കോവിഡ് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി; പത്തു മിനിറ്റിനുള്ളിൽ ഹോസ്റ്റൽ വിട്ട് ഇറങ്ങണമെന്ന് വാർഡൻ നിർദ്ദേശിച്ചതായി പെൺകുട്ടി

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, October 18, 2020

കൊച്ചി: കോവിഡ് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതായി പരാതി. എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതായാണ് പരാതി. കോവിഡ് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെയാണ് എറണാകുളത്തെ ഷേണായിസ് റോഡിലെ വനിതാ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്.

പത്തു മിനിറ്റിനുള്ളിൽ ഹോസ്റ്റൽ വിട്ട് ഇറങ്ങണമെന്ന് വാർഡൻ നിർദ്ദേശിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നു. ഹോം ക്വാറന്റീനിൽ കഴിഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു ഹോസ്റ്റൽ അധികൃതരുടെ നടപടി. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ആണ് പെൺകുട്ടി ജോലി ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ കഴിയാതെ വന്നതോടെ പെൺകുട്ടി പെയ്ഡ് ക്വാറന്റീനിൽ മാറി.

പരിശോധനാഫലം നെഗറ്റീവ് ആയതിനു ശേഷം ഇക്കാര്യം ഹോസ്റ്റൽ അധികൃതരെ വിളിച്ച് അറിയിച്ചിരുന്നുവെന്നും മടങ്ങിവരാൻ ഹോസ്റ്റൽ അധികൃതർ പറഞ്ഞതായും പെൺകുട്ടി പറയുന്നു. എന്നാൽ, മടങ്ങിയെത്തിയ പെൺകുട്ടിയോട് ഹോം ക്വാറന്റീനിൽ കഴിയാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങണം എന്ന് ഹോസ്റ്റൽ വാർഡൻ ആവശ്യപ്പെട്ടു.

പരിശോധനാഫലം നെഗറ്റീവ് ആയത്തിനു ശേഷം ഏഴുദിവസത്തെ ക്വാറന്റീനും കഴിഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ മടങ്ങിയെത്തിയത്. ഹോസ്റ്റൽ അധികൃതര്‍ക്ക് എതിരെ പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് എറണാകുളം എസിപി ലാൽജി പറഞ്ഞു.

×