ഒരു പിറന്നാളിൽ നിയമനം; നിർമല മനസ്കനായി സേവനം; സാധാരണക്കാരുടെ കോൺസൽ ജനറലിന് സ്ഥാന ചലനം

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, June 29, 2020

ജിദ്ദ: ന്യൂയോർക്കിൽ ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം മിഷ്യൻ ഫസ്റ്റ് സെക്രട്ടറി പദവിയിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കെയാണ് 2016 ഫെബ്രുവരിയിൽ മണിപ്പൂർ സ്വദേശിയും 2004 ബാച്ച് ഐ എഫ് എസുകാരനുമായ മുഹമ്മദ് നൂർ റഹ്‌മാൻ ഷൈഖിന് ജിദ്ദയിൽ കോൺസൽ ജനറലായി നിയമിതനം ലഭിക്കുന്നത്.

നിയമനം സംബന്ധിച്ച വാർത്ത വന്ന ദിവസം അദ്ദേഹത്തിന് പിറന്നാളായിരുന്നു. നാല് വർഷങ്ങൾ നീണ്ട കോൺസൽ ജനറൽ പദവിയിലെ സേവനങ്ങൾക്ക് ശേഷം വരും ദിവസങ്ങളിൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് ന്യൂഡൽഹിയിലെ കേന്ദ്രവിദേശകാര്യ ആസ്ഥാനത്തേക്ക് സ്ഥാനം മാറി പോകുമ്പോൾ, അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രവാസ ദേശത്തെ ശരാശരി ഇന്ത്യൻ പ്രവാസി വിലയിരുത്തുക പിറവിയുടെ നൈർമല്യം വഴിയുന്ന സേവനം എന്നായിരിക്കും. അത്രയ്ക്കും ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ സമീപനങ്ങളും ഇടപെടലുകളും.

2012 ഏപ്രിൽ – 2015 ഒക്ടോബർ കാലയളവിൽ ജിദ്ദയിൽ ഹജ്ജ് കോൺസൽ, ഡെപ്യൂട്ടി കോൺസൽ ജനറൽ എന്നീ പദവികളിൽ സാധാരണക്കാരുടെ ഹൃദയം കവർന്ന പ്രവർത്തന ങ്ങൾക്ക് ശേഷം സ്ഥലം മാറിപ്പോയ നൂർ റഹ്‌മാൻ ഷെയ്ഖ് ഏതാനും മാസങ്ങളുടെ ഇടവേള കഴിയുന്നതോടെ ജിദ്ദയിൽ തന്നെ തിരിച്ചെത്തുകയായിരുന്നു. രണ്ടാം ടേമിലും ജിദ്ദാ കോൺസുലേറ്റിന്റെ അധികാര പരിധിയിലുള്ള പടിഞ്ഞാറ് ജിദ്ദ, തെക്ക് ജീസാൻ, വടക്ക് തബൂക്ക് ഉൾപ്പെടെയുള്ള പ്രവിശാലമായ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് അദ്ദേഹം സമ്മാനിച്ചത് ലാളിത്യവും ചടുലതയും മുദ്രയായ സ്തുത്യർഹവും കർമനിരതവുമായ അനുഭവങ്ങൾ.

ജിദ്ദ കോൺസുലേറ്റിന്റെ പ്രവർത്തന പരിധിയ്ക്ക് അകത്തുള്ള മലയാളി സമൂഹത്തിന്റെ സഹജമായ കർമാവേശത്തെ ആനന്ദഭരിതമായ മനസ്സോടെ നോക്കിക്കണ്ട മുഹമ്മദ് നൂർ റഹ്‌മാൻ തന്നെക്കൊണ്ട് ആകുന്ന വിധത്തിൽ അതിനെ പരിപോഷിപ്പിക്കുകയും ഗുണകരമായ കാര്യങ്ങൾക്കായി അവയെ ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്ന് വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളി കൂട്ടായ്മകൾ സാക്ഷ്യപ്പെടുത്തുന്നു.

ജൂൺ 2006 ൽ ജോർദാൻ തലസ്ഥാനമായ അമ്മാനിലെ ഇന്ത്യൻ എംബസിയിലായിരുന്നു മുഹമ്മദ് നൂർ റഹ്‌മാൻ ഷൈഖിൻറെ ആദ്യ ഔദ്യോഗിക നിയമനം. പിന്നീട്, 2012 ഏപ്രിൽ – 2015 ഒക്ടോബർ കാലയളവിൽ ജിദ്ദയിൽ ഹജ്ജ് കോൺസൽ, ഡെപ്യൂട്ടി കോൺസൽ ജനറൽ പദവിയിൽ അദ്ദേഹം കാഴ്ചവെച്ച ശ്രദ്ധേയമായ സേവനം പ്രവാസി ഹജ്ജ് വളണ്ടിയർമാരുടെ മാത്രമല്ല നാട്ടിൽ നിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷത്തോളം വരുന്ന ഇന്ത്യൻ ഹാജിമാരുടെയും പ്രശംസ പിടിച്ചെടുത്തിരുന്നു. 2013 ലെ സൗദിയിലെ പൊതുമാപ്പ് കാലത്തെ പ്രവാസി സന്നദ്ധ സംഘടനകളെ പ്രയോജനപ്പെടുത്തിയുള്ള പ്രവർത്തനം രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉജ്ജ്വലമായ അദ്ധ്യായമാണ്.

