കോവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന് ചികിത്സ; പരീക്ഷണത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

ഹെല്‍ത്ത് ഡസ്ക്
Tuesday, September 22, 2020

കോവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന് ചികിത്സ ഉള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള പെരുമാറ്റചട്ടത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. പരമ്പരാഗത മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് തെളിഞ്ഞാല്‍ വന്‍ തോതിലുള്ള പ്രാദേശിക ഉത്പാദനത്തിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ നല്‍കുമെന്ന് ഡബ്യുഎച്ച്ഒ ആഫ്രിക്ക റീജണല്‍ ഡയറക്ടര്‍ പ്രോസ്പര്‍ തുമുസൈം പറയുന്നു.

കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ആയുര്‍വേദ ചികിത്സാ രീതികളുടെ അടക്കം സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. ഇതാദ്യമായല്ല അലോപ്പതി മരുന്നുകള്‍ക്ക് പുറമേയുള്ള ചികിത്സ മാര്‍ഗങ്ങളുടെ സാധ്യത പകര്‍ച്ചവ്യാധികള്‍ക്ക് തേടുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എബോള പകര്‍ച്ചവ്യാധി പരമ്പരാഗത ചികിത്സ മാര്‍ഗങ്ങളുടെ ഗവേഷണ, വികസന പദ്ധതികള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടതായും ഡബ്യുഎച്ചഒ റീജണല്‍ ഡയറക്ടര്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ രോഗപ്രതിരോധം ശക്തിപ്പെടുത്താന്‍ ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാന്‍ പരമ്പരാഗത ചൈനീസ് മരുന്നുകളും ചികിത്സാ സമ്പ്രദായങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

×