണെന്ന മിനിമം പരിഗണനയെങ്കിലും ഈ നേഴ്‌സുമാരോട് കാണിക്കണം ! നേഴ്‌സുമാരുടെ ആരോഗ്യവും സാമ്പത്തികവും സർക്കാർ സംരക്ഷിക്കണം ! അത് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക ! കരുതലും കാരുണ്യവും അവരിൽ നിന്നും വാങ്ങിയാൽ പോരാ അതവർക്ക് തിരിച്ചും നൽകണം !

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Tuesday, May 12, 2020

എഡിറ്റോറിയൽ / ആതുര സേവന രംഗത്തെ മാലാഖമാരെ ആദരിക്കുന്ന ദിവസമാണിന്ന്. ആശംസാ, പ്രശംസാ വാക്കുകൾ ഇത്രയും കേൾക്കുന്ന ഒരു സമൂഹം വേറെ കാണില്ല. പക്ഷെ അവർക്ക് അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. പകരം നേഴ്‌സുമാരുടെ അലവൻസുകൾ വെട്ടികുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ താമസംവിനാ നടപ്പിലാക്കാൻ ആലോചിക്കുകയാണ്.

ഈ മഹാമാരികളെയൊക്കെ നേരിടുമ്പോഴും നേഴ്‌സുമാർ ഈ സമൂഹത്തിന് നൽകുന്ന കരുതലും കാരുണ്യവും എത്രമാത്രമാണെന്ന് ഇനിയും തിരിച്ചറിയാത്ത ഭരണാധികാരികളാണ് ഇത്തരം ക്രൂരതകൾ അവരോടു കാണിക്കാൻ ആലോചിക്കുന്നത്.

കൊറോണ പോലുള്ള പകർച്ച വ്യാധികൾക്ക് മുമ്പിൽ ലോകത്തിന്റെ ആരോഗ്യ മേഖല പോലും പകച്ചു നിൽക്കുകയാണ്. ഡോക്ടർമാർ പോലും ക്യാമറകൾക്ക് മുമ്പിലിരുന്ന് രോഗികളെ പരിശോധിക്കുന്നത്.

കൊറോണ പോലുള്ള പകർച്ച വ്യാധികൾക്ക് മുമ്പിൽ ലോകത്തിന്റെ ആരോഗ്യ മേഖല പോലും പകച്ചു നിൽക്കുകയാണ്. ഡോക്ടർമാർ പോലും ക്യാമറകൾക്ക് മുമ്പിലിരുന്നാണ് രോഗികളെ പരിശോധിക്കുന്നത്. ഈ സമയത്തും സ്നേഹത്തോടെ അവർക്കരികിലെത്തി അവർക്ക് സാന്ത്വനവും പരിചരണവും നൽകുന്നത് നഴ്‌സുമാരാണ്.

എപ്പോഴും രോഗികൾക്കരികെയും അവരോടു ചേർന്ന് നിൽക്കുന്നതും നേഴ്‌സുമാർ തന്നെയാണ്. സ്വന്തം ആരോഗ്യം പോലും പണയംവച്ചാണ് അവർ ഈ സേവനം നിർവഹിക്കുന്നതെന്നത് എന്തുകൊണ്ട് ഭരണവർഗം മറന്നുപോകുന്നു ?

25 വയസുകഴിഞ്ഞാൽ തന്നെ ഭൂരിപക്ഷം നേഴ്സുമാരും പലവിധ രോഗങ്ങൾക്ക് വിധേയരാകുന്നു. 45 വയസിനുമുകളിൽ രോഗബാധിതരല്ലാത്ത നേഴ്‌സുമാരുടെ എണ്ണം 25 ശതമാനത്തിൽ താഴെയാണെന്നാണ് കണക്കുകൾ.

അതായത് 4 ൽ 3 പേരും രോഗികൾ തന്നെ. കാരണം രോഗങ്ങളോട് ചേർന്നുനിന്നുകൊണ്ടുള്ളതാണ് അവരുടെ ജോലി.

അതിനൊപ്പമാണ് ഉറക്കമില്ലായ്മ, കഠിനാധ്വാനം, തുടർച്ചയായ ഡ്യൂട്ടി എന്നിവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ. മാസത്തിൽ 10 ദിവസമെങ്കിലും ഓരോ നേഴ്‌സും നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. അതിനിടയ്ക്ക് പകൽ ഡ്യൂട്ടി കൂടിയാകുമ്പോൾ ഒരിക്കലും ഇവരുടെ ഉറക്കത്തിനും വിശ്രമത്തിനും ഒരുചിട്ടയും ശീലവുമില്ലെന്നതാണ് യാഥാർഥ്യ൦.

അതൊക്കെ അവരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ മാത്രം ആരും മനസിലാക്കുന്നില്ല.

പക്ഷേ ആ പരിഗണനകളൊന്നും തൊഴിൽ രംഗത്ത് അവർക്ക് ലഭിക്കാറില്ല. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രസവാവധി. മറ്റെല്ലാ മേഖലയിലും വനിതാ ജീവനക്കാർക്ക് സ്ത്രീയെന്ന പരിഗണനയിൽ 6 മാസം മുതൽ 9 മാസം വരെ അവധി ലഭിക്കുമ്പോൾ ഒൻപതാം മാസം ഗർഭിണിയായ നേഴ്‌സും ഇന്ന്, ഇപ്പോഴും ഡ്യൂട്ടി ചെയ്യേണ്ടി വരികയാണ്. അവരെന്താ സ്ത്രീകളല്ലേ ?

അതിനാൽ തന്നെ നേഴ്‌സുമാരുടെ രീതികളും നേഴ്സുമാരോടുള്ള രീതികളും മാറേണ്ടിയിരിക്കുന്നു. നേഴ്‌സുമാരുടെ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണം.

റിസ്കുള്ള തൊഴിൽ മേഖലകൾക്ക് സർക്കാർ നൽകുന്ന സംരക്ഷണവും ആനുകൂല്യങ്ങളും അതേപോലെയോ അതിലും അൽപ്പം കൂടുതലായോ നഴ്‌സുമാർക്കും അനുവദിക്കണം.

അവരുടെ ആരോഗ്യവും അവരുടെ സാമ്പത്തിക സ്ഥിതിയും സംരക്ഷിക്കാൻ തക്ക മാനദണ്ഡങ്ങൾ ഈ മേഖലയ്ക്കായി ഏർപ്പെടുത്തണം.

മഹാമാരികൾ ഇനിയും ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കണം. അതിനെയൊക്കെ നേരിടണമെങ്കിൽ അന്നും ഈ കരുതലും കാരുണ്യവും ഉറവ വറ്റാതെ അവശേഷിക്കണമെങ്കിൽ അവരുടെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും സർക്കാർ സംരക്ഷിച്ചേ മതിയാകൂ.

മാലാഖാ വിളിയും വിളക്ക് കൊളുത്തലും തൽക്കാലം അവിടെ നിൽക്കട്ടെ ! ഇവർക്കായുള്ള പായ്‌ക്കേജുകൾ നിങ്ങൾ ഉടൻ നടപ്പിലാക്കൂ. ലോകത്തിന് മാതൃകയായ മലയാളി നേഴ്സുമാരോടുള്ള കരുതലിനും കേരളം തന്നെ / ഇന്ത്യ തന്നെ മാതൃകയാകട്ടെ.

– എഡിറ്റർ

×