രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍ ; രോഗബാധിതരില്‍ ഏറെയും 18 നും 45 നും ഇടയിലുള്ളവര്‍

ഹെല്‍ത്ത് ഡസ്ക്
Friday, September 11, 2020

ഡല്‍ഹി : രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍. രോഗം വന്നുപോയവരില്‍ കൂടുതലും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേ ഫലം ഐസിഎംആര്‍ പുറത്തുവിട്ടു.

മെയ് ആദ്യത്തോടെ രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിരിക്കാമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 18 നു 45 നു ഇടയില്‍ പ്രായമുള്ളവരില്‍ 43.3 ശതമാനം, 45-60 വയസ്സ് പ്രായമുള്ളവരില്‍ 39.5 ശതമാനം, 60 നു മുകളില്‍ പ്രായമുള്ളവരില്‍ 17.2 ശതമാനം എന്നിങ്ങനെ രോഗബാധിതരായിട്ടുണ്ടാകുമെന്നാണ് സര്‍വേ ഫലം പറയുന്നത്.

ആകെ ജനസംഖ്യയുടെ 0.73 ശതമാനം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാം. മെയ് 11 നും ജൂണ്‍ നാലിനും ഇടയിലാണ് ഐസിഎംആര്‍ സര്‍വേ നടത്തിയത്. 21 സംസ്ഥാനങ്ങളിലായി 28,000 പേരിലാണ് സര്‍വേ നടത്തിയത്.

70 ജില്ലകളിലായി 700 ക്ലസ്റ്ററുകളില്‍ നിന്ന് നാല് വിഭാഗങ്ങളിലായി 30,283 വീടുകള്‍ സംഘം സന്ദര്‍ശിച്ചു. സെറോ പോസിറ്റിവിറ്റിയുടെ ഇപ്പോഴത്തെ കണ്ടെത്തലുകള്‍ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

×