കൊറോണ വൈറസ് മനുഷ്യ ചർമത്തിൽ 9 മണിക്കൂറോളം സജീവമായി നിലനിൽക്കും, ഗവേഷകരുടെ കണ്ടുപിടുത്തം ഇങ്ങനെ

ഹെല്‍ത്ത് ഡസ്ക്
Sunday, October 18, 2020

ടോക്കിയോ: ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസ് മനുഷ്യ ചർമത്തിൽ 9 മണിക്കൂറോളം സജീവമായി നിലനിൽക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകർ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നതാണു പുതിയ റിപ്പോര്‍ട്ടെന്നും ഗവേഷകർ വിലയിരുത്തി.

കൊറോണയുമായി താരതമ്യപ്പെടുത്തുമ്പോൾ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചർമത്തിൽ 1.8 മണിക്കൂറോളമാണു നിലനിൽക്കുകയെന്നു ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ ഈ മാസം പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 9 മണിക്കൂറോളം വൈറസ് ചർമത്തിൽ തുടരുന്നതു സമ്പർക്കം വഴിയുള്ള രോഗസാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്. കൊറോണ വൈറസും ഫ്ലു വൈറസും എഥനോൾ പ്രയോഗിച്ചാൽ 15 സെക്കൻഡിനുള്ളിൽ നിർജീവമാകും.

എഥനോളാണു ഹാൻഡ് സാനിറ്റൈസറുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ചൈനയിൽ പ്രത്യക്ഷപ്പെട്ട കോവിഡ് ലോകമെമ്പാടും 40 ദശലക്ഷത്തോളം പേരെയാണു ബാധിച്ചത്.

×