പിന്നീട്, ഐക്യരാഷ്ട്രസഭയിലെ പെർമനന്റ് സെക്രട്ടറി പദവിയിൽ സേവനമനുഷ്ഠിച്ചു ആയിരിക്കെയാണ് ഏതാനും മാസങ്ങളുടെ (നവംബർ 2015 – ജൂൺ 2016) ഇടവേളയ്ക്ക് ശേഷം 2016 ൽ വീണ്ടും ജിദ്ദയിൽ തിരിച്ചെത്തിയത്, കോൺസൽ ജനറൽ പദവിയിൽ.

പ്രവാസികൾ നേരിട്ട തൊഴിൽ പ്രശ്നങ്ങൾ, സ്വദേശിവത്കരണം പ്രവാസികൾക്ക് സ്വാഭാവികമായും ഉണ്ടാക്കിയ പ്രതിസന്ധികൾ, ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ ക്വാട്ട രണ്ടു ലക്ഷമായി വർധിച്ചത്, ഒടുവിൽ മഹാമാരിയുടെ അതിഭീഷണമായ സാഹചര്യം തുടങ്ങിയ വേളകളിലും വിഷയങ്ങളിലും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് ഇന്ത്യൻ പ്രവാസി ലക്ഷങ്ങൾളെ സംബന്ധിച്ചിടത്തോളം എന്തു കാര്യത്തിലുമുള്ള ആശ്രയവും നിരാശയകറ്റുന്ന ആവേശവുമായിരുന്നു.

2016 ൽ 1,36,000 ആയിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 2019 ൽ രണ്ടു ലക്ഷമായി ഉയർന്നപ്പോൾ അധിക എണ്ണം തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ നേതൃത്വപരമായ പുണ്യ പങ്കായിരുന്നു നൂർ റഹ്‌മാൻ ശൈഖിന്റെത്. സൗദിയിലെത്തുന്ന രണ്ടു ലക്ഷത്തോളം ഇന്ത്യൻ തീർത്ഥാടകരുടെ സേവനത്തിൽ സാങ്കേതിക സങ്കേതങ്ങൾ വിജയകരമായി പരീക്ഷിച്ചതും നൂർ റഹ്‌മാൻ ഷൈഖിൻറെ നേട്ടങ്ങളിൽ ഉൾപ്പെടുത്താം. ഹാജിമാർക്ക് വേണ്ടി ആപ്പുകൾ, നിത്യേനയുള്ള അപ്ഡേറ്റ്, ഫേസ്ബുക്, വാട്സാപ്പ്, ട്വിറ്റര് മുഖേനയുള്ള സംവേദനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധി കാലത്ത് 2016 ൽ ജിദ്ദ ആസ്ഥാനമായ സൗദി ഓജർ കമ്പനിയുടെ രണ്ടായിരത്തിലധികം ഇന്ത്യൻ തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിലും മികച്ച നേതൃത്വമാണ് അദ്ദേഹം വഹിച്ചത്. (മുമ്പ്, 2011 ൽ ലിബിയയിൽ നിന്ന് 15000 ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കുന്ന യത്നത്തിൽ അദ്ദേഹം പങ്കാളിയായിരുന്നു).

ഒരു യോഗാഭ്യാസി കൂടിയായ നൂർ റഹ്‌മാൻ ഷെയ്ഖ് പൊതു വേദികളിലെല്ലാം യോഗയെ കുറിച്ച് വാചാലനും അതിന് പൊതുതാല്പര്യം കൂടുതലായി നേടിയെടുക്കുന്നതിൽ തല്പരനും ആയിരുന്നു. സൗദി ഭൂമികയിൽ ഇന്ത്യയുടെ സ്വന്തമായ യോഗ എത്രയാണോ പ്രചരിച്ചിട്ടുള്ള തെങ്കിൽ അതിൽ വലിയൊരു പങ്ക് നൂർ റഹ്‌മാൻ ഷൈഖിന് അവകാശപ്പെടാം. ഇന്ന് യോഗാഭ്യാസം സൗദി അറേബ്യയിൽ ഔദ്യോഗികമായി അംഗീകാരം നേടിയെടുത്തിട്ടുണ്ട്. യോഗയിൽ പ്രശസ്തയായ സൗദി വനിത നൗഫ് അൽമർവായി ഇന്ത്യയുടെ പത്മശ്രീ പട്ടം നേടുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ, യോഗാ പ്രേമിയായ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് ഒളിഞ്ഞിരിക്കുന്നുണ്ട്.

നാല്പത് പിന്നിട്ട മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് രണ്ട് ആൺ കുട്ടികളുടെയും രണ്ട് പെൺകുട്ടികളുടെയും പിതാവാണ്. പത്നി: മെഡിക്കൽ ബിരുദധാരിണിയായ ഡോ. നസ്‌നിൻ റഹ്‌മാൻ.

ബിഹാർ സ്വദേശി ഡോ. സദർ എ. ആലം ആണ് ജിദ്ദയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ പുതിയ സ്ഥാനപതി. നിലവിൽ ഐക്യരാഷ്ട്രസഭയിലെ ഫസ്റ്റ് സെക്രട്ടറിയാണ് അദ്ദേഹം.

